പ്യോഗ്യാംഗ്: ആണവ മിസൈൽ വിക്ഷേപിക്കാൻ ശേഷിയുണ്ടെന്ന് അവകാശപ്പെടുന്ന അന്തർവാഹിനി ഉത്തരകൊറിയ പുറത്തിറക്കി. ഉത്തരകൊറിയൻ മേധാവി കിം ജോംഗ് ഉൻ നാവികസേനാ ഉദ്യോഗസ്ഥർക്കൊപ്പം അന്തർവാഹിനി പുറത്തിറക്കുന്ന ചടങ്ങിൽ പങ്കെടുക്കുന്ന ചിത്രം പുറത്തുവിട്ടിട്ടുണ്ട്.
ഹീറോ കിം കുൻ ഓക് എന്നാണ് അന്തർവാഹിനിയുടെ പേര്. എത്ര മിസൈലുകൾ വഹിക്കാൻ കഴിയുമെന്ന് ഉത്തരകൊറിയ വെളിപ്പെടുത്തിയിട്ടില്ല.
സമുദ്രത്തിനടിയിൽനിന്നു മിസൈലുകൾ വിക്ഷേപിക്കാൻ കഴിയുന്ന അന്തർവാഹിനികൾ നിർമിക്കാൻ ഉത്തരകൊറിയ കുറേനാളായി ശ്രമിക്കുന്നതാണെന്നു പറയുന്നു.
അതേസമയം, ഇത് പുതുതായി നിർമിച്ചതല്ലെന്ന് ചില വിദഗ്ധർ അഭിപ്രായപ്പെട്ടു. സോവിയറ്റ് കാലത്തെ അന്തർവാഹിനി നവീകരിച്ചതാണത്രേ.
ഡീസൽ എന്‍ജിനിൽ പ്രവർത്തിക്കുന്ന അന്തർവാഹിനിയുടെ കാര്യശേഷിയിലും സംശയം ഉയർന്നിട്ടുണ്ട്. ദക്ഷിണകൊറിയയും ജപ്പാനും ഉത്തരകൊറിയൻ നടപടിയെ അപലപിച്ചു.