അഞ്ചൽ: ഭാര്യ ഉത്രയെ പലതവണ കൊല്ലാൻ ശ്രമിച്ച സൂരജ് നേരത്തെ പറക്കോട്ടെ സ്വന്തം വീട്ടില്‍വച്ചും അപായപ്പെടുത്താന്‍ തീരുമാനിച്ചിരുന്നു.
ഉത്രയെ അപായപ്പെടുത്തുകയെന്ന ലക്ഷ്യത്തോടെ വാങ്ങിയ അണലിയാണ് പറക്കോട്ടെ വീട്ടില്‍ ഉത്രയെ കടിച്ചത്.
ഇതിനു മുമ്പ് 2020 ഫെബ്രുവരി 29ന് സൂരജിന്റെ വീടിനുള്ളിലെ കോണിപ്പടിയില്‍ കണ്ടതും ഇതേ അണലിയാണ്.
ഉത്ര ഈ പാമ്പിനെ കണ്ടു ഭയന്നു നിലവിളിക്കുകയും സൂരജ് എത്തി പാമ്പിനെ പിടികൂടി ചാക്കിലാക്കി ടെറസില്‍ കയറി പുറത്തേക്ക് എറിയുകയും ചെയ്തു.
എന്നാല്‍, പിന്നീട് സൂരജ് താഴെയിറങ്ങി ചാക്കെടുത്തു വിറകുപുരയില്‍ വച്ചു. ഈ പാമ്പിനെ മാര്‍ച്ച് രണ്ടിന് ഉത്രയുടെ ദേഹത്തേക്കു കുടഞ്ഞിട്ടു കടിപ്പിക്കുകയായിരുന്നു.
രണ്ടിനു രാത്രി വീടിനു പുറത്തുവച്ച് ഉത്രയെ പാമ്പു കടിച്ചുവെന്നായിരുന്നു നേരത്തെ പറഞ്ഞിരുന്നത്.
ഉത്രയ്ക്കു കടിയേറ്റത് മുറിയില്‍ വച്ചാണെന്നു കുടുംബാംഗങ്ങള്‍ക്ക് അറിയാമായിരുന്നെങ്കിലും അവര്‍ ഇതു മറച്ചുവച്ചതായും അന്വേഷണസംഘം കണ്ടെത്തി. പാമ്പിനെ എത്തിച്ച ചാക്ക് ഉള്‍പ്പെടെ തെളിവെടുപ്പില്‍ കണ്ടടുത്തു.
ഉത്രയുടെ സ്വര്‍ണാഭരണങ്ങള്‍ സൂരജ് അടൂരിലെ ജ്വല്ലറിയില്‍ വിറ്റതായും വ്യക്തമായി. 15 പവന് സ്വര്‍ണം സ്വന്തം ആവശ്യങ്ങള്‍ക്കായാണ് വിറ്റത്.
കൈയിലുണ്ടായിരുന്ന സ്വര്‍ണമാണ് പിതൃസഹോദരിക്കു കൈമാറാനായി സൂരജ് പിതാവിനെ ഏല്പിച്ചത്. ഇതു വീടിനു സമീപത്തെ റബര്‍തോട്ടത്തില്‍ കുഴിച്ചിടുകയായിരുന്നു.
വിവാഹദിവസം നല്കിയ 96 പവനുള്പ്പെടെ 100 പവനോളം സ്വര്‍ണമാണ് ഉത്രയുടെ വീട്ടുകാര്‍ നല്‍കിയിരുന്നത്.
ഇതില്‍നിന്ന് 21 പവന് ഉത്രയുടെ വീട്ടുകാര്‍ പണയം വച്ചു പണം സൂരജിന്റെ അച്ഛനു വാഹനം വാങ്ങാനായി ഏല്പിച്ചു. 10 പവന് ബാങ്ക് ലോക്കറിലും ആറു പവന് അതേ ബാങ്കില്‍ പണയം വച്ച നിലയിലും കണ്ടെത്തി.