റിസപ്ഷനിസ്റ്റ് അങ്കിത ഭണ്ഡാരി(19)യുടെ കൊലപാതകത്തെത്തുടര്ന്ന് വാര്ത്തകള് ഇടംപിടിച്ച ഉത്തരാഖണ്ഡിലെ വിവാദ റിസോര്ട്ട് അനാശാസ്യങ്ങളുടെ കളിത്തൊട്ടിലെന്ന് വിവരം.
ഉത്തരാഖണ്ഡിലെ മുന് ബിജെപി നേതാവിന്റെ മകന്റെ റിസോര്ട്ട് അനാശാസ്യപ്രവര്ത്തനങ്ങളുടെയും ലഹരിയിടപാടിന്റെയും കേന്ദ്രമായിരുന്നുവെന്ന് മുന് ജീവനക്കാര് പറയുന്നു.
അന്വേഷണ സംഘത്തോടാണു മുന് ജീവനക്കാരുടെ വെളിപ്പെടുത്തലെന്നു ദേശീയമാധ്യമം റിപ്പോര്ട്ട് ചെയ്തു.
അങ്കിതയുടെ മരണത്തോടെ ഹരിദ്വാറില് പാര്ട്ടിയില് നിന്ന് പുറത്താക്കപ്പെട്ട ബിജെപി നേതാവ് വിനോദ് ആര്യയുടെ മകന് പുള്കിത് ആര്യയുടെ ഉടമസ്ഥതയിലുള്ളതാണു ഭോഗ്പുരിലെ റിസോര്ട്ട്.
സംഭവത്തിനു പിന്നാലെ ബിജെപി സര്ക്കാര് റിസോര്ട്ട് പൊളിച്ചതു വിവാദമായിരുന്നു. കേസില് പുള്കിതും രണ്ട് ജീവനക്കാരും അറസ്റ്റിലാണ്.
കാണാതായ അങ്കിതയുടെ മൃതദേഹം ഋഷികേശിനു സമീപം ചീല കനാലില്നിന്നാണു കണ്ടെടുത്തത്. ലൈംഗികമായി ചൂഷണം ചെയ്യാനുള്ള ശ്രമത്തെ അങ്കിത എതിര്ത്തപ്പോള് കൊലപ്പെടുത്തിയെന്നാണു കേസ്.
”ജീവനക്കാരെ പുള്കിത് മാനസികമായി പീഡിപ്പിച്ചിരുന്നു. റിസോര്ട്ടില്നിന്നു പുറത്തുപോകാന് ശ്രമിക്കുന്നവരെ വ്യാജ മോഷണവും ആരോപണങ്ങളും ഉന്നയിച്ചു കുടുക്കും” മുന് ജീവനക്കാര് പൊലീസിനോടു പറഞ്ഞു. നേരത്തേ ഇവിടെ ജോലി ചെയ്തിരുന്ന ദമ്പതികള് കടുത്ത ആരോപണങ്ങളാണ് ഉന്നയിച്ചത്.
”വേശ്യാവൃത്തി, ലഹരിക്കച്ചവടം തുടങ്ങിയ അനധികൃത ഇടപാടുകള്ക്കു ഞങ്ങള് സാക്ഷികളാണ്. ഇതൊന്നും സഹിക്കാനാകാതെ രണ്ടുമാസം മുന്പാണു ജോലി രാജിവച്ചത്” ഇവര് പറയുന്നു.
”ചില ‘പ്രത്യേക അതിഥികളെ’ റിസോര്ട്ടിലേക്കു പുള്കിത് ആര്യ കൊണ്ടുവരാറുണ്ട്. മേല്വിലാസം വെളിപ്പെടുത്താതെ സ്ത്രീകളെയും എത്തിക്കും. അതിഥികള്ക്കായി വിലയേറിയ മദ്യം, കഞ്ചാവ്, മറ്റു രാസലഹരികള് എന്നിവ ഒരുക്കി നല്കാറുണ്ട്” ദമ്പതികള് അന്വേഷണ സംഘത്തോടു വെളിപ്പെടുത്തി.
ഇതിനിടെ, അങ്കിതയുടെ പോസ്റ്റുമോര്ട്ടത്തിന്റെ അന്തിമ റിപ്പോര്ട്ട് പൊലീസിനു ഋഷികേശ് എയിംസ് കൈമാറി. നേരത്തേ നല്കിയ ഉറപ്പിന്റെ ഭാഗമായി അങ്കിതയുടെ കുടുംബത്തെ പോസ്റ്റ്മോര്ട്ടം റിപ്പോര്ട്ട് കാണിച്ചെന്നും, കണ്ടെത്തലുകള് പരസ്യപ്പെടുത്താനാകില്ലെന്നും, കോടതിയില് സമര്പ്പിക്കുമെന്നും ഡിജിപി അശോക് കുമാര് പ്രതികരിച്ചു.
പ്രാഥമിക പോസ്റ്റ്മോര്ട്ടം റിപ്പോര്ട്ടില് അസംതൃപ്തി രേഖപ്പെടുത്തിയ അങ്കിതയുടെ പിതാവും സഹോദരനും അന്തിമ റിപ്പോര്ട്ട് ലഭിക്കുന്നതുവരെ മൃതദേഹം സംസ്കരിക്കാന് വിസമ്മതിച്ചിരുന്നു.
പിന്നീട് ഇവരെ അധികൃതര് അനുനയിപ്പിച്ചതിനു ശേഷമായിരുന്നു സംസ്കാരച്ചടങ്ങുകള്. അങ്കിതയുടെ മരണത്തെത്തുടര്ന്ന് റിസോര്ട്ട് നാട്ടുകാര് അടിച്ചു തകര്ത്തു. പിന്നീട് സര്ക്കാര് ബുള്ഡോസര് കൊണ്ട് റിസോര്ട്ട് പൊളിച്ചു മാറ്റാന് ശ്രമം ആരംഭിക്കുകയും ചെയ്തിരുന്നു.