പത്തനംതിട്ട: അഞ്ചലിലെ വീട്ടിൽ കഴിഞ്ഞ ഏഴിന് പാന്പുകടിയേറ്റു മരിച്ച ഉത്രയുടെ മരണവുമായി ബന്ധപ്പെട്ട് ഭർത്താവ് സൂരജ് അറസ്റ്റിലായെങ്കിലും ഇയാൾക്കുള്ള സിപിഎം ബന്ധം അന്വേഷണത്തിനു തടസമാകരുതെന്ന് കോണ്ഗ്രസ് നേതാക്കൾ.
കേരളത്തെ ഞെട്ടിച്ച സംഭവത്തിൽ പ്രതി അറസ്റ്റിലായപ്പോഴും അയാളെ ന്യായീകരിക്കാനുള്ള ശ്രമം സ്വന്തം നാടായ പറക്കോട്ടെ നടന്നുവെന്നത് ഞെട്ടിക്കുന്നതാണ്. സൂരജിന് ഇതിനു കഴിയില്ലെന്നതരത്തിൽ നാട്ടിൽ പ്രചാരണം വ്യാപകമാണ്. സൂരജിനെ പാർട്ടിയിൽ നിന്നു പുറത്താക്കാൻ സിപിഎം തയാറാകണമെന്ന് ഡിസിസി പ്രസിഡന്റ് ബാബു ജോർജ് പത്രസമ്മേളനത്തിൽ പറഞ്ഞു.
ഒന്നര വയസുകാരനായ മകനെ ഏറ്റെടുക്കാൻ സിപിഎം പറക്കോട് ലോക്കൽ കമ്മിറ്റിയിലെ കാരക്കൽ ബ്രാഞ്ച് കമ്മിറ്റി അംഗവും ഡിവൈഎഫ്ഐ ചിരണിക്കൽ യൂണിറ്റ് സെക്രട്ടറിയുമായ സൂരജ് അടൂർ പോലീസ് സ്റ്റേഷനിൽ പറക്കോട്ടെ ഒരു സിപിഎം നേതാവിനൊപ്പമെത്തിയിരുന്നതായി കോണ്ഗ്രസ് നേതാക്കൾ കുറ്റപ്പെടുത്തി.
ജില്ലാ ശിശുക്ഷേമസമിതി ഇടപെട്ട് ഒന്നരവയസുള്ള കുഞ്ഞിനെ സൂരജിന്റെ വീട്ടിലേക്കു കൈമാറിയതും ദുരൂഹതയുള്ളതാണ്. പത്തനംതിട്ടയിലെ ശിശുക്ഷേമസമിതിക്ക് ഇക്കാര്യത്തിൽ ഇടപെടലുണ്ട്. അധികാരപരിധിയിലെ തർക്കം കാരണം തിരുവനന്തപുരത്തെ ചില ഉന്നതർ ഇടപെട്ട് കൊല്ലം ശിശുക്ഷേമസമിതിയെ ഇടപെടുവിച്ച് കുഞ്ഞിനെ സൂരജിനു നൽകുകയായിരുന്നു.
രണ്ട് ശിശുക്ഷേമസമിതികളുടെയും തലപ്പത്ത് സിപിഎം നേതാക്കളാണ്. കുട്ടിയെ ഉത്രയുടെ മാതാപിതാക്കളിൽ നിന്നും പിടിച്ചെടുക്കുന്ന ദൗത്യം സിപിഎം ഭരണസഹായത്താൽ പസൂരജ് പൂർത്തിയാക്കിയത്. ഡിസിസി ഭാരവാഹികൾ പറഞ്ഞു.വൈസ് പ്രസിഡന്റുമാരായ അനിൽ തോമസ്, എ. സുരേഷ് കുമാർ, വെട്ടൂർ ജ്യോതി പ്രസാദ് എന്നിവരും പത്രസമ്മേളനത്തിൽ പങ്കെടുത്തു.