കൊല്ലം: അഞ്ചലിൽ ഉത്ര എന്ന യുവതിയെ പാന്പിനെ കൊണ്ടു കടിപ്പിച്ചുകൊന്നുവെന്ന കേസിൽ അന്തിമവാദം നാളെ മുതല്‍ കൊല്ലം ആറാം അഡീഷണല്‍ സെഷന്‍സ് കോടതി ജഡ്ജി എം മനോജ് മുമ്പാകെ ആരംഭിക്കും.
അന്തിമവാദത്തിന് മുമ്പുള്ള മുഴുവന്‍ വിചാരണ നടപടികളും പൂര്‍ത്തിയായി. പ്രതിഭാഗം സാക്ഷി വിസ്താരമാണ് ഇന്നലെ പൂര്‍ത്തിയായത്.
പ്രതിഭാഗം മൂന്ന് സാക്ഷികളെ വിസ്തരിക്കുകയും 24 രേഖകള്‍ ഹാജരാക്കുകയും മൂന്ന് സിഡികള്‍ തൊണ്ടിമുതലായി കോടതി മുമ്പാകെ സമര്‍പ്പിക്കുകയും ചെയ്തു.
പ്രോസിക്യൂഷന് ഭാഗത്തുനിന്ന് 87 സാക്ഷികളെയും 286 രേഖകളും 40 തൊണ്ടിമുതലുകളും ഹാജരാക്കി. പ്രോസിക്യൂഷന് ഭാഗം സാക്ഷികളായി വിസ്തരിച്ചവരെ പ്രതിഭാഗത്തിന്റെ ആവശ്യപ്രകാരം വീണ്ടും വിസ്തരിച്ചിരുന്നു.
വാദത്തിന്റെ വേളയില്‍ ഡിജിറ്റല്‍ തെളിവുകള്‍ നേരില്‍ പരിശോധിക്കണമെന്നതിനാല്‍ തുറന്ന കോടതിയില്‍ കോവിഡ് മാനദണ്ഡങ്ങള്‍ പാലിച്ചാണ് വാദം കേള്‍ക്കുന്നത്.
പ്രതി ഉത്രയുടെ ഭർത്താവായ സൂരജിനെ വീഡിയോ കോണ്‍ഫറന്‍സ് വഴിയാണ് വിചാരണ നടപടികളില്‍ പങ്കെടുപ്പിക്കുന്നത്. നാളെ സ്പെഷ്യല്‍ പബ്ലിക് പ്രോസിക്യൂട്ടര്‍ അഡ്വ. ജി മോഹന്‍രാജിന്റെ വാദം കോടതി കേള്‍ക്കും.
അഞ്ചൽ സ്വദേശിനി ഉത്രയെ മരിച്ച നിലയിൽ കണ്ടെത്തിയ സംഭവത്തിൽ കഴിഞ്ഞ വർഷം മേയിലാണ് സൂരജ് അറസ്റ്റിലായത്. ഉത്രയുടെ മരണ പാന്പുകടിയേറ്റതു മൂലമാണെന്നാണ് പോസ്റ്റ്മോർട്ടം റിപ്പോർട്ട്.