കൊല്ലം: ചുവടുപിഴയ്ക്കാത്ത അന്വേഷണത്തിലൂടെ അത്യപൂർവമായ കേസിലെ പ്രതിയെ തെളിവുകൾ നിരത്തി നീതിപീഠത്തിന്റെ മുന്പിലെത്തിച്ചത് റൂറൽ പോലീസിന് അഭിമാനകരമായ നേട്ടം.
ഉത്രവധക്കേസിലെ പ്രതി കുറ്റക്കാരനാണെന്ന് കോടതി കണ്ടെത്തിയതോടെ അന്വേഷണ ഉദ്യോഗസ്ഥരും കൊല്ലം റൂറൽ പോലീസും അഭിമാന തിളക്കത്തിലും ആഹ്ളാദത്തിലുമായിരുന്നു.
വിഷ പാമ്പിനെ ഉപയോഗിച്ച് കൊല നടത്തിയ അത്യപൂർവമായ കേസ് ഇപ്പോൾ പോലീസിന്റെ കുറ്റാന്വേഷണ പഠന പദ്ധതിയിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. കൂടാതെ നിയമ വിദ്യാർഥികളുടെ പാഠ്യപദ്ധതിയിലും ഇടം നേടിയിട്ടുണ്ട്.
സമാന സംഭവങ്ങൾ എവിടെ, ഏതു കാലത്തു നടന്നാലും കൊല്ലം റൂറൽ പോലീസും അന്വേഷണ സംഘവും പരാമർശിക്കപ്പെടുമെന്നത് റൂറൽ സേനക്ക് അഭിമാനവും ചാരിതാർഥ്യവും നൽകുന്നതാണ്.
2020 മേയ് 21ന് കൊല്ലപ്പെട്ട ഉത്രയുടെ മാതാപിതാക്കളായ വിജയസേനനും മണിമേഖലയും റൂറൽ എസ് പി യായിരുന്ന ഹരിശങ്കറിനു നൽകിയ പരാതിയെ തുടർന്നാണ് അന്വേഷണം തുടങ്ങുന്നത്. പ്രാഥമികാന്വേഷണത്തിൽ പരാതിയിൽ കഴമ്പുണ്ടെന്ന് കണ്ടെത്തിയതിനെ തുടർന്ന് പ്രത്യേക അന്വേഷണ സംഘം രൂപീകരിച്ചു.
എസ് പി നേതൃത്വം നൽകിയ സംഘത്തിൽ കുറ്റാന്വേഷണത്തിൽ മികവ് തെളിയിച്ചവരും, സൈബർ സെൽ – സയന്റിഫിക് വിദഗ്ധരും ഉൾപ്പെട്ടിരുന്നു. ശാസ്ത്രീയ അന്വേഷണത്തിന് പാമ്പുപിടിത്തക്കാരുടെയും ഈ രംഗത്തെ വിദഗ്ധരുടെയും സഹായം തേടുകയുണ്ടായി.
പാമ്പിൻ വിഷത്തെ കുറിച്ചും കടിയ്ക്കുന്ന രീതികളെ കുറിച്ചും പഠനം നടത്തി. അതീവ രഹസ്യമായി ഡമ്മി പരീക്ഷണവും നടത്തി. അരിപ്പയിലെ വനം വകുപ്പിന്റെ ട്രെയിനിംഗ് സെന്ററിലായിരുന്നു പരീക്ഷണം. യഥാർഥ പാമ്പിനെ ഉപയോഗിച്ച് ഡമ്മിയെ കടിപ്പിച്ചാണ് പരീക്ഷണം നടത്തിയത്.
അന്വേഷണ സംഘത്തിന്റെ പരീക്ഷണങ്ങളും നിരീക്ഷണങ്ങളും നിഗമനങ്ങളുമെല്ലാം വിജയിക്കുക മാത്രമല്ല ജനങ്ങളുടെ പ്രതീക്ഷക്കൊത്ത് ഉയരാനും പോലീസിനായി.
റൂറൽ ജില്ലാ പോലീസ് മേധാവിയായിരുന്ന ഹരിശങ്കർ നേതൃത്വം നൽകിയ സംഘത്തിൽ അഡീഷണൽ ജില്ലാ പോലീസ് മേധാവി എസ്.മധുസൂദനൻ, ക്രൈം ബ്രാഞ്ച് ഡിവൈഎസ്പി എ.അശോകൻ അന്വേഷണ സംഘാംഗമായിരുന്ന നേമം സിഐ അനൂപ് കൃഷ്ണ, കൊല്ലം സിറ്റി ക്രൈം ബ്രാഞ്ചിലെ എസ്ഐ അനിൽകുമാർ, കുന്നിക്കോട് എസ്ഐ രമേശ്കുമാർ, കൊല്ലം റൂറൽ ക്രൈംബ്രാഞ്ച് എസ്ഐ മുരുകൻ, എഎസ്ഐ മാരായ അനിൽകുമാർ, മനോജ്കുമാർ, നിക്സൺ ചാൾസ്, പ്രവീൺ, മിർസ.ജെ, സിപിഒ അഖിൽ പ്രസാദ്, വനിത ഓഫീസർ മാരായ ഷീബ.എ, ഇന്ദു.എ, ഷീബ.റ്റി, സജീന, മിനിമോൾ കൊല്ലം റൂറൽ ഡാൻസാഫിലെ എസ്ഐ മാരായ ശിവശങ്കരപിള്ള, സജി ജോൺ, അജയകുമാർ എഎസ്ഐ മാരായ രാധാകൃഷ്ണപിള്ള, ആഷിർ കോഹൂർ ജില്ലാ സൈബർ സെല്ലിലെ സിപിഒ മഹേഷ് മോഹൻ എന്നിവരാണ് ഉണ്ടായിരുന്നത്.