അഞ്ചല്: അഞ്ചല് ഉത്ര കൊലക്കേസില് പ്രധാന പ്രതി സൂരജിനെ അഞ്ചല് ഏറത്തെ ഉത്രയുടെ വീട്ടില് എത്തിച്ച് വനം വകുപ്പ് തെളിവെടുപ്പ് നടത്തി. രാവിലെ ഒന്പതരയോടെയാണ് കനത്ത കാവലില് സൂരജിനെ ഏറത്തുള്ള വീട്ടില് എത്തിച്ചത്.
വീട്ടില് എത്തിച്ച് തെളിവെടുപ്പിനായി ഇറങ്ങുന്നതിനിടെ തടിച്ചുകൂടിയ നാട്ടുകാര് സൂരജിനെ അസഭ്യം പറഞ്ഞ് പ്രകോപനപരമായി സംസാരിച്ചത് അല്പ്പസമയം നാടകീയ രംഗങ്ങള്ക്ക് വഴിയൊരുക്കി. തുടര്ന്ന് വീട്ടിനുള്ളിലേക്ക് കൊണ്ടുപോയി തെളിവെടുപ്പ് നടത്തുകയായിരുന്നു.
പാമ്പിനെ സൂക്ഷിച്ചിരുന്ന സ്ഥലം ഉത്രയെ പാമ്പിനെ ഉപയോഗിച്ച് കടിപ്പിച്ച രീതി എന്നിവ സൂരജ് വനപാലപകര്ക്ക് കാട്ടികൊടുത്തു. പാമ്പിനെ സൂക്ഷിച്ചിരുന്ന പ്ലാസ്റ്റിക് ജാര് കൊലപാതകത്തിന് ശേഷം ഒളിപ്പിച്ച സ്ഥലവും സൂരജ് അന്വേഷണ സംഘത്തിന് കാണിച്ച് നല്കി.
വിശദമായ തെളിവെടുപ്പിന് ശേഷം പതിനൊന്നരയോടെയാണ് സൂരജിനെ തിരികെ കൊണ്ടുപോയത്. ഉത്രയുടെ വീട്ടില് നിന്നും തിരികെ ഇറക്കുമ്പോള് ഹെല്മറ്റ് അടക്കം നല്കി കനത്ത സുരക്ഷ ഒരുക്കിയാണ് വനപാലകര് സൂരജിനെ വാഹനത്തില് കയറ്റിയത്.
കേസില് നിര്ണായകമാകും വിധം തെളിവുകള് ലഭിച്ചതായും ഇപ്പോള് കസ്റ്റഡിയില് ഉള്ള സൂരജ്, സുരേഷ് എന്നിവര് നിര്ണായക വെളിപ്പെടുത്തല് നടത്തിയിട്ടുണ്ടെന്നും തെളിവെടുപ്പിന് ശേഷം അന്വേഷണ ഉദ്യോഗസ്ഥനായ അഞ്ചല് റേഞ്ച് ഫോറസ്റ്റ് ഓഫീസര് ബിആര് ജയന് പറഞ്ഞു.
ഒരാഴ്ചത്തേക്കാണ് പ്രതികളെ വനം വകുപ്പിന്റെ കസ്റ്റഡിയില് വിട്ടുനല്കിയിട്ടുള്ളത്. കഴിഞ്ഞ ദിവസം സൂരജിന്റെ മാതാവ് രേണുക, സഹോദരി സൂര്യ എന്നിവരെ അഞ്ചല് റേഞ്ച് ഫോറസ്റ്റ് ഓഫീസില് വിളിച്ചുവരുത്തി ചോദ്യം ചെയ്തിരുന്നു.
നിലവില് ക്രൈംബ്രാഞ്ച് അന്വേഷണം നടന്നുവരുകയാണ്. വന്യജീവിയെ ഉപയോഗിച്ചുള്ള കൊലപാതകം ആയതിനാല് വനം വകുപ്പ് പ്രത്യേക കേസെടുത്ത് അന്വേഷണം ആരംഭിക്കുകയായിരുന്നു. ു