ഇരിട്ടി(കണ്ണൂർ): തന്റെ അടുത്ത് പഠനത്തിനായി വരുന്ന വിദ്യാർഥികളെ വരുതിയിലാക്കി വീടുകളിൽ നിന്ന് സ്വർണാഭരണങ്ങൾ അടിച്ചു മാറ്റുന്ന ഉസ്താദിനെതിരേ കൂടുതൽ പരാതികൾ.
12 പവൻ സ്വർണാഭരങ്ങളാണ് ഇതുവരെ നഷ്ടപ്പെട്ടതായി കണ്ടെത്തിയിരിക്കുന്നത്. നാല് പരാതികളാണ് ഉസ്താദിനെതിരേ ലഭിച്ചിരിക്കുന്നത്.
മതപഠനത്തിനെത്തുന്ന കുട്ടികളെ പ്രലോഭിപ്പിച്ചും ഭയപ്പെടുത്തിയും മർദ്ദിച്ചും വീടുകളിൽ നിന്ന് സ്വർണാഭരണങ്ങൾ വരുത്തി തട്ടിയെടുത്തെന്ന പരാതിയിൽ അബ്ദുൾകരീമിനെതിരേ (50) യാണ് ഉളിക്കൽ പോലീസ് കേസെടുത്തിരിക്കുന്നത്.
ഒരു പരാതിയിൽ കേസെടുത്തതോടെ നിരവധി പരാതികളാണ് ലഭിച്ചിരിക്കുന്നത്. നാല് വർഷത്തിലധികമായി ഇയാൾ നുച്യാട് കേന്ദ്രീകരിച്ചാണ് തട്ടിപ്പ് നടത്തിയതെന്നാണ് പരാതി. ഉളിക്കൽ എസ്ഐ കെ.വി. നിഷിത്തിന്റെ നേതൃത്വത്തിലാണ് അന്വേഷണം നടക്കുന്നത്.
സ്വർണം തന്നാൽ കുട്ടികൾക്ക് ദിവ്യാത്ഭുത ശേഷിയുണ്ടാവുമെന്നും ദൈവത്തെ നേരിൽ കാണാമെന്നുമൊക്കെ പറഞ്ഞ് ബോധ്യപ്പെടുത്തിയാണ് കബളിക്കൽ നടന്നതെന്ന് ഉളിക്കൽ പോലീസിൽ ലഭിച്ച പരാതികളിലുണ്ട്.
രക്ഷിതാക്കളോട് പറഞ്ഞാൽ കുട്ടികളുടെ തല പൊട്ടി തെറിക്കുമെന്നും പറഞ്ഞിരുന്നു .ഇത്തരത്തിൽ സ്വർണാഭരണങ്ങൾ വീടുകളിൽ നിന്ന് നഷ്ടപ്പെട്ടവർ നൂറിലധികം പേരുണ്ടെന്ന് കബളിപ്പിക്കപ്പെട്ടവർ പറഞ്ഞു. പലരും മാനഹാനി ഭയന്ന് പരാതിപ്പെടാൻ തയാറാവാത്ത നിലയുണ്ട്.
ആഭരണങ്ങൾ എത്തിക്കാത്ത കുട്ടികളെ പേടിപ്പിച്ചും മർദ്ദിച്ചും വരുതിയിൽ നിർത്തിയതായും ആക്ഷേപമുണ്ട്. ഒരാഴ്ച മുമ്പ് ഒരു വീട്ടിൽ നിന്ന് അഞ്ച് പവൻ സ്വർണമാല നഷ്ടപ്പെട്ടതാണ് പരാതി പ്രവാഹത്തിനിടയാക്കിയത്.
വീട്ടിൽ മറ്റാരും വന്നിരുന്നില്ല. സ്വർണം നഷ്ടപ്പെട്ട വിവരം മദ്രസാ അധ്യാപകനെ തന്നെ അറിയിച്ചതോടെ വെട്ടിപ്പിനെക്കുറിച്ച് സൂചന കിട്ടാനിടയാക്കിയത്. ആഭരണം വീട്ടിൽ തന്നെയുണ്ടെന്നും താൻ വന്ന് നേരിട്ട് എടുത്ത് തരാമെന്നും അധ്യാപകൻ അറിയിച്ചു.
വീട്ടിലെത്തിയ ഇയാൾ മറ്റുള്ളവരെ കൊണ്ട് കണ്ണടപ്പിച്ച് മറ്റൊരു പെൺകുട്ടിയുടെ കൺമുന്നിൽ ആഭരണം കാട്ടിക്കൊടുത്തു. പെൺകുട്ടിക്ക് ചെകുത്താന്റെ ഉപദ്രവമുണ്ടെന്നും സൂക്ഷിക്കണമെന്നും ഉപദേശിച്ചതോടെയാണ് വീട്ടുകാർക്കുൾപ്പെടെ സംശയം ബലപ്പെട്ടത്. തുടർന്ന് പോലീസിൽ പരാതിപ്പെട്ടു. അബ്ദുൾകരീം ഒളിവിലാണെന്ന് എസ്ഐ പറഞ്ഞു. .