വാഷിംഗ്ടണ്‍: ഇന്ത്യൻ വംശജനായ ടെക്കിയെയും കുടുംബത്തെയും അമേരിക്കയിൽ വീടിനുള്ളിൽ വെടിയേറ്റു കൊല്ലപ്പെട്ട നിലയിൽ സംഭവത്തിൽ പുറത്തുനിന്നുള്ള ഇടപെടലുണ്ടായിട്ടില്ലെന്ന് പോലീസ്. ചന്ദ്രശേഖർ ശങ്കര ജീവനൊടുക്കുകയായിരുന്നെന്നു പോലീസ് സ്ഥിരീകരിച്ചു.
പോസ്റ്റ്മോർട്ടം റിപ്പോർട്ട് പരിശോധിച്ചശേഷമാണ് പോലീസ് നിഗമനത്തിലേക്ക് എത്തിയത്. മറ്റുള്ള മൂന്നു പേരുടെയും മരണം കൊലപാതകമാണെന്നു വെസ്റ്റ് ദേസ് മോയിൻസ് പോലീസ് പറയുന്പോഴും പുറത്തുനിന്നുള്ള ഇടപെടൽ ഉണ്ടായിട്ടില്ല എന്ന നിലപാടിലാണ്. ഇവരുടെ മൂന്നു പേരുടെയും കൊലയാളിയെ പോലീസ് വെളിപ്പെടുത്തിയിട്ടില്ല.
ഇന്ത്യൻ-അമേരിക്കൻ ഐടി പ്രഫഷണലായ ചന്ദ്രശേഖർ ശങ്കര, ഭാര്യ ലാവണ്യ, 15, 10 എന്നിങ്ങനെ പ്രായമുള്ള കുട്ടികൾ എന്നിവരുടെ മൃതദേഹങ്ങളാണ് ശനിയാഴ്ച അയോവയിലെ വീട്ടിൽ കണ്ടെത്തിയത്.
ചന്ദ്ര എന്നറിയപ്പെടുന്ന ചന്ദ്രശേഖർ ആന്ധ്രാപ്രദേശ് സ്വദേശിയാണ്. അയോവ പബ്ളിക് സേഫ്റ്റി വകുപ്പിന്റെ കീഴിലുള്ള ടെക്നോളജി സർവീസസ് ബ്യൂറോയിലെ ഐടി ജീവനക്കാരനാണ് ചന്ദ്രശേഖർ. ഇക്കഴിഞ്ഞ ഏപ്രിലിലാണ് ചന്ദ്രശേഖറിന് തോക്ക് കൈവശം വയ്ക്കുന്നതിനുള്ള ലൈസൻസ് ലഭിച്ചത്.