അഞ്ചല്‍ : പ്രമാദമായ അഞ്ചല്‍ ഉത്ര കൊലക്കേസില്‍ ഈ മാസം ഏഴിന് വിചാരണ ആരംഭിക്കാന്‍ കോടതി തീരുമാനം. കേസ് അന്വേഷിച്ച ക്രൈംബ്രാഞ്ച് സമര്‍പ്പിച്ച കുറ്റപത്രത്തിന് മേല്‍ കൊല്ലത്തെ ആറാം നമ്പർ അഡീഷണൽ സെഷൻസ് കോടതി ജഡ്ജി എം മനോജ് മുമ്പാകെയാണ് കേസിന്റെ വിചാരണ നടക്കുക.
വിചാരണ നടപടികളുടെ ഭാഗമായി പ്രതിഭാഗം അഭിഭാഷകനോട് കോടതിയില്‍ ഏഴിന് ഹാജരാകാന്‍ നിര്‍ദേശം നല്‍കിയിട്ടുണ്ട്. കൊല്ലപ്പെട്ട ഉത്രയുടെ ഭര്‍ത്താവ് സൂരജ് (27) ആണ് കേസിലെ മുഖ്യ പ്രതി.
മാസങ്ങളായി നടന്ന ഗൂഡാലോചനയും ആസൂത്രിതവുമായിരുന്നു ഉത്രയുടെ കൊലപാതകമെന്നും സ്വത്തുക്കള്‍ നഷ്ടമാകാതിരിക്കാന്‍ വേണ്ടിയുള്ള ശ്രമായിരുന്നു ആര്‍ക്കും സംശയം തോന്നാത്ത വിധം പാമ്പിനെ ഉപയോഗിച്ചുള്ള കൊലപാതകം എന്നും ക്രൈംബ്രാഞ്ച് കുറ്റപത്രത്തില്‍ പറയുന്നു.
ഇക്കഴിഞ്ഞ മേയ് ഏഴിനാണ് അഞ്ചല്‍ ഏറം വിഷു വെള്ളിശേരി വീട്ടില്‍ ഉത്രയെ അഞ്ചലിലെ വീട്ടില്‍ കിടപ്പ് മുറിയില്‍ പാമ്പ് കടിയേറ്റ് മരിച്ച നിലയില്‍ കണ്ടെത്തിയത്. മാസങ്ങള്‍ക്ക് മുമ്പും ഒരു തവണ ഉത്രയെ പാമ്പ് കടിച്ചിരുന്നു.
ഇതേ തുടര്‍ന്ന് മകളുടെ മരണത്തില്‍ ദുരൂഹത ആരോപിച്ചു അച്ഛന് വിജയസേനന്‍ മാതാവ് മണിമേഖല എന്നവര്‍ റൂറല്‍ ജില്ല പോലീസ് മേധാവിക്ക് പരാതി നല്‍കിയിരുന്നു.
കേസ് അന്വേഷിച്ചു വന്ന അഞ്ചല്‍ പോലീസിനെതിരെ ബന്ധുക്കള്‍ ആക്ഷേപം ഉന്നയിച്ചതോടെ കേസ് റൂറല്‍ പോലീസ് മേധാവി ജില്ല ക്രൈംബ്രാഞ്ചിനു കൈമാറുകയായിരുന്നു.
ക്രൈംബ്രാഞ്ച് കേസ് ഏറ്റെടുത്ത് രണ്ടാം നാള് ഉത്രയുടെ മരണം കൊലപാതകം എന്ന് തെളിയിക്കുകയും പ്രതിയായ സൂരജിനെ അറസ്റ്റ് ചെയുകയും ചെയ്തു.
സൂരജിനോപ്പം അറസ്റ്റ് ചെയ്ത സുഹൃത്തും പാമ്പ് പിടിത്തക്കരനുമായ കല്ലുവാതുക്കല്‍ സ്വദേശി സുരേഷ് കുമാറിനെ അന്വേഷണ സംഘം കേസില്‍ മാപ്പ് സാക്ഷിയാക്കി.
സൂരജിനോപ്പം ഇയാളുടെ അച്ഛൻ സുരേന്ദ്രൻ, അമ്മ രേണുക, സഹോദരി സൂര്യ എന്നിവരും കേസില്‍ പ്രതികളാണ്. സാഹചര്യ തെളിവുകള്‍ മാത്രമുള്ള കേസില്‍ ശസ്ത്രീയ തെളിവുകള്‍ കണ്ടെത്താന്‍ നിരവധിയായ പരീക്ഷണങ്ങളും അടക്കം അന്വേഷണ സംഘം നടത്തിയിരുന്നു.
പ്രമുഖ പാമ്പ് പിടുത്തക്കാരന് വാവ സുരേഷ് അടക്കം നിരവധിപേര്‍ കേസില്‍ സാക്ഷികളായി ഹാജരാകും. കേസില്‍ വിചാരണ നടപടികള്‍ക്ക് വേഗത്തിലാക്കണം എന്ന് പ്രോസിക്യൂഷന് കോടതിയില്‍ ആവശ്യപ്പെട്ടിട്ടുണ്ട്.
ക്രൈംബ്രാഞ്ച് കൂടാതെ വനം വകുപ്പും പ്രത്യേക കേസെടുത്ത് അന്വേഷണം നടത്തുന്നുണ്ട്.