തിരുവനന്തപുരം: വയറുവേദനയുമായെത്തിയ യുവതിയുടെ വയറ്റില്‍നിന്നു 10 കിലോഗ്രാമിലേറെ ഭാരമുള്ള മുഴ നീക്കം ചെയ്ത് കോഴിക്കോട് മെഡിക്കല്‍ കോളജ്. മലപ്പുറം മൂന്നിയൂര്‍ സ്വദേശിയായ നാൽപ്പത്തിമൂന്നുകാരിക്കാണ് മെഡിക്കല്‍ കോളജ് ഗൈനക്കോളജി വിഭാഗത്തിന്റെ നേതൃത്വത്തില്‍ സങ്കീര്‍ണ ശസ്ത്രക്രിയ നടത്തി ഗര്‍ഭാശയമുഴ നീക്കം ചെയ്തത്.
36 സെന്റിമീറ്റര്‍ നീളവും 33 സെന്റിമീറ്റര്‍ വീതിയുമുള്ള ഗര്‍ഭാശയമുഴ മൂന്ന് മണിക്കൂര്‍ നീണ്ട ശസ്ത്രക്രിയയിലൂടെയാണു നീക്കം ചെയ്തത്. ശസ്ത്രക്രിയ കഴിഞ്ഞ് തീവ്രപരിചരണത്തില്‍ കഴിയുന്ന യുവതിയുടെ ആരോഗ്യനില തൃപ്തികരമാണ്.
ഒരാഴ്ച മുമ്പ് വയറുവേദനയുമായാണ് യുവതി കോഴിക്കോട് മെഡിക്കല്‍ കോളജ് ഗൈനക്കോളജി വിഭാഗത്തില്‍ ചികിത്സയ്ക്കെത്തിയത്. വയർ വീർത്തതൊഴികെ മറ്റ് രോഗലക്ഷണങ്ങളൊന്നും കണ്ടില്ല. അള്‍ട്രാസൗണ്ട്, എംആര്‍ഐ സ്കാനിംഗ് തുടങ്ങിയ പരിശോധനകളിലാണ് ഗര്ഭാശയമുഴയാണെന്നു സ്ഥിരീകരിച്ചത്.
രക്തയോട്ടം കൂടുതലുള്ള മുഴയായതിനാല്‍ അതീവ സങ്കീര്‍ണമായിരുന്നു ശസ്ത്രക്രിയ. രക്തസ്രാവം ഉണ്ടാകാതിരിക്കാന്‍ ഗര്‍ഭാശയത്തിലേക്കുള്ള രക്തക്കുഴലുകള്‍ ശസ്ത്രക്രിയയുടെ തുടക്കത്തില്‍തന്നെ തുന്നിച്ചേര്‍ത്തിരുന്നു. രക്തസ്രാവമുണ്ടാകാനുള്ള സാധ്യത മുന്നില്‍ കണ്ട് രക്തം ശേഖരിച്ചു വച്ചിരുന്നെങ്കിലും നല്‍കേണ്ടിവന്നില്ല. ശസ്ത്രക്രിയ പൂര്‍ണ വിജയമായിരുന്നു.
ഗൈനക്കോളജി വിഭാഗം കാന്‍സര്‍ സ്പെഷലിസ്റ്റ് ഡോ. സന്തോഷ് കുര്യാക്കോസ്, ഡോ. അമ്മു മോഹന്‍, ഡോ. ഐശ്വര്യ ഗൗതം, ഡോ. അഞ്ജന, അനസ്ത്യേഷ്യ വിഭാഗം ഡോ. ബിനു സാജിദ്, ഡോ. സോനു എസ്.എ., സ്റ്റാഫ് നഴ്സ് സരിത സി.എസ്., സിജിമോള്‍ ജോര്‍ജ്, നഴ്സിംഗ് അസിസ്റ്റന്റ് അശോകന് വി.കെ. എന്നിവരടങ്ങിയ സംഘമാണ് ശസ്ത്രക്രിയ നടത്തിയത്. ഗൈനക്കോളജി വിഭാഗം മേധാവി ഡോ. ജ്യോതി രമേശ് ചന്ദ്രന് ശസ്ത്രക്രിയയ്ക്ക് മേല്‍നോട്ടം വഹിച്ചു.ശസ്ത്രക്രിയയ്ക്ക് നേതൃത്വം നല്കിയ മുഴുവന്‍ ടീമിനെയും ആരോഗ്യമന്ത്രി വീണാ ജോര്‍ജ് അഭിനന്ദിച്ചു.