അഞ്ചൽ: കേരളക്കരയെ ഞെട്ടിച്ച അഞ്ചല്‍ ഏറം സ്വദേശിനി ഉത്ര(25) എന്ന യുവതി മൂർഖൻ പാന്പിന്റെ കടിയേറ്റു മരിച്ച സംഭവത്തിൽ ചുരുളഴിയാതെ ചില ചോദ്യങ്ങൾ. ഇവയ്ക്ക് ഉത്തരം കണ്ടെത്താൻ ഉത്രയുടെ ഭർത്താവ് സൂരജിനെയും സുഹൃത്ത് സുരേഷിനെയും കൂടുതൽ ചോദ്യംചെയ്യാനുള്ള നീക്കത്തിലാണ് അന്വേഷണസംഘം.
ഉത്രയെ ഉഗ്രവിഷമുള്ള പാമ്പിനെ ഉപയോഗിച്ചു സൂരജ് കൊലപ്പെടുത്തി എന്നാണ് ക്രൈംബ്രാഞ്ചിന്റെ പ്രാഥമിക കണ്ടെത്തല്‍. തിങ്കളാഴ്ച കോടതിയില്‍ ഹാജരാക്കിയ പ്രതികളെ തുടരന്വേഷണത്തിനും ചോദ്യംചെയ്യലിനുമായി നാലു ദിവസത്തെ ക്രൈംബ്രാഞ്ച് കസ്റ്റഡിയില്‍ വിടുകയായിരുന്നു.
പാന്പ് കടിച്ചതെങ്ങനെ
പ്രധാന പ്രതികൾ പിടിയിലായെങ്കിലും കുഴയ്ക്കുന്ന ചില ചോദ്യങ്ങള്‍ ബാക്കിയാണ്. എങ്ങനെയാണ് ഉത്രയെ പാന്പിനെക്കൊണ്ടു കടിപ്പിച്ചതെന്നാണ് അറിയാനുള്ളത്.
പാമ്പിനെ വെറുതെ ഒരിടത്തേക്ക് എടുത്തിട്ടാൽ ഭയത്താൽ അതു വേഗം അവിടെനിന്നു രക്ഷപ്പെടാനാണ് ശ്രമിക്കുകയെന്ന് ഈ രംഗത്തെ വിദഗ്ധർ പറയുന്നു. ഒരാളുടെ ശരീരത്തിലേക്ക് ഇട്ടാലും ഇതുതന്നെയാവും സംഭവിക്കുക.
അല്ലെങ്കിൽ ആ വ്യക്തി പ്രതികരിക്കണം. ഇവിടെ ഉത്ര ഉറങ്ങിക്കിടക്കുകയായിരുന്നതിനാൽ പാമ്പ് ശരീരത്തിൽ വീണത് അറിഞ്ഞിട്ടില്ല. ഒരു ചെറിയ പൈപ്പിനുള്ളിൽ പാന്പിനെ കടത്തിയിട്ട് ആളുടെ ശരീരത്തിലേക്കു അതിന്റെ വായ്ഭാഗം കൊണ്ടു സ്പർശിച്ചാൽ പാന്പ് കടിക്കാൻ സാധ്യതയുണ്ട് എന്നു പറയപ്പെടുന്നു.
വീഡിയോ കണ്ടാൽ
വെറുതെ യു ട്യൂബ് വീഡിയോ കണ്ടാൽ പാന്പിനെ കൈകാര്യം ചെയ്യാൻ കഴിയുമോ എന്നതാണ് മറ്റൊരു സംശയം. പരിശീലനം നേടാത്ത ഒരാൾക്ക് അണലിയും മൂർഖനും ഉൾപ്പെടെയുള്ള വിഷപ്പാന്പുകളെ ഇങ്ങനെ കൈകാര്യം ചെയ്യാൻ കഴിയില്ല എന്നു പറയപ്പെടുന്നു.
ഇക്കാര്യത്തിൽ സൂരജിനു കിട്ടിയ പരിശീലനം പാന്പുപിടിത്തക്കാരൻകൂടിയായ കൂട്ടുപ്രതി സുരേഷിൽനിന്നാണോ എന്നും കണ്ടെത്തേണ്ടതുണ്ട്.
ജ്യൂസിൽ ചേർത്തത്
കൊലപാതക ദിവസം സൂരജ് ഉത്രയ്ക്കു നല്കിയ ജ്യൂസില്‍ മയക്കുമരുന്ന് കലര്‍ത്തിയിരുന്നോ എന്നതാണ് മറ്റൊരു സംശയം. ഇതിനാലാണ് കടിയേറ്റിട്ടും ഉത്ര പ്രതികരിക്കാതിരുന്നതെന്നു സംശയിക്കുന്നു.
കൊലപാതകത്തില്‍ സൂരജിന്റെ ബന്ധുക്കൾക്കും പങ്കുണ്ടെന്ന് ഉത്രയുടെ മാതാപിതാക്കള്‍ ആരോപിക്കുന്നു. ഇതിനും തെളിവുവേണം. ഇതിനിടെ, ഉത്രയെ കടിച്ച മൂർഖൻ പാന്പിന്റെ ജഡം ഇന്നലെ പുറത്തെടുത്തു പോസ്റ്റ്മോർട്ടം നടത്തി.