തിരുവനന്തപുരം: പത്തു വയസുകാരനെ പീഡിപ്പിച്ച കേസിൽ പ്രതിയായ കടകംപള്ളി അണമുഖം ഉഭരോമ വീട്ടിൽ ഉത്തമൻ (67) നെ എട്ടു വർഷം കഠിന തടവും അന്പതിനായിരം രൂപ പിഴയും തിരുവനന്തപുരം അതിവേഗ സ്പെഷൽ കോടതി ശിക്ഷിച്ചു.
പിഴ അടച്ചില്ലെങ്കിൽ ആറു മാസം കൂടുതൽ തടവ് അനുഭവിക്കണമെന്നും ജഡ്ജി ആർ. ജയകൃഷ്ണൻ വിധിന്യായത്തിൽ പറഞ്ഞു. 2015 മാർച്ച് 13 നാണ് കേസിനാസ്പദമായ സംഭവം നടന്നത്.
കുമാരപുരത്ത് ഉഭരോമ എന്ന പേരിൽ പ്രതി കട നടത്തുകയായിരുന്നു. കടയിൽ പുസ്തകം വാങ്ങാൻ ചെന്ന അഞ്ചാം ക്ലാസുകാരനായ കുട്ടിയെ പീഡിപ്പിക്കുകയായിരുന്നു.
പുറത്തു പറഞ്ഞാൽ കൊന്നു കളയുമെന്നു ഭീഷണിപ്പെടുത്തി. സംഭവത്തിൽ ഭയന്നു പോയ കുട്ടി വീട്ടുകാരോടു സംഭവത്തേക്കുറിച്ചു പറഞ്ഞില്ല.
കുട്ടി വിഷമിച്ചിരിക്കുന്നതു കണ്ട് വീട്ടുകാർ ചോദിച്ചപ്പോഴാണ് സംഭവം അമ്മയോടു പറഞ്ഞത്.വീട്ടുകാർ മെഡിക്കൽ കോളജ് പോലീസിൽ പരാതി നൽകിയതിനെ തുടർന്ന് പ്രതിയെ അറസ്റ്റ് ചെയ്തു.
പിഴ തുകയ്ക്കു പുറമേ കുട്ടിക്ക് സർക്കാർ നഷ്ടപരിഹാരം നൽകണമെന്നും വിധിയിലുണ്ട്. പ്രോസിക്യൂഷനു വേണ്ടി സ്പെഷൽ പബ്ലിക് പ്രോസിക്യൂട്ടർ ആർ.എസ്. വിജയ് മോഹൻ ഹാജരായി.