പുനലൂർ: ഉത്രയുടെ കൊലപാതകത്തിൽ അന്വേഷണ സംഘം പുനലൂർ ഒന്നാം ക്ലാസ് മജിസ്ട്രേട്ട് കോടതിയിൽ കുറ്റപത്രം സമർപ്പിച്ചു. ഭർത്താവ് സൂരജ് മാത്രമാണ് കൊലപാതകം ആസൂത്രണം ചെയ്തതും നടപ്പാക്കിയതും. പ്രതിയായ സൂരജ് നടത്തിയത് അത്യപൂർവങ്ങളിൽ അപൂർവമായ കുറ്റകൃത്യമെന്നും കുറ്റപത്രത്തിൽ പരാമർശം.
സ്ത്രീധനം നഷ്ടമാകാതെ ഭിന്നശേഷിക്കാരിയായ ഭാര്യയെ ഒഴിവാക്കാനായിരുന്നു കൊലപാതകം നടത്തിയത്. പാമ്പിനെ ഉപയോഗിച്ച് കൊലപ്പെടുത്തിയാൽ സ്വഭാവിക മരണമെന്ന് ബന്ധുക്കൾ ധരിക്കുമെന്ന് പ്രതി കരുതി. ശാസ്ത്രീയ തെളിവുകൾ അടിസ്ഥാനമാക്കിയായിരുന്നു കേസ് അന്വേഷണമെന്നും കുറ്റപത്രത്തിൽ പറയുന്നു.
പാമ്പിനെ ഉപയോഗിച്ചുള്ള കൊലപാതകം സംസ്ഥാനത്ത് ആദ്യമാണെന്നും ആയിരത്തിലധികം പേജുള്ള കുറ്റപത്രത്തിൽ പറയുന്നു. അറസ്റ്റ് രേഖപ്പെടുത്തി 90 ദിവസങ്ങൾക്ക് മുമ്പ് കുറ്റപത്രം സമർപ്പിച്ചതിനാൽ സൂരജിന് ജാമ്യം ലഭിക്കില്ല. കേസില് മാപ്പ് സാക്ഷിയായ പാമ്പ് പിടുത്തക്കാരന് സുരേഷാണ് പ്രാസിക്യൂഷന്റെ നിര്ണായക സാക്ഷി.
കേസില് രണ്ടാമത്തെ കുറ്റപത്രം രണ്ടാഴ്ചക്കുള്ളില് സമര്പ്പിക്കും. അതിവേഗ വിചാരണയ്ക്കായി ഹൈക്കോടതിയെ സമീപിക്കും. അഞ്ചൽ ഏറം സ്വദേശിയായ ഉത്ര മേയ് ഏഴിനാണ് മരിച്ചത്. ഉത്രയെ ഒഴിവാക്കി സ്വര്ണവും പണവും കൈക്കലാക്കാന് ഭര്ത്താവായ സൂരജ് മൂര്ഖന് പാമ്പിനെ കൊണ്ട് കടിപ്പിച്ചു എന്നാണ് കേസ്.