ലെനിൻ രാജേന്ദ്രൻ സംവിധാനം ചെയ്ത ഇടവപ്പാതി എന്ന ചിത്രത്തിലുടെ അഭിനയരംഗത്തെത്തിയ ഉത്തര ഉണ്ണി പുതിയ ചുവടുവയ്പ്പ് നടത്തിയിരിക്കുകയാണ്. അഭിനയത്തിന് പുറമെ സംവിധാനം ചെയ്തുകൊണ്ടാണ് ഉത്തര ഉണ്ണി ഇപ്പോൾ സിനിമയിൽ സജീവമായിരിക്കുന്നത്. ഉത്തര സംവിധാനം ചെയ്ത ഹൃസ്വചിത്രം കഴിഞ്ഞ ദിവസം കൊച്ചിയിൽ പുറത്തിറക്കി. നടൻ സിദ്ദിഖാണ് ചിത്രത്തിലഭിനയിച്ചിരിക്കുന്നത്.
നടി ഉൗർമ്മിള ഉണ്ണിയുടെ മകളാണ് ഉത്തര ഉണ്ണി. ഗായിക, അഭിനേത്രി, നർത്തകി, സംവിധായിക എന്നിങ്ങനെ പല മേഖലയിലും കഴിവു തെളിയിക്കാൻ ഉത്തരയ്ക്ക് കഴിഞ്ഞിരുന്നു. അതിനൊപ്പം ഷോർട്ട് ഫിലിം സംവിധാനം ചെയ്ത നടി സംവിധാന രംഗത്ത് കൂടി ചുവടുറപ്പിക്കുകയാണ്. ഉത്തരയുടെ സ്വപ്നങ്ങളിലൊന്നാണ് സിനിമ നിർമ്മിക്കണമെന്നുള്ളത്. അതിന്റെ ആദ്യ ചുവടുവയ്പ്പായിട്ടാണ് നടി ഷോർട്ട് ഫിലിം സംവിധാനം ചെയ്യുന്നത്.
മുന്പ് രണ്ടാംവരവ് എന്ന പേരിലും ഉത്തര ഷോർട്ട് ഫിലിം സംവിധാനം ചെയ്തിരുന്നു. അതിന് മികച്ച പ്രതികരണം ലഭിച്ചതോടെ സംവിധായകൻ ഹരിഹരൻ ഉൾപ്പെടെയുള്ളവർ സംവിധാനത്തിൽ ശ്രദ്ധിക്കാൻ പറയുകയായിരുന്നു. പോ പ്രിന്റ്സ് എന്ന് പേരിട്ടിരിക്കുന്ന ചിത്രത്തിൽ നടൻ സിദ്ദിഖാണ് അഭിനയിച്ചിരിക്കുന്നത്. പ്ലെ ഗ്രൗണ്ട് ഡിജിറ്റൽ സിനിമയാണ് ഹ്രസ്വചിത്രം നിർമിച്ചിരിക്കുന്നത്. അളകപ്പൻ ആണ് കാമറ ചലിപ്പിച്ചത്.