
കൊല്ലം : അഞ്ചല്‍ ഉത്ര കൊലക്കേസില്‍ കൂടുതൽ വെളിപ്പെടുത്തലുകൾ. ഒടുവിൽ ഉത്രയെ പാന്പിനെക്കൊണ്ട് കടിപ്പിച്ച് കൊലപ്പെടുത്തിയ കേസിലെ പ്രതി ഭർത്താവ് സൂരജ് അന്വേഷണസംഘത്തോട് എല്ലാം തുറന്നുപറഞ്ഞു.
ഉത്രയെ കൊലപ്പെടുത്താനുള്ള സാഹചര്യങ്ങൾ വിശദീകരിക്കെയാണ് പുറംലോകം അറിയാത്ത കാര്യങ്ങളിലേക്ക് കടന്നത്. ഉത്രയെ പാന്പിനെ കൊണ്ട് കടിപ്പിച്ച് കൊല്ലാൻ ശ്രമിച്ചപ്പോഴൊക്കെയും ഭക്ഷണത്തിൽ ