കണ്ണൂർ: മതത്തിന്റെ പേരിൽ രാജ്യത്ത് പക വളർത്തുകയാണെന്ന് സരോദ് വാദകൻ ഉസ്താദ് അംജദ് അലിഖാൻ. കണ്ണൂർ ഗസ്റ്റ് ഹൗസിൽ നടത്തിയ പത്രസമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
കെട്ടിച്ചമച്ച കഥകളുമായി പാവപ്പെട്ട വിശ്വാസികളെ ചൂഷണം ചെയ്യുകയാണ്. മതത്തെച്ചൊല്ലി പക വളർത്താതെ എല്ലാ മതങ്ങളെയും ബഹുമാനിക്കാനാണ് കുട്ടികളെ പഠിപ്പിക്കേണ്ടത്.
കുട്ടികളിൽ ദയയും മനുഷ്യത്വവും വളർത്താൻ രക്ഷിതാക്കളും അധ്യാപകരും പ്രത്യേകം ശ്രദ്ധിക്കണം. പാഠഭാഗങ്ങൾ മാത്രം പഠിപ്പിക്കാതെ ഇത്തരം കാര്യങ്ങളിലും ശ്രദ്ധചെലുത്തണം. കുട്ടികൾ പലരും പഠിച്ച് ജോലിക്കായി വിദേശത്തേക്ക് പോകുകയാണ്.
വൃദ്ധരായ മാതാപിതാക്കൾ ഒറ്റപ്പെട്ടു പോകുന്നു. ഇതിനൊക്കെയൊരു മാറ്റം വേണം. അതിനായി മനുഷ്യത്വവും അനുകമ്പയും കുട്ടികളിൽ പഠനത്തോടൊപ്പം വളർത്താനുള്ള വിദ്യാഭ്യാസരീതി നാം അവലംബിക്കണമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
പത്രസമ്മേളനത്തിൽ പിണറായി പെരുമ ഫെസ്റ്റിവൽ ഡയറക്ടർ സൂര്യ കൃഷ്ണമൂർത്തി, ജനറൽ കൺവീനർ വി. പ്രദീപൻ, കെ.യു. ബാലകൃഷ്ണൻ, ടി. സുധീർ, പി. എം. അഖിൽ എന്നിവരും പങ്കെടുത്തു.