അടൂര്‍: അഞ്ചലില്‍ ഉത്രയുടെ കൊലപാതകവുമായി ബന്ധപ്പെട്ട് ഭര്‍ത്താവ് സൂരജില്‍ നിന്നു ലഭിച്ച വിവരങ്ങളും വീട്ടുകാര്‍ നല്കിയ മൊഴികളും തമ്മില്‍ പൊരുത്തക്കേടുകള്‍ തുടരുന്നതിനാല്‍ അന്വേഷണം തുടരും. ഇതിന്റെ ഭാഗമായി സൂരജിന്റെ മാതാവ് രേണുകയും സഹോദരി സൂര്യയെയും വീണ്ടും ചോദ്യം ചെയ്യും.
ഇതിനോടകം രണ്ടുതവണ ഇരുവരെയും ക്രൈംബ്രാഞ്ച് അന്വേഷണസംഘം ചോദ്യം ചെയ്തിരുന്നു. ഉത്രയ്ക്ക് പറക്കോട്ട് ഭര്‍ത്താവിന്റെ വീട്ടില്‍വച്ച് പാമ്പു കടിയേല്‍ക്കാനിടയായ സംഭവവും ഉത്രയുടെ സ്വര്‍ണാഭരണങ്ങള്‍ കണ്ടെത്തുന്നതുമായും ബന്ധപ്പെട്ടാണ് പൊരുത്തക്കേടുകള്‍ തുടരുന്നത്.
പറക്കോട്ടെ സ്വന്തം വീട്ടില്‍വച്ച് ഉത്രയെ അപായപ്പെടുത്താന്‍ സൂരജ് തീരുമാനിച്ചിരുന്നുവെന്നതായി കഴിഞ്ഞ ദിവസത്തെ തെളിവെടുപ്പില്‍ വ്യക്തമായതായി അന്വേഷണസംഘം അറിയിച്ചു. പോലീസ് കസ്റ്റഡിയില്‍ രണ്ടുതവണ സൂരജിനെ പറക്കോട്ടെ വീട്ടിലെത്തിച്ച് തെളിവെടുത്തിരുന്നു.
ഉത്രയെ അപായപ്പെടുത്തുകയെന്ന ലക്ഷ്യത്തോടെ താന്‍ വില കൊടുത്തു വാങ്ങിയ അണലിയാണ് ഉത്രയെ കടിച്ചതെന്ന് സൂരജ് സമ്മതിച്ചിട്ടുണ്ട്.പാമ്പു കടിയേല്‍ക്കുന്നതിനു മുമ്പ് ഫെബ്രുവരി 29ന് ഉത്ര സൂരജിന്റെ വീടിനുള്ളിലെ കോണിപ്പടിയില്‍ പാമ്പിനെ കണ്ട് ഭയന്നു നിലവിളിക്കുകയും സൂരജ് എത്തി പാമ്പിനെ പിടികൂടി ചാക്കിലാക്കി ടെറസില്‍ കയറി പുറത്തേക്ക് എറിയുകയും ചെയ്തു.
എന്നാല്‍ പിന്നീട് സൂരജ് താഴെയിറങ്ങി ചാക്കെടുത്ത് വിറകുപുരയില്വച്ചു. ഇതേ പാമ്പിനെ മാര്‍ച്ച് രണ്ടിന് ഉത്രയുടെ ദേഹത്തേക്ക് കുടഞ്ഞിട്ട് കടിപ്പിക്കുകയായിരുന്നുവെന്ന് കണ്ടെത്തി. രണ്ടിനു രാത്രി വീടിനു പുറത്തുവച്ച് ഉത്രയെ പാമ്പു കടിച്ചുവെന്നായിരുന്നു നേരത്തെ പറഞ്ഞിരുന്നത്.
ഉത്രയ്ക്ക് കടിയേറ്റത് മുറിയില്വച്ചാണെന്ന് കുടുംബാംഗങ്ങള്‍ക്ക് അറിയാമായിരുന്നെങ്കിലും അവര്‍ ഇതു മറച്ചുവച്ചതായും അന്വേഷണസംഘം കണ്ടെത്തി. പാമ്പിനെ എത്തിച്ച ചാക്ക് ഉള്‍പ്പെടെ തെളിവെടുപ്പില്‍ കണ്ടെത്തിയിട്ടുണ്ട്. അണലിയെ ഉപയോഗിച്ചുള്ള ശ്രമത്തിനു ശേഷമാണ് മൂർഖനെ ഉപയോഗിച്ച് സൂരജ് ഉത്രയെ കൊലപ്പെടുത്തുന്നത്.
ഉത്രയുടെ സ്വര്‍ണാഭരണങ്ങള്‍ സൂരജ് അടൂരിലെ ജ്വല്ലറിയില്‍ വിറ്റതായും കണ്ടെത്തി. 15 പവന് സ്വര്‍ണം സ്വന്തം ആവശ്യങ്ങള്‍ക്കായി വിറ്റെന്നും കണ്ടെത്തി. കൈയിലുണ്ടായിരുന്ന സ്വര്‍ണമാണ് പിതൃസഹോദരിക്കു കൈമാറാനായി സൂരജ് പിതാവിനെ ഏല്പിച്ചത്. എന്നാല്‍ ഇത് വീടിനു സമീപത്തെ റബര്‍തോട്ടത്തില്‍ കവറുകളിലാക്കി കുഴിച്ചിടുകയായിരുന്നു.
വിവാഹദിവസം നല്കിയ 96 പവനുള്പ്പെടെ 100 പവനോളം സ്വര്‍ണമാണ് ഉത്രയുടെ വീട്ടുകാര്‍ നല്‍കിയിരുന്നത്. ഇതില്‍ നിന്ന് 21 പവന് ഉത്രയുടെ വീട്ടുകാര്‍ പണംവച്ചു പണം സൂരജിന്റെ അച്ഛനു വാഹനം വാങ്ങാനായി ഏല്പിച്ചു.
10 പവന് ബാങ്ക് ലോക്കറില്‍ നിന്നും ആറു പവന് അതേബാങ്കില്‍ പണയം വച്ച നിലയിലും കണ്ടെത്തി. മൂന്നര പവന് കഴിഞ്ഞദിവസം വീട്ടുകാര്‍ പോലീസിനു കൈമാറിയിരുന്നു. സൂരജ് വിറ്റതായി പറയുന്ന സ്വര്ണത്തിന്റെകണക്കു കൂടിയെടുക്കുമ്പോഴും ഇനി കണ്ടെത്താനുള്ള സ്വര്‍ണത്തെ സംബന്ധിച്ചു ചോദ്യം ചെയ്യല്‍ തുടരുമെന്ന് ഉദ്യോഗസ്ഥസംഘം പറഞ്ഞു.