പത്തനംതിട്ട: നാടിനെ നടുക്കിയ ഉത്ര കൊലക്കേസിൽ സൂരജ് കുറ്റക്കാരനെന്ന് കോടതി വിധി വന്നപ്പോൾ അടൂർ പറക്കോട്ടുള്ള വീടിന്റെ ഗേറ്റും വാതിലുകളും അടഞ്ഞു കിടന്നു.
സൂരജിന്റെ മാതാപിതാക്കൾ വീടിനുള്ളിൽ തന്നെ ഒതുങ്ങിക്കഴിയുകയായിരുന്നു.
കേസിൽ വിധി വരുന്നതുമായി ബന്ധപ്പെട്ട് വാർത്താ ചാനലുകൾ പ്രതികരണം ആരാഞ്ഞപ്പോൾ തങ്ങൾക്ക് ഒന്നും പറയാനില്ലെന്ന മറുപടിയാണ് ഇവർക്കുണ്ടായിരുന്നത്.
കേസിൽ മകൻ കുറ്റക്കാരനല്ലെന്നാണ് ആദ്യ ഘട്ടത്തിൽ മാതാപിതാക്കൾ പ്രതികരിച്ചിരുന്നത്. മകൻ അറസ്റ്റിലായപ്പോൾ തെറ്റ് ചെയ്തെങ്കിൽ ശിക്ഷ ലഭിക്കട്ടേയെന്നും അച്ഛൻ പ്രതികരിച്ചിരുന്നു.
പിന്നീട് സൂരജിന്റെ അച്ഛന് എല്ലാ കാര്യങ്ങളും അറിയാമെന്ന വിവരം പുറത്തു വരികയും അറസ്റ്റിലാകുകയും ചെയ്തു.
സൂരജ് കുറ്റം ചെയ്തിട്ടില്ലെന്ന് അന്വേഷണാരംഭത്തിൽ പരസ്യമായി പറഞ്ഞ കുടുംബാംഗങ്ങൾ പക്ഷേ, വിധി ദിനത്തിൽ പ്രതികരിച്ചില്ല.
അയൽവാസികളോട് പോലും സൗഹൃദമില്ലാതെ കുറെനാളുകളായി ഒറ്റപ്പെട്ട് കഴിയുകയാണ് ഇവർ.
വീട്ടിലെ മുറിക്കുള്ളിൽ തന്നെ ഒതുങ്ങിക്കഴിയുകയാണ് കുടുംബം ഇപ്പോൾ. ഉത്രയുടെ മരണശേഷം ലോക്കറിൽനിന്ന് അവരുടെ ആഭരണങ്ങൾ എടുത്ത സൂരജ് വീട്ടുവളപ്പിൽ കുഴിച്ചിട്ടതായി കണ്ടെത്തിയതോടെയാണ് മാതാപിതാക്കളും സംശയനിഴലിലായത്.
അനുബന്ധമായി രജിസ്റ്റർ ചെയ്ത ഗാർഹിക പീഡനക്കേസിൽ സൂരജിന്റെ മാതാപിതാക്കളും സഹോദരിയും പ്രതികളുമാണ്.
2020 മാർച്ച് രണ്ടിന് ഉത്രയ്ക്ക് അടൂരിൽ സൂരജിന്റെ വീട്ടിൽവച്ചാണ് ആദ്യം പാന്പുകടിയേറ്റത്. അണലിയാണ് അന്നു കടിച്ചത്.
തിരുവല്ല പുഷ്പഗിരി മെഡിക്കൽ കോളജിലെ ദീർഘനാളത്തെ ചികിത്സയ്ക്കുശേഷം ഏപ്രിൽ 24നു ഡിസ്ചാർജായി അഞ്ചലിലെ വീട്ടിലേക്കാണ് പോയത്.
ഉത്രയെ പാന്പു കടിച്ചതറിഞ്ഞ് എത്തിയ സൂരജ് പാന്പിനെ എടുത്തെറിയുകയായിരുന്നു. പിന്നീട് അടൂരിലെ ആശുപത്രിയിലെത്തിച്ചു.
കടിയേറ്റ് രണ്ട് മണിക്കൂർ വൈകിയാണ് ആശുപത്രിയിലേക്കു കൊണ്ടുപോയത്. ചികിത്സ വൈകിപ്പിക്കുകയായിരുന്നു ലക്ഷ്യം.
