അഞ്ചൽ : ഉത്രയുടെ കൊലപാതക കേസിന്റെ പ്രാഥമിക അന്വേഷണത്തിൽ വീഴ്ച വരുത്തിയ അഞ്ചൽ സിഐക്കെതിരെ വകുപ്പുതല നടപടി. സിഐ സി.എല്‍. സുധീറിനെ സ്ഥലംമാറ്റി.
തിരുവനന്തപുരം പോലീസ് ഹെഡ് കോട്ടേഴ്സിലേക്കാണ് സുധീറിനെ സ്ഥലം മാറ്റിയത് അഞ്ചലിലെ ഉത്ര കൊലക്കേസിൽ അന്വേഷണത്തിൽ ഉദ്യോഗസ്ഥനായ സിഐ സുധീർ ഗുരുതരമായ വീഴ്ച വരുത്തിയെന്ന് ചൂണ്ടിക്കാണിക്കുന്ന റിപ്പോർട്ട് റൂറൽ എസ്പി ഹരിശങ്കർ ഡിജിപിക്ക് കഴിഞ്ഞ ദിവസം കൈമാറിയിരുന്നു.
റിപ്പോർട്ടിനെ തുടർന്നാണ് നടപടി. സി ഐ ആയിരുന്ന സുധീറിന് അന്വേഷണത്തിൽ വീഴ്ച സംഭവിച്ചു എന്നും അന്വേഷണത്തിൽ അലംഭാവം കാട്ടി എന്നും ഉത്രയുടെ മാതാപിതാക്കളും ബന്ധുക്കളും ആരോപിച്ചിരുന്നു. ഇക്കാര്യം ചൂണ്ടിക്കാട്ടി റൂറൽ പോലീസ് മേധാവിക്ക് പരാതി നൽകിയിരുന്നു.
ഈ പരാതിയുടെ അടിസ്ഥാനത്തിലാണ് അന്വേഷണം നടത്തി സിഐക്കെതിരെ റൂറൽ പോലീസ് മേധാവി ഹരിശങ്കർ ഡിജിപിക്ക് റിപ്പോർട്ട് സമർപ്പിച്ചത്. സ്ഥലം മാറ്റിയെങ്കിലും വകുപ്പുതല അന്വേഷണം തുടരുമെന്നാണ് പോലീസ് വൃത്തങ്ങൾ പറയുന്നത്.
അതേസമയം തന്നെ ഇപ്പോള്‍ ജുഡീഷ്യല്‍ കസ്റ്റഡിയിലുള്ള ഒന്നാം പ്രതി സൂരജ് രണ്ടാം പ്രതി സുരേഷ് എന്നിവരെ കസ്റ്റഡിയില്‍ വാങ്ങാനുള്ള നടപടി ക്രമങ്ങള്‍ വനം വകുപ്പ് പൂര്‍ത്തീകരിച്ചു. ഇന്നോ നാളെയോ ഇവരെ വനം വകുപ്പ് കസ്റ്റഡിയില്‍ വാങ്ങും.
പാമ്പിനെ ഉപയോഗിച്ചുള്ള കൊലപാതകം ആയതിനാല്‍ വനം വകുപ്പ് പ്രത്യേക കേസെടുത്ത് അന്വേഷണം ആരംഭിക്കുകയായിരുന്നു. അനധികൃതമായി പാമ്പിനെ കൈവശം വയ്ക്കുക, പാമ്പിനെ ഉപയോഗിച്ച് കൊലപ്പെടുത്തുക, വില്‍പ്പന നടത്തുക തുടങ്ങിയ കാര്യങ്ങളാണ് വനം വകുപ്പ് അന്വേഷിക്കുന്നത്.
വനം മന്ത്രി കെ രാജുവിന്റെ നിര്‍ദേശപ്രകാരം അഞ്ചല്‍ റേഞ്ച് ഫോറസ്റ്റ് ഓഫീസര്‍ ബി ആര് ജയനാണ് കേസ് അന്വേഷിക്കുന്നത്.