അജ്ഞാത പനിയില് വിറച്ച് ഉത്തരാഖണ്ഡിലെ ഒരു ഗ്രാമം. പനി പടരുന്നതായി വിവരം ലഭിച്ചതിനെ തുടര്ന്ന് ആരോഗ്യവിഭാഗം നടത്തിയ ക്യാമ്പില് 220 പേര്ക്ക് രോഗം പിടിപെട്ടതായി കണ്ടെത്തി.
പൗരിയിലെ താലി ഗ്രാമത്തിലാണ് ഈ ദുരവസ്ഥ. അജ്ഞാത പനി പടരുന്നതായി റിപ്പോര്ട്ടുകള് പുറത്തുവന്ന ഘട്ടത്തില് ആരോഗ്യമന്ത്രി ധാന് സിങ് റാവത്തിന്റെ നിര്ദേശപ്രകാരമാണ് ക്യാമ്പ് സംഘടിപ്പിച്ചത്.
ക്യാമ്പില് പരിശോധിച്ചപ്പോള് 220 ഗ്രാമവാസികള്ക്ക് പനി പിടിപെട്ടതായി കണ്ടെത്തി. പനിക്ക് പുറമേ ചുമയും തലവേദനയുമാണ് മറ്റു രോഗ ലക്ഷണങ്ങള്.
20 പേരുടെ രക്ത സാമ്പിളുകള് വിദഗ്ധ പരിശോധനയ്ക്ക് അയച്ചതായി അധികൃതര് വ്യക്തമാക്കി.
മൂന്ന് ദിവസത്തിനകം ഫലം വരുമെന്നാണ് പ്രതീക്ഷ. ഫലം ലഭിച്ചാല് മാത്രമേ, പനിയുടെ യഥാര്ഥ കാരണം വ്യക്തമാകുകയുള്ളൂവെന്നും അധികൃതര് പറയുന്നു.
പരിശോധനയില് ആര്ക്കും കോവിഡ് സ്ഥിരീകരിച്ചിട്ടില്ല. ആന്റിജന് ടെസ്റ്റാണ് നടത്തിയത്. ഗ്രാമത്തില് നിന്ന് ആളുകള് പുറത്തേയ്ക്ക് പോകുന്നത് വിരളമാണ്.
അതിനാല് കോവിഡ് പിടിപെടാനുള്ള സാധ്യത കുറവാണെന്നും അധികൃതര് പറയുന്നു.പനി പടരുന്ന സാഹചര്യത്തില് വീട്ടുകാര് കുട്ടികളെ സ്കൂളില് വിടാന് ഭയപ്പെടുന്നതായും റിപ്പോര്ട്ടുകളുണ്ട്.