മനുഷ്യ മനസാക്ഷിയെ ഞെട്ടിക്കുന്ന തരത്തിലുള്ള കൊലപാതക വാര്‍ത്തയാണ് ഇക്കഴിഞ്ഞ ദിവസം മലയാളികള്‍ കേട്ടത്. കാമുകനൊപ്പം ജീവിക്കാന്‍ കുഞ്ഞ് തടസമാകുമെന്ന് കണ്ടതോടെ അമ്മയും കാമുകനും ചേര്‍ന്ന് കുഞ്ഞിനെ ക്രൂരമായി മര്‍ദ്ദിച്ച് കൊലപ്പെടുത്തിയ വാര്‍ത്തയായിരുന്നു അത്.
ഈ വിഷയത്തില്‍ കുഞ്ഞിനെ മര്‍ദിച്ച് കൊന്ന ഉത്തര എന്ന യുവതിയുടെ ഭര്‍ത്താവ് മനുവിന്റെ പ്രതികരണമാണ് ഇപ്പോള്‍ ആളുകളെ വീണ്ടും കണ്ണീരണിയിക്കുന്നത്. ഏതാനും മാസം മുമ്പ് മനുവുമായുള്ള ബന്ധം വേര്‍പെടുത്തി കാമുകനായ രജീഷിനൊപ്പമായിരുന്നു ഉത്തര താമസം. കുഞ്ഞിനെ ഉത്തര നിരന്തരം ഉപദ്രവിക്കുമായിരുന്നു എന്നും കുട്ടിയുടെ ശരീരമാസകലം മര്‍ദ്ദനത്തിന്റെ പാടുകളായിരുന്നു എന്നും മനു പറഞ്ഞു. മനുവിന്റെ വാക്കുകള്‍ ഇങ്ങനെ…
”കുഞ്ഞിനെ അവള് ഉപദ്രവിക്കുമായിരുന്നു. എപ്പോഴും അടിക്കുമായിരുന്നു. രണ്ടുമാസം മുന്‍പാണ് രജീഷിനൊപ്പം ഇറങ്ങിപ്പോയത്. കല്ലമ്പലം പോലീസ് സ്റ്റേഷനില്‍ കേസ് കൊടുത്തിരുന്നു. കുഞ്ഞിനെ എനിക്ക് വിട്ടുതരണമെന്ന് അന്നേ പറഞ്ഞതാണ്. ഇപ്പോള്‍ കേസ് നടക്കുകയാണ്.’ മനു പറയുന്നു. ”അവളാണ് കുഞ്ഞിനെ കൊന്നത്. ഞാനവനെ പൊന്നുപോലെ നോക്കുമായിരുന്നു. കുഞ്ഞിനെ ശരീരം മൊത്തം മുറിവുകളുണ്ടായിരുന്നത് താന്‍ കണ്ടതാണെന്നും മനു പറഞ്ഞു.
ശനിയാഴ്ചയാണ് ക്രൂരമായി മര്‍ദ്ദനമേറ്റ് രണ്ട് വയസുകാരന് ഏകലവ്യന് മരിക്കുന്നത്. മരണത്തില്‍ ദുരൂഹത ആരോപിച്ച് പിതാവ് നല്കിയ പരാതിയെത്തുടര്‍ന്ന് വര്‍ക്കല പോലീസ് നടത്തിയ അന്വേഷണത്തിലാണ് കൊലപാതകമെന്ന് സ്ഥിരീകരിച്ചത്. കുട്ടിയുടെ ചെറുകുടലും വാരിയെല്ലും പൊട്ടിയെന്നും തലച്ചോറിന് ക്ഷതമേറ്റ് രക്തസ്രാവമുണ്ടായെന്നും പോസ്റ്റുമോര്‍ട്ടത്തില്‍ കണ്ടെത്തി. കഴിഞ്ഞ ഒരാഴ്ചയായി കുട്ടിയെ തുടര്‍ച്ചയായി അടിക്കുകയും തൊഴിക്കുകയും ചെയ്തിരുന്നതായി യുവതിയും കാമുകനും കുറ്റ സമ്മതം നടത്തി.
കുട്ടിയെ ആശുപത്രിയില്‍ എത്തിക്കാന്‍ പോലും ഇവര്‍ കൂട്ടാക്കിയില്ല. ഒടുവില്‍ കുഞ്ഞിന്റെ ബോധം പോയപ്പോഴാണ് ആശുപത്രിയിലെത്തിച്ചത്. ഡോക്ടര്‍മാര്‍ ചോദിച്ചപ്പോള്‍ വയറിളക്കം വന്നതാണെന്നായിരുന്നു ഇരുവരും പറഞ്ഞത്. എന്നാല്‍ മലത്തിനൊപ്പം പഴുപ്പ് വരുന്നത് കണ്ട ഡോക്ടര്‍മാര്‍ കുട്ടിയെ മെഡിക്കല്‍ കോളേജിലേക്ക് മാറ്റാന്‍ ആവശ്യപ്പെട്ടു.
എന്നാല്‍ കുഞ്ഞിനെ വീണ്ടും വീട്ടിലേക്ക് തിരികെ കൊണ്ടുപോവുകയാണ് ഇവര്‍ ചെയ്തത്. മാത്രമല്ല അതിഗുരുതരാവസ്ഥയിലുള്ള കുഞ്ഞിന് ഗ്ലൂക്കോസും കലക്കി നല്കി. പിന്നീട് കുഞ്ഞ് വീണ്ടും ബോധരഹിതനായതോടെ ആശുപത്രിയിലെത്തിക്കാന്‍ ഇരുവരും ശ്രമിച്ചു. ആശുപത്രിയിലേക്കുള്ള യാത്രാമധ്യേ കുഞ്ഞ് മരിക്കുകയായിരുന്നു.