കൊല്ലം : അഞ്ചലിൽ ഉത്ര എന്ന യുവതിയെ പാന്പിനെ കൊണ്ടു കടിപ്പിച്ച് കൊലപ്പെടുത്തിയ കേസുമായി ബന്ധപ്പെട്ട് അറസ്റ്റിലായ ഭർത്താവ് സൂരജ് ലോക്കറിൽ വച്ച 55പവനോളം സ്വർണത്തിന്റെ വിശദാംശങ്ങൾ ഇന്ന് പരിശോധിക്കുമെന്ന് അന്വേഷ ഉദ്യോഗസ്ഥൻ പറഞ്ഞു.
അടൂരിലുള്ള ഒരു ബാങ്കിലെ ലോക്കറിലാണ് സ്വർണം വച്ചിരുന്നത്. സൂരജ് ഉത്രയുടെ കുറച്ച് സ്വർണം പണയംവച്ചത് സംബന്ധിച്ചും ഇന്ന് ബാങ്കിലെത്തി തെളിവെടുപ്പ് നടത്തും. സൂരജിന്റെ സുഹൃത്തുക്കളെയും ബന്ധുക്കളിൽ ചിലരെയും ഇന്ന് ചോദ്യം ചെയ്യും.
അവരെ ക്രൈംബ്രാഞ്ച് ആസ്ഥാനത്ത് വിളിപ്പിച്ചിരിക്കുകയാണ്. സൂരജിന്റെ പിതാവിനെയും അയൽവാസികളായ ചിലരേയും ഇന്നലെ ചോദ്യം ചെയ്തിരുന്നു. സൂരജിന്റെ സാന്പത്തിക ഇടപാടുകളെ സംബന്ധിച്ച് വരും ദിവസങ്ങളിൽ കൂടുതൽ അന്വേഷണം ഉണ്ടാകും.
ഉത്രയുടെ ആന്തരികാവയവ പരിശോധനയുടെ ഫലം വൈകാതെ എത്തുമെന്ന പ്രതീക്ഷയിലാണ് അന്വേഷസംഘം. ഇത് ലഭിക്കുന്നതോടെ കൂടുതൽ സാങ്കേതിക തെളിവുകൾ ലഭിക്കുമെന്ന കണക്കുകൂട്ടലിലാണ്.
സൂരജിന്റെ മാതാപിതാക്കൾ കൂടുതൽ കാര്യങ്ങൾ വെളിപ്പെടുത്താൻ മടിക്കുന്നുണ്ട്. കൊല്ലപ്പെട്ടശേഷം അഭിഭാഷകരാരുടെയെങ്കിലും വിദഗ്ധ ഉപദേശം സൂരജ് ഉൾപ്പടെയുള്ളവർക്ക് ലഭിച്ചിരിക്കാമെന്നാണ് അന്വേഷണ ഉദ്യോഗസ്ഥർ കരുതുന്നത്.