അഞ്ചല്‍ : അഞ്ചല്‍ ഉത്ര കൊലക്കേസില്‍ ക്രൈംബ്രാഞ്ച് കസ്റ്റഡിയിലുള്ള രണ്ട് പ്രതികളെയും ചോദ്യം ചെയ്യല്‍ തുടരുകയാണ്. ഉത്രയെ കൊലപ്പെടുത്തിയതില്‍ ഗൂഡാലോചന നടന്നിട്ടുണ്ടോ, കൂടുതല്‍ പേര്‍ക്ക് പങ്കുണ്ടോ എന്നതടക്കം കണ്ടെത്തുകയാണ് അന്വേഷണ സംഘത്തിന്റെ ലക്ഷ്യം.
ഒപ്പം കേസില്‍ കൂടുതല്‍ തെളിവുകളും കണ്ടെത്തണം. ഉത്രയെ സൂരജ് പാമ്പിനെ കൊണ്ട് കടിപ്പിച്ച രീതി, ഉത്രക്ക് മയക്ക് മരുന്ന് അടക്കം നല്കിയിട്ടുണ്ടാകാം എന്ന സംശയത്തിന് ഉള്‍പ്പടെ അന്വേഷണ സംഘത്തിന് ഉത്തരം കണ്ടെത്തേണ്ടതായിട്ടുണ്ട്.
കൂടുതല്‍ അറസ്റ്റ് സംബന്ധിച്ച് ഇപ്പോള്‍ പറയനാകില്ലന്നു അന്വേഷണത്തിന് നേതൃത്വം നല്കുന്ന റൂറല്‍ ജില്ല ക്രൈംബ്രാഞ്ച് ഡിവൈഎസ്പി എ അശോകന് പറഞ്ഞു. കേസില്‍ സൂരജിന്റെ സഹോദരി, സുഹൃത്തുക്കള്‍ അടക്കമുള്ള കൂടുതല്‍ ആളുകളെയും ഇന്നോ നാളെയോ ചോദ്യം ചെയ്തേക്കും.
കൊട്ടാരക്കര റൂറല്‍ ജില്ല ക്രൈംബ്രാഞ്ച് ഓഫീസിലുള്ള പ്രതികളില്‍ പ്രധാനിയായ സൂരജിനെ ഇന്നലെ അടൂരിലെ പറക്കോടുള്ള സ്വന്തം വീട്ടില്‍ എത്തിച്ചു തെളിവെടുപ്പ് നടത്തിയിരുന്നു. ഉത്രയെ ആദ്യം, പാമ്പിനെ ഉപയോഗിച്ച് കൊലപ്പെടുത്താന്‍ ശ്രമിച്ചത് ഇവിടെവച്ചാണ്.
ഇപ്പോള്‍ അറസ്റ്റിലായ സൂരജിന്റെ സുഹൃത്തും പാമ്പ് പിടിത്തക്കാരനുമായ സുരേഷില്‍ നിന്നും വാങ്ങിയ അണലി ഇനത്തില്‍പ്പെട്ട പാമ്പിനെ ഉപയോഗിച്ചായിരുന്നു ആദ്യ കൊലപാതക ശ്രമം. അതേസമയം ഉത്രയുടെ വീട്ടില്‍ നടന്ന പാമ്പിന്റെ പോസ്റ്റ്മോര്‍ട്ടം സംബന്ധിച്ച റിപ്പോര്‍ട്ട് ഉടന്‍ വങ്ങും.
കേസില്‍ നിര്‍ണ്ണായക തെളിവാകും ഇത്. ഒപ്പം തന്നെ പാമ്പ് പിടിത്ത മേഖലയില്‍ വിദഗ്ധനായ വാവ സുരേഷ് അടക്കമുള്ളവരെ കേസില്‍ സാക്ഷികള്‍ ആക്കാനും അന്വേഷണം സംഘം തീരുമാനിച്ചിട്ടുണ്ട്. ശനിയാഴ്ചയാണ് കസ്റ്റഡി കാലാവധി അവസാനിക്കുന്നത്.