കൊല്ലം: അഞ്ചലിൽ ഉത്ര എന്ന യുവതിയെ പാമ്പുകടിപ്പിച്ച് കൊലപ്പെടുത്തിയ കേസിൽ അറസ്റ്റിലായ ഭർത്താവ് സൂരജിന്റെ സുഹൃത്തുക്കളെ ഇന്നും ചോദ്യം ചെയ്യുമെന്ന് അന്വേഷണഉദ്യോഗസ്ഥൻ രാഷ്ട്രദീപികയോട്.
സൂരജിന്റെ സുഹൃത്തുക്കളിൽ പലരേയും ഇന്നലെ ചോദ്യം ചെയ്തിരുന്നു. ഇവരിൽ നിന്ന് അന്വേഷണ സംഘത്തിനു കൂടുതൽ വിവരങ്ങൾ ലഭിക്കുകയും ചെയ്തു . ഉത്രയെ കൊലപ്പെടുത്തിയ വിവരം തന്നെ അറിയിച്ചിരുന്നതായി ഒരു സുഹൃത്ത് മൊഴി നൽകിയിരുന്നു.
അറസ്റ്റ് ഭയന്ന് മുൻകൂർ ജാമ്യമെടുക്കാൻ സൂരജ് അഭിഭാഷകനെ തേടി പോയതായും മൊഴി നൽകിയിട്ടുണ്ട്. സൂരജ് ഒളിവിൽ പോയപ്പോൾ സഹായം ചെയ്തു കൊടുത്ത സുഹൃത്തുക്കൾ ഉൾപ്പടെയുള്ളവരെയായിരിക്കും ഇന്ന് ചോദ്യം ചെയ്യുക.
പാമ്പുകളെ വാങ്ങിയ കാര്യവും സൂരജ് സുഹൃത്തുക്കളോട് പറഞ്ഞിരുന്നു. സൂരജിന്റെ സാമ്പത്തിക ഇടപാടുകളെക്കുറിച്ചുള്ള വിവരങ്ങളും അന്വേഷണ സംഘത്തിനു ലഭിച്ചിട്ടുണ്ട്. ആ വഴിക്കുള്ള അന്വേഷണവും തുടങ്ങിയിട്ടുണ്ട്.
ഉറക്കഗുളിക വാങ്ങിയ കടയിലെ ജീവനക്കാരൻ ഉൾപ്പടെയുള്ളവരുടെ മൊഴികൾ രേഖപ്പെടുത്തിയിരുന്നു.അതേ സമയം രണ്ടു തവണ ഉത്രയെ പാമ്പുകടിച്ച സാഹചര്യത്തിൽ കേസു വേണ്ട പോലെ കൈകാര്യം ചെയ്യാതിരുന്ന അഞ്ചൽ പോലീസിനെതിരേ വനിതാ കമ്മീഷൻ രംഗത്തു വന്നിരിക്കുകയാണ്.