അടൂര്: അഞ്ചലില് ഉത്ര കൊലപാതകക്കേസുമായി ബന്ധപ്പെട്ട് ഭര്ത്താവ് സൂരജിനും കുടുംബാംഗങ്ങള്ക്കുമെതിരെയുള്ള ഗാര്ഹിക പീഡനക്കേസില് അറസ്റ്റ് ഉടന് രേഖപ്പെടുത്തും. ഉത്രയുടെ കൊലപാതകം അന്വേഷിക്കുന്ന കൊല്ലം റൂറല് എസ്പിയുടെ നേതൃത്വത്തിലുള്ള സംഘം തന്നെ ഈ കേസും അന്വേഷിക്കട്ടെയെന്ന നിലപാടിലാണ് ഉദ്യോഗസ്ഥരെന്നാണ് സൂചന.
ഗാര്ഹിക പീഡനം അടൂര് പറക്കോട്ടെ വീട്ടിലായതിനാല് പത്തനംതിട്ട ജില്ലാ പോലീസ് മേധാവിയുടെ നിര്ദേശ പ്രകാരം സ്പെഷല് ബ്രാഞ്ച് ഡിവൈഎസ്പി ആര്.ജോസ് നടത്തിയ പ്രാഥമികാന്വേഷണത്തിന്റെ റിപ്പോര്ട്ട് വനിതാ കമ്മീഷനും കൊല്ലം റൂറല് എസ്പിക്കും കൈമാറിയിട്ടുണ്ട്.
ഗാര്ഹിക പീഡനക്കേസ് നിലനില്ക്കുമെന്ന് റിപ്പോര്ട്ടില് വ്യക്തമാക്കിയിട്ടുണ്ട്. സംഭവത്തില് വനിതാ കമ്മീഷന് നേരത്തെതന്നെ സ്വമേധയാ കേസെടുത്തിരുന്നു. പോലീസിന്റെ റിപ്പോര്ട്ട് കൂടി ലഭിച്ചതോടെ കമ്മീഷന് നടപടികളും മുന്നോട്ടുനീങ്ങും.
സൂരജിന്റെ കുടുംബാംഗങ്ങളുടെ വിശദമായ മൊഴി ഡിവൈഎസ്പി രേഖപ്പെടുത്തിയിരുന്നു. വിവാഹം കഴിഞ്ഞ രണ്ടുവര്ഷത്തിനുള്ളിലാണ് കൊലപാതകമെന്നുള്ളതിനാല് തന്നെ കുറ്റം നിലനില്ക്കുമെന്നാണ് കണ്ടെത്തല്. പ്രതികളെ ജാമ്യമില്ലാ വകുപ്പുകള് പ്രകാരം അറസ്റ്റ് ചെയ്യാവുന്നതാണ്.
സൂരജിനെ കൂടാതെ അച്ഛന് സുരേന്ദ്രന്, അമ്മ രേണുക, സഹോദരി സൂര്യ എന്നിവര്ക്ക് ഈ കേസുമായി ബന്ധമുണ്ടാകുമെന്നാണ് സൂചന. നിലവില് കൊലപാതകവുമായി ബന്ധപ്പെട്ട് സൂരജും അച്ഛന് സുരേന്ദ്രനും അറസ്റ്റിലാണ്. അന്വേഷണത്തിന്റെ ഭാഗമായി ഇവരെ പോലീസ് കസ്റ്റഡിയില് വാങ്ങി ചോദ്യം ചെയ്തുവരികയുമാണ്.
ഉത്രയ്ക്ക് ആദ്യം പാമ്പുകടിയേല്ക്കുന്നത് സൂരജിന്റെ അടൂര് പറക്കോട്ടെ വീട്ടിൽവച്ചാണ്. ഇത് ആസൂത്രിതമെന്നു തെളിഞ്ഞാല് തന്നെ സൂരജിന്റെ കുടുംബാംഗങ്ങള് പ്രതികളാകും. കൊലപാതകം മറച്ചുവച്ചുവെന്ന കുറ്റം ഇപ്പോള് തന്നെ സൂരജിന്റെ അച്ഛനുമേല് ചുമത്തിയിട്ടുണ്ട്.
ഉത്രയുടെ സ്വര്ണവുമായി ബന്ധപ്പെട്ട് ലഭിച്ചിട്ടുള്ള ചില നിര്ണായക മൊഴികളും ഗാര്ഹിക പീഡനത്തിലേക്കു വഴിതെളിക്കുന്നതാണ്. തിങ്കളാഴ്ച രാത്രി പറക്കോട്ടെ വീടിനു സമീപത്തെ പുരയിടത്തില് കുഴിച്ചിട്ട നിലയില് കണ്ടെത്തിയത് 37.5 പവനാണ്.
ഇന്നലെ ബാങ്കില് നടന്ന പരിശോധനയില് ലോക്കറില് 10 പവനും കാര്ഷിക വായ്പയ്ക്കുവേണ്ടി പണയം വച്ച ആറു പവനും കണ്ടെത്തിയിട്ടുണ്ട്. ബാക്കി സ്വര്ണം ഇനി വീണ്ടെടുക്കാനുണ്ട്. ഉത്രയ്ക്കും മകനുമായി 100 പവനോളം സ്വര്ണം ഉണ്ടായിരുന്നുവെന്നാണ് വീട്ടുകാര് പറയുന്നത്.