കെ. ഷിന്റുലാല്‍
കോഴിക്കോട്: സംസ്ഥാനത്ത് ഏറെ വിവാദമുയര്‍ത്തിയ പന്തീരാങ്കാവ് മാവോയിസ്റ്റ് കേസിലെ മുഖ്യപ്രതി കാടുകയറിയിട്ടില്ലെന്ന് ദേശീയ അന്വേഷണ ഏജന്‍സി (എന്‍ഐഎ).
മാവോയിസ്റ്റ് സംഘടനയുടെ മികച്ച കേഡറെന്ന് അറിയപ്പെടുന്ന പാണ്ടിക്കാട് സ്വദേശിയായ ചെമ്പ്രശേരി മേലേതില്‍ സി.പി. ഉസ്മാനാണ് ഇപ്പോഴും നഗര മേഖലയില്‍ ഒളിവില്‍ കഴിയുന്നത്.
കേന്ദ്രരഹസ്യാന്വേഷണ വിഭാഗം (ഐബി), ആന്റി ടെററിസ്റ്റ് സ്ക്വാഡ് (എടിഎസ്), സംസ്ഥാന രഹസ്യാന്വേഷണ വിഭാഗം എന്നീ ഏജന്‍സികളും ഉസ്മാന്റെ സാന്നിധ്യം കാടുകളിലെല്ലന്നാണ് കണ്ടെത്തിയത്.
വനത്തിനുള്ളിലെ മാവോയിസ്റ്റുകള്ക്കൊപ്പമില്ലാത്ത ഉസ്മാന് കേരളത്തിലെ തന്നെ ഏതെങ്കിലും മാവോയിസ്റ്റ് അനുകൂല സംഘടനാ പ്രവര്‍ത്തകരുടെ ഒപ്പമുണ്ടെന്ന നിഗമനത്തിലാണ് എന്‍ഐഎ. ഉസ്മാന് വേണ്ടി എല്ലാ ജില്ലകളിലും ഊര്‍ജ്ജിതമായ പരിശോധന ആരംഭിച്ചതായും ഉടന്‍ പിടികൂടാന്‍ സാധിക്കുമെന്നും എന്‍ഐഎ ഉദ്യോഗസ്ഥര്‍ അറിയിച്ചു.
നഗരമാവോയിസ്റ്റുകളെ വാര്‍ത്തെടുക്കുകയെന്ന ദൗത്യമാണ് ഉസ്മാനുള്ളത്. അടുത്തിടെ ദീര്‍ഘകാലമായി തിരയുന്ന മാവോയിസ്റ്റ് നേതാവ് രാജന് ചിറ്റിലപ്പിള്ളിയും കണ്ണൂര്‍ സ്വദേശി ടി.കെ.രാജീവനും പിടിയിലായതോടെ നഗര മാവോയിസ്റ്റുകളുടെ പ്രവര്‍ത്തനങ്ങള്‍ തടയാനായിട്ടുണ്ട്.
ഇതിനുശേഷം ഉസ്മാന് പൂര്‍ണമായും ഒളിയിടത്തിലൊതുങ്ങിയതായും എന്‍ഐഎ അറിയിച്ചു. തൃശൂര്‍ , വയനാട്, മലപ്പുറം ജില്ലകളിലായി ഉസ്മാന്റെ പേരില്‍ അഞ്ച് യുഎപിഎ കേസുകളുണ്ടെങ്കിലും എവിടെയാണെന്നത് ഇപ്പോഴും അവ്യക്തമാണ്.
പന്തീരാങ്കാവ് മാവോയിസ്റ്റ് കേസില്‍ അലന്ഷുഹൈബിനും താഹാ ഫസലിനുമെതിരേയുള്ള നിര്‍ണായക തെളിവാണ് ഉസ്മാന്. ഉസ്മാനെ കണ്ടെത്തിയാല്‍ ഇരുവര്‍ക്കും മാവോയിസ്റ്റ് സംഘടനയുമായുള്ള ബന്ധത്തിന് കൂടുതല്‍ തെളിവുണ്ടാവുമെന്നും എന്‍ഐഎ അറിയിച്ചു.
അര്‍ബൻ മാവോയിസ്റ്റുകളെ രൂപപ്പെടുത്താനും അവരുടെ പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കാനുമുള്ള ചുമതല ഉസ്മാനായിരുന്നു. വിദ്യാര്‍ഥികളെ ഉള്‍പ്പെടെ മാവോയിസ്റ്റ് ആശയങ്ങളിലേക്ക് ആകൃഷ്ടരാക്കുന്നതിന് പിന്നില്‍ ഉസ്മാന്റെ പങ്ക് വലുതാണെന്നാണ് അന്വേഷണസംഘങ്ങള്‍ക്ക് ലഭിച്ച വിവരം.
മുഖ്യധാരാ രാഷ്ട്രീയ പാര്‍ട്ടികളില്‍ വരെ ഉസ്മാന്റെ നിര്‍ദേശാനുസരണം പ്രവര്‍ത്തിക്കുന്ന യുവാക്കളുണ്ടെന്ന് നേരത്തെ തന്നെ അന്വേഷണസംഘത്തിന് വിവരം ലഭിച്ചിട്ടുണ്ട്. എന്നാല്‍ മാവോയിസ്റ്റ് ബന്ധത്തിന് തെളിവില്ലാത്തതിനാല്‍ ഇവരെ അറസ്റ്റ് ചെയ്തിരുന്നില്ല.
അതേസമയം ഇവര്‍ ഇപ്പോഴും നിരീക്ഷണത്തിലാണ്. പോരാട്ടം പ്രവര്‍ത്തകനായി അറിയപ്പെടുന്ന ഉസ്മാനെതിരെയുള്ള കേസുകളെല്ലാം യുഎപിഎ ചുമത്തിയിട്ടുള്ളതാണ്.
2016 ഫെബ്രുവരി 26 ന് സഹോദരിയുടെ വീട്ടില്‍വച്ചാണ് ഉസ്മാന് പോലീസിന്റെ പിടിയിലായത്. മഞ്ചേരി, കണ്ണൂര്‍ സെന്‍ട്രല്‍ ജയിലുകളില്‍ കിടന്ന ഉസ്മാന് ജാമ്യത്തിലിറങ്ങിയശേഷം പിന്നീട് ഒളിവില്‍ പോവുകയായിരുന്നു.
കേരള-കര്‍ണാടക-തമിഴ്നാട് അതിര്‍ത്തി വനമേഖലയില്‍ കഴിയുന്ന മാവോയിസ്റ്റുകള്‍ക്ക് ആവശ്യമായ വസ്തുക്കള്‍ എത്തിച്ചുകൊടുക്കുന്ന ചുമതലയും ഉസ്മാനായിരുന്നു.