അവിടെനിന്നാണ് തിരുവല്ലയിലേക്കു കൊണ്ടുപോയത്. പറക്കോട്ടെ വീട്ടിൽ പാന്പു കടിയേൽക്കുന്നതുമായി ബന്ധപ്പെട്ട സാഹചര്യങ്ങൾ ഉത്ര സ്വന്തം വീട്ടുകാരെ അറിയിച്ചിരുന്നു.
മാർച്ച് രണ്ടിന് പാന്പു കടിയേൽക്കുന്നതിന് ഏതാനും ദിവസങ്ങൾക്കു മുന്പ് അണലിയെ അടൂരിലെ വീട്ടിൽ ഉത്ര കണ്ടിരുന്നു.
പാന്പിനെ കണ്ട് ഉത്ര നിലവിളിച്ചപ്പോൾ യാതൊരു ഭാവവ്യത്യാസവുമില്ലാതെ സൂരജ് ഇതിനെയെടുത്ത് ചാക്കിലാക്കി സൂക്ഷിക്കുകയായിരുന്നുവെന്ന് ഉത്ര സൂചിപ്പിച്ചിരുന്നു.
സ്വർണം കണ്ടെത്തിയത് പറന്പിൽ കുഴിച്ചിട്ട നിലയിൽ
അറസ്റ്റിലായ സൂരജ് നൽകിയ മൊഴികളിലെ വൈരുധ്യവും സാഹചര്യത്തെളിവുകളും ഇയാൾക്ക് എതിരായിരുന്നു.
ഉത്ര സൂരജിന്റെ വീട്ടിൽ പീഡനത്തിനു വിധേയയായിട്ടുണ്ടെന്നു പോലീസ് അന്വേഷണത്തിൽ വ്യക്തമായി. ഇതോടെയാണ് ക്രൈംബ്രാഞ്ച് സംഘം സൂരജിന്റെ അച്ഛനെ ആദ്യമേ അറസ്റ്റ് ചെയ്തത്.
പിന്നാലെ മാതാവിനെയും സഹോദരിയെയും വിശദമായി ചോദ്യം ചെയ്തു.
അച്ഛനു സംഭവത്തെക്കുറിച്ച് അറിയാമെന്ന തരത്തിൽ സൂരജ് നൽകിയ മൊഴിയേ തുടർന്ന് പറക്കോട്ടെ വീട്ടിലെത്തിയ അന്വേഷണസംഘം ഉത്രയുടെ സ്വർണം സുരേന്ദ്രന്റെ സഹായത്തോടെ കണ്ടെടുത്തു.
ഉത്രയുടെ സ്വർണം സൂരജിന്റെ വീടിന്റെ പറന്പിൽ കുഴിച്ചിട്ട നിലയായിരുന്നു. 37 പവനാണ് ഇത്തരത്തിൽ കണ്ടെടുത്തത്. ബാക്കി സ്വർണം ലോക്കറിൽ സൂക്ഷിച്ചിരുന്നു.
സൂരജിന്റെ വീടിനു താഴ് വശത്ത് വയലിൽ നട്ട റബറിനു സമീപത്ത് രണ്ടിടത്തായി കുഴിച്ചാണ് സ്വർണം കണ്ടെടുത്തത്.
സൂരജ് വാങ്ങിയ പാന്പിനെ അടൂരിലെ വീട്ടിലെത്തിച്ചിരുന്നതായി അച്ഛൻ സുരേന്ദ്രൻ മൊഴി നൽകിയിരുന്നു.
ഉത്രയെ ഒഴിവാക്കി മറ്റൊരു വിവാഹം കഴിക്കണമെന്ന സൂരജിന്റെ ആഗ്രഹത്തിനു കുടുംബാംഗങ്ങളും കൂട്ടുനിന്നുവെന്നാണ് ലഭിച്ച വിവരം.
ഉത്രയ്ക്ക് ആദ്യം പാന്പു കടിയേൽക്കുന്ന മാർച്ച് രണ്ടിനു രാവിലെ സൂരജ് അടൂരിലെ ബാങ്കിലെത്തി ലോക്കർ തുറന്നിരുന്നു.
ലോക്കർ തുറന്ന് സ്വർണം എടുത്തു വീട്ടിൽ കൊണ്ടുവന്ന് അച്ഛനെ ഏല്പിച്ച് പറന്പിൽ കുഴിച്ചിടിപ്പിക്കുകയായിരുന്നു. സൂരജിന്റെയും ഉത്രയുടെയും പേരിലുള്ള ബാങ്ക് ലോക്കർ നേരത്തെ തുറന്ന് സ്വർണം മാറ്റുകയായിരുന്നു ലക്ഷ്യം.