ലോസ് ഏഞ്ചൽസ്: നല്ല വിലയുള്ളതാണെങ്കിൽ മോഷ്ടിക്കുന്ന മുതലിന്റെ വലിപ്പമൊന്നും കവർച്ചക്കാർക്കു പ്രശ്നമല്ല. എവിടെയാണ് അത് ഇരിക്കുന്നതെന്നതും കാര്യമാക്കാറില്ല. കക്കാൻ തീരുമാനിച്ചാൽ കട്ടിരിക്കും!
ലോസ് ഏഞ്ചൽസിലെ ഒരു മോഷ്ടാവ് കവർന്നത് 114 കിലോഗ്രാം ഭാരമുള്ള ഒരു പ്രതിമയാണ്. ബെവർലി ഗ്രോവിലെ ബറകത്ത് ഗാലറിയിൽനിന്ന് ഇഷ്ടൻ ഒറ്റയ്ക്കുതന്നെ അത് പൊക്കിക്കൊണ്ടുപോകുകയായിരുന്നു.
നൂറ്റാണ്ടുകൾ പഴക്കമുള്ള ആ ജാപ്പനീസ് വെങ്കല ബുദ്ധ പ്രതിമയുടെ വിലയാകട്ടെ 12.5 കോടി രൂപ.
മോഷണം ഏതായാലും സിസിടിവിയില്‍ പതിഞ്ഞു. പ്രവേശന കവാടം തകർത്ത് ഒരാള്‍ പ്രതിമ ട്രക്കിലേക്ക് കയറ്റുന്നതിന്റെ ദൃശ്യങ്ങളാണ് സിസിടിവി കാമറയിലുള്ളത്. വെറും 25 മിനിറ്റിനുള്ളില്‍ പ്രതിമയുമായി മോഷ്ടാവ് കടന്നു.
ഈ മാസം 18ന് നടന്ന കവർച്ചയുടെ ദൃശ്യങ്ങൾ ലഭിച്ചെങ്കിലും പ്രതിമയെക്കുറിച്ച് ഇതുവരെ വിവരമൊന്നുമില്ല. പെട്ടെന്നു വിൽക്കാനോ ഒളിക്കാനോ കഴിയാത്ത പ്രതിമ കണ്ടെത്താൻ കഴിയാത്തത് അമേരിക്കൻ പോലീസിനു നാണക്കേടുമായി.
ഏകദേശം നാലടി ഉയരമുള്ള, കിരീടധാരിയായ, പ്രഭാവലയമുള്ള, ഇരിക്കുന്ന വിധത്തിലുള്ളതാണു മോഷ്ടിക്കപ്പെട്ട ബുദ്ധപ്രതിമ. ഇടതുകൈയുടെ ചൂണ്ടുവിരൽ വലതുവശത്തെ അഞ്ച് വിരലുകളാൽ ബന്ധിക്കപ്പെട്ട രീതിയിലുള്ള ഇതുപോലൊരു ബുദ്ധപ്രതിമ മറ്റൊന്നില്ല. 1603-1867 കാലഘട്ടത്തിലാണ് ഈ പ്രതിമ നിര്‍മിക്കപ്പെട്ടതെന്നു കരുതുന്നു.