അഞ്ചല്‍ : കൊലക്കേസില്‍ വനപാലകരുടെ കസ്റ്റഡിയില്‍ ഉണ്ടായിരുന്ന പ്രധാന പ്രതികളായ സൂരജ്, സുരേഷ്കുമാര്‍ എന്നിവരുടെ കുറ്റസമ്മത മൊഴി പുറത്തുവന്നിരുന്നു.
ഒരാഴ്ചത്തെ തെളിവെടുപ്പിന് ശേഷം പ്രതികളെ വനംവകുപ്പ് കോടതിയില്‍ ഹാജരാക്കിയിരുന്നു. തെളിവെടുപ്പിനിടെ പ്രതികള്‍ നിര്‍ണായക വെളിപ്പെടുത്തലാണ് അന്വേഷണ സംഘത്തിന് മുന്നില്‍ നടത്തിയത്.
സൂരജിന് സുരേഷ് പാമ്പിനെ നല്‍കിയത് ഉത്രയെ കൊലപ്പെടുത്താനാണ് എന്ന് അറിഞ്ഞുകൊണ്ടായിരുന്നു എന്നതാണ് ഇതില്‍ പ്രധാനം.
രണ്ടുതവണയും പാമ്പിനെ നല്കിയപ്പോഴും സുരേഷിന് വ്യക്തമായി അറിയാമായിരുന്നുവെന്നും തന്റെ സങ്കല്‍പ്പത്തിലെ ഭാര്യയാകാന്‍ ഉത്രക്ക് കഴിഞ്ഞിരുന്നില്ലെന്നും സൂരജ് സമ്മതിച്ചു.
വിവാഹ മോചനം നടത്തിയാല്‍ സ്വത്തുക്കളും കുഞ്ഞിനേയും നഷ്ടമാകും. അങ്ങനെ ഉണ്ടാകാതിരിക്കാനാണ് ആസൂത്രിതമായി കൊല നടത്തിയതെന്നും സൂരജ് വെളിപ്പെടുത്തി.
അതേസമയം കേസില്‍ രണ്ടാംപ്രതിയായ സുരേഷിനെതിരെ ഗുരുതരമായ കണ്ടെത്തലുകളാണ് തെളിവെടുപ്പിനിടയില്‍ വനം നടത്തിയിരുന്നത്. കൊലയെക്കുറിച്ചു സുരേഷിന് വ്യക്തമായ അറിവുണ്ടായിരുന്നു.
ഉത്രയെ കൊലപ്പെടുത്താന്‍ ഉപയോഗിച്ച പാമ്പിന്റെ പടം തെളിവെടുപ്പിനിടെ വനപാലകര്‍ കണ്ടെടുത്തിയിരുന്നു. വിവിധയിടങ്ങളില്‍ നിന്നും പാമ്പുകളെ പിടികൂടുന്ന സുരേഷ് ഇതിന്റെ ഇനം ശേഖരിച്ച് വില്‍പ്പന നടത്തിയിരുന്നു.
ഒപ്പം മൂര്‍ഖന്‍ പാമ്പുകളുടെ മുട്ട വിരിയിച്ച് കുഞ്ഞുങ്ങളെ ഉപയോഗിച്ച് ലഹരിക്കായി മനുഷ്യരുടെ നാക്കില്‍ കൊത്തിക്കുന്ന ഇടപാടും സുരേഷിന് ഉണ്ടായിരുന്നുവെന്ന ഗുരുതരമായ കണ്ടെത്തുലുകളും വനം വകുപ്പ് നടത്തിയിട്ടുണ്ട്.
ഒരുതവണ ഇത്തരത്തില്‍ ചെയ്യുന്നതിന് പതിനയ്യായിരം രൂപവരെ സുരേഷിന് ലഭിക്കാറുണ്ടന്നും വനം വകുപ്പ് കണ്ടെത്തിയിട്ടുണ്ട്.
അതേസമയം തന്നെ ഉത്ര കൊല്ലപ്പെട്ട മുറിക്കുള്ളില്‍ മൂര്‍ഖന്‍ തനിയെ എത്തില്ലെന്ന് വിദഗ്ധ സമിതി കണ്ടെത്തിയിരുന്നു. അഞ്ചടി നീളമുള്ള മൂര്‍ഖന്‍ ഒരിക്കലും ശീതീകരണ സംവിധാനം ഉള്ള മുറിയിലേക്ക് എത്തില്ലെന്നും അടൂരിലെ വീട്ടിലെ രണ്ടാം നിലയില്‍ അണലി ഇഴഞ്ഞ് എത്താന്‍ യാതൊരുവിധ സാധ്യതയുമില്ലെന്നുമാണ് എട്ടംഗ വിദഗ്ധ സമിതിയുടെ കണ്ടെത്തല്‍.