ചാത്തന്നൂർ: സംസ്ഥാനഭാഗ്യക്കുറിയുടെ അക്ഷയ നറുക്കെടുപ്പിൽ ഒന്നാം സമ്മാനം ബംഗാൾ സ്വദേശിയായ തൊഴിലാളിക്ക്. ഒന്നാം സമ്മാനമായ 70 ലക്ഷം രൂപയുടെ ഭാഗ്യം കടാക്ഷിച്ചപ്പോൾ നേരേ എത്തിയത് പോലീസ് സ്റ്റേഷനിലേക്ക്.
പോലീസ് സഹായത്തോടെ എസ് ബി ഐ യുടെ ചാത്തന്നൂർ ശാഖയിൽ ടിക്കറ്റ് ഹാജരാക്കി. പശ്ചിമ ബംഗാൾ കുച്ച്ബീഹാർ ബാരാ ഹാൽഡിബാരി സ്വദേശിയായ ഉത്തം ബർമാനാ (45) ണ് 572-ാം നമ്പർഅക്ഷയ ഭാഗ്യക്കുറിയുടെ ഒന്നാം സമ്മാനം നേടിയത്.
എ. എക്സ് 1708 14 എന്ന നമ്പരിനാണ് 70 ലക്ഷം രൂപ. നിർമാണതൊഴിലാളിയായ ഉത്തം ബർമൻ അഞ്ച് വർഷം മുമ്പാണ് ചാത്തന്നൂരിൽ ജോലി തേടി എത്തിയത്.
പണിക്ക് പോയി തിരിച്ചുവരുമ്പോൾ ചാത്തന്നൂരിലെ വഴിയോരത്ത് നടന്ന് ഭാഗ്യക്കുറി ടിക്കറ്റ് വിലക്കുന്ന ഒരു സ്ത്രീയുടെ കൈയിൽ നിന്നാണ് ടിക്കറ്റ് വാങ്ങിയത്.
വൈകുനന്നേരം താമസ സ്ഥലത്തെത്തി ഭാഗ്യക്കുറിയുടെ ഫലം നോക്കിയെങ്കിലും ഒന്നാം സമ്മാനം കിട്ടിയ വിവരമറിഞ്ഞില്ല. ആശ്വാസ സമ്മാനങ്ങളുടെ നമ്പരുകളാണ് നോക്കിയത്.
ബുധനാഴ്ചരാവിലെ ജോലിക്ക്പോകാനായി ചാത്തന്നൂർ ജംഗ്ഷനിൽ എത്തിയപ്പോൾ സുഹൃത്തുമായി ചേർന്ന് ഒന്നുകൂടി ലോട്ടറി ഫലം നോക്കിയപ്പോഴാണ് ഒന്നാം സമ്മാനം കിട്ടിയത് അറിയുന്നത്.
ഉടൻ തന്നെ സുഹൃത്തും നാട്ടുകാരനുമായ രഞ്ജിത് റോയിയുമായി ചാത്തന്നൂർ പോലീസ് സ്റ്റേഷനിലെത്തി. വിവരം അറിയിച്ച് സഹായം തേടി.
സബ് ഇൻസ്പെക്ടർ ആശാ വിരേഖ ടിക്കറ്റ് ഒത്തുനോക്കി. ഒന്നാം സമ്മാനം ഉറപ്പാക്കിയശേഷം ഇവരെ പോലീസ്സ്റ്റേഷനിൽ നിൽക്കാൻ ഉപദേശിച്ചു.
എസ്ബിഐ ബാങ്ക് ശാഖ തുറന്നപ്പോൾ ഇവരെ പോലീസ് അവിടെ എത്തിച്ച് ശാഖാ ചീഫ് മാനേജർ ഒ.ബി. ഷിബി യെ ടിക്കറ്റ് ഏല്പിച്ചു. നടപടിക്രമങ്ങൾക്ക് പോലീസ് സഹായങ്ങളും ചെയ്തു കൊടുത്തു.
ചാത്തന്നൂർ എൻഎസ്എസ് സ്കൂളിന് സമീപമാണ് കഴിഞ്ഞ അഞ്ചു വർഷമായി ഉത്തംബർമാൻ താമസിക്കുന്നത്. ഭാര്യയായ സർപ്പ ബർമാനും മക്കളായ മേഘ്നയും ബിട്ടുവും ബംഗാളിലാണ്. നാട്ടിലെ കൊച്ചുവീട് പുതുക്കിപണിയണമെന്നും കുറച്ചു വസ്തു കൂടി വാങ്ങണമെന്നുമാണ് ആഗ്രഹം.
ബാക്കി തുക കുട്ടികളുടെ പഠനത്തിന് വിനിയോഗിക്കുമെന്നും ഉത്തം ബർമാൻ പറഞ്ഞു.