തിരുവനന്തപുരം: സമൂഹമാധ്യമങ്ങളിലൂടെ തന്നെ അപമാനിക്കുന്നുവെന്ന് ചൂണ്ടിക്കാട്ടി ഖത്തർ പ്രവാസിയും ഇൻകാസ് സംഘടന നേതാവുമായ കെ.കെ. ഉസ്മാൻ മുഖ്യമന്ത്രിക്ക് പരാതി നൽകി. സമൂഹ മാധ്യമങ്ങളിൽ തനിക്കെതിരെയുള്ള ട്രോളുകൾ വ്യാപകമായതോടെയാണ് ഉസ്മാൻ പരാതി നൽകിയത്.
പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല കോവിഡുമായി ബന്ധപ്പെട്ട് പ്രവാസി സംഘടന നേതാക്കളെ വിളിക്കുന്ന വീഡിയോ ദൃശ്യം പുറത്തു വന്നതിനുശേഷം ഉസ്മാനെ പരിഹസിക്കുന്ന രീതിയിൽ നിരവധി പോസ്റ്റുകളാണ് സമൂഹമാധ്യമങ്ങളിൽ പ്രത്യക്ഷപ്പെട്ടത്. ഈ പശ്ചാത്തലത്തിലാണ് പരാതി.
ഖത്തറിലെ കോണ്ഗ്രസ് അനുകൂല പ്രവാസി സംഘടനയായ ഇൻകാസിന്റെ സ്ഥാപക നേതാവായ ഉസ്മാൻ വർഷങ്ങളായി ഖത്തറിൽ ജോലിചെയ്യുന്നയാളാണ്. തന്നെ രമേശ് ചെന്നിത്തല ഫോണിൽ വിളിച്ചിരുന്നുവെന്നും അതിന്റെ രേഖകൾ ഹാജരാക്കാൻ തയാറാണെന്നും ഉസ്മാൻ നേരത്തെ തന്നെ വ്യക്തമാക്കി.
ഖത്തറിൽനിന്നു നെടുന്പാശേരിയിലേക്കു പുറപ്പെട്ട ആദ്യ വിമാനത്തിൽ ഉസ്മാൻ നാട്ടിലെത്തിയിരുന്നു. അദ്ദേഹത്തോടൊപ്പം ഗർഭിണിയായ മകളും എത്തിയിട്ടുണ്ട്.