ഉത്തരകാശി: ഉത്തരാഖണ്ഡിലെ ഉത്തരകാശി ജില്ലയിൽ നിർമാണത്തിലുള്ള തുരങ്കത്തിൽ കുടുങ്ങിയ തൊഴിലാളികളെ പുറത്തെത്തിക്കാനുള്ള ശ്രമം തുടരുന്നതിനിടെ വീണ്ടും മണ്ണിടിച്ചിൽ.
ചൊവ്വാഴ്ച രാത്രിയായിരുന്നു മണ്ണിടിച്ചിൽ. തുരങ്കത്തിന്റെ അവശിഷ്ടങ്ങൾക്കിടയിലൂടെ ഉരുക്കുകുഴലുകൾ തള്ളിക്കയറ്റി തൊഴിലാളികളെ പുറത്തെത്തിക്കാനുള്ള ശ്രമത്തിനിടെയാണ് പ്രദേശത്ത് വീണ്ടും മണ്ണിടിച്ചിലുണ്ടായത്. മുപ്പതോളം തൊഴിലാളികൾ തുരങ്കത്തിലുണ്ടെന്നാണ് റിപ്പോർട്ട്.
900 മില്ലിമീറ്റർ വ്യാസമുള്ള കുഴലുകൾ ഒന്നൊന്നായി ഹൈഡ്രോളിക് ഡ്രില്ലിംഗ് മെഷിൻ ഉപയോഗിച്ചാണ് കയറ്റുന്നത്. തൊഴിലാളികൾക്ക് ട്യൂബുകൾ വഴി ഓക്സിജനും ഭക്ഷണവും വെള്ളവും മരുന്നുകളും നൽകുന്നുണ്ട്.
ഇവരെ ഇന്ന് രക്ഷപ്പെടുത്താനാകുമെന്നാണ് കണക്കുകൂട്ടുന്നത്. ഇതിനിടെ തൊഴിലാളികളിൽ ഒരാളായ ഗബ്ബർ സിംഗ് നേഗി മകനുമായി സംസാരിച്ചു.
ബ്രഹ്മഖൽ-യമുനോത്രി ദേശീയപാതയിൽ സിൽക്യാരയ്ക്കും ദണ്ഡൽഗാവിനും ഇടയിലുള്ള തുരങ്കത്തിൽ ഞായറാഴ്ച രാവിലെ ഏഴോടെയാണ് മണ്ണിടിച്ചിലുണ്ടായത്. ചാർധാം റോഡുപദ്ധതിയുടെ ഭാഗമായാണ് തുരങ്കം നിർമിക്കുന്നത്. യാഥാർഥ്യമായാൽ ഉത്തരകാശിയിൽനിന്ന് യമുനോത്രിയിലേക്കുള്ള യാത്രയിൽ 26 കിലോമീറ്റർ ദൂരം കുറയും.