കൊല്ലം: കൊല്ലം ആറാം അഡീഷണല്‍ സെഷന്‍സ് കോടതി ജഡ്ജി എം. മനോജ് മുമ്പാകെ നടക്കുന്ന ഉത്ര കൊലപാതകക്കേസ് വിസ്താരത്തില്‍ ഇന്നലെ പ്രതിഭാഗം വാദം പൂര്‍ത്തിയായി. 22ന് പ്രോസിക്യൂഷന്, പ്രതിഭാഗം വാദമുഖങ്ങള്‍ക്ക് മറുപടി വാദം പറയും.
വിചാരണയുടെ ഭാഗമായി മുഖ്യമന്ത്രിയുടെ ഓഫീസില്‍ നിന്നും കോടതിയില്‍ എത്തിച്ച 2020 മെയ് 20ലെ പ്രതിയുടെ ഇ മെയില്‍ പരാതി സംബന്ധിച്ച് കോടതി വിശദീകരണം തേടി.
മെയ് 20ന് തന്റെ ഇമെയില്‍ ഐഡിയില്‍ നിന്നും മുഖ്യമന്ത്രിക്ക് പരാതി അയച്ചിട്ടില്ലെന്നും 20ന് രാവിലെ തന്നെ പോലീസുകാര്‍ ജീപ്പില്‍ കയറ്റി പല സ്ഥലത്തും കൊണ്ടുപോയെന്നും സൂരജ് പറഞ്ഞു.
തന്റെ ഫോണ്‍ പോലീസുകാര്‍ വാങ്ങിയിരുന്നു. തന്റെ ഇ മെയില്‍ അക്കൗണ്ട് പാസ്വേഡ് ഇല്ലാതെ തുറന്നിട്ടു. പിന്നീട് പോലീസ് ഫോണ്‍ തിരികെ നല്‍കിയെന്നും സൂരജ് കോടതിയില്‍ പറഞ്ഞു.
പരാതിയിലെ ഉള്ളടക്കത്തെപറ്റി ചോദിച്ചതില്‍ 2020 മാര്‍ച്ച് മൂന്നിന് പുലർച്ചെ ഒന്നിന് ഉത്ര കാലുവേദനിക്കുന്നു എന്ന് പറഞ്ഞ് കരഞ്ഞ് കൂട്ടുകാരനെ വിളിച്ച് ആശുപത്രിയില്‍ കൊണ്ടുപോയി എന്ന ഭാഗത്തിന് എങ്ങനെയാണ് ആശുപത്രിയില്‍ കൊണ്ടുപോയതെന്ന് പ്രതി ഉത്തരം നല്കി.
എന്നാല്‍ മെയ് ഏഴിന് രാത്രി ആഹാരം കഴിച്ച് ഉത്രയോടൊപ്പം ഉറങ്ങാന്‍ കിടന്നു എന്ന ഭാഗം പ്രതി നിഷേധിച്ചു. ഇതുസംബന്ധിച്ച് കൂടുതലായി തനിക്കൊന്നും പറയാനില്ലെന്നും പ്രതി കോടതിയെ അറിയിച്ചു.