കൊല്ലം : കേരള മനസാക്ഷിയെ ഞെട്ടിച്ച ഉത്രവധക്കേസിൽ പ്രതിയായ ഭർത്താവ് സൂരജിന് ഇരട്ട ജീവപര്യന്തം തടവ് ശിക്ഷ വിധിച്ചു.
കൂടാതെ അഞ്ച് ലക്ഷം രൂപ പിഴയും വിധിച്ചു. അപൂർവങ്ങളിൽ അപൂർവമായ കേസെന്ന് കോടതി നിരീക്ഷിച്ചു. കൊല്ലം ജില്ലാ അഡീഷണൽ സെഷൻസ് കോടതിയാണ് ശിക്ഷ വിധിച്ചത്. കൊലക്കുറ്റത്തിനും വധശ്രമത്തിനുമായാണ് ഇരട്ട ജീവപര്യന്തം വിധിച്ചത്.
തെളിവ് നശിപ്പിച്ചതിന് ഏഴു വർഷം തടവും വിഷവസ്തു ഉപയോഗിച്ച് ഉപദ്രവിച്ചതിന് 10 വർഷം തടവും അനുഭവിക്കണം. ഈ രണ്ടു കുറ്റങ്ങൾക്കുള്ള 17 വർഷം തടവ് അനുഭവിച്ചതിനുശേഷം ഇരട്ടജീവപര്യന്തവും അനുഭവിക്കണം.
സൂരജിന്റെ പ്രായം കൂടി പരിഗണിച്ചാണ് വധശിക്ഷ ഒഴിവാക്കിയത്. അതേസമയം കോടതിവിധിയിൽ തൃപ്തിയില്ലെന്ന് ഉത്രയുടെ മാതാവ് മാധ്യമങ്ങളോട് പ്രതികരിച്ചു.
കൊലപാതകം (302), വധശ്രമം (307), തെളിവ് നശിപ്പിക്കൽ (201), വിഷവസ്തു ഉപയോഗിച്ചുള്ള കൊലപാതകം (328) എന്നീവകുപ്പുകളാണ് പ്രതിക്കെതിരെ ചുമത്തിയിട്ടുള്ളത്. കൊല്ലം ആറാം അഡീഷണൽ സെഷൻസ് ജഡ്ജ് എം മനോജാണ് ശിക്ഷ വിധിച്ചത്.
അപൂർവങ്ങളിൽ അപൂർവവും അതിക്രൂരവുമായ കേസിൽ സൂരജിന് വധശിക്ഷ നൽകണമെന്നാണ് പ്രോസിക്യൂഷൻ ആവശ്യപ്പെട്ടത്.
വധശിക്ഷവിധിക്കാൻ സുപ്രിം കോടതി മാനദണ്ഡമാക്കിയിട്ടുള്ള അഞ്ച് കാരണങ്ങളിൽ നാലും സൂരജ് ചെയ്തിട്ടുള്ളതായും പ്രോസിക്യൂഷൻ കോടതിയെ അറിയിച്ചു. 87 സാക്ഷികളും 288 രേഖകളും 40 തൊണ്ടിമുതലുകളുമാണ് കേസിന് വേണ്ടി പരിഗണിച്ചിട്ടുള്ളത്.
മൂര്‍ഖന്‍ പാമ്പിനെക്കൊണ്ടാണ് സൂരജ് ഉത്രയെ കൊലപ്പെടുത്തിയതെന്ന് കോടതി കണ്ടെത്തിയിരുന്നു. ഡമ്മിപരീക്ഷണമുള്പ്പെടെയുള്ള ശാസ്ത്രീയ പരിശോധനകളിലൂടെയാണ് സൂരജിനെതിരേ പോലിസ് കുറ്റപത്രം സമര്‍പ്പിച്ചത്.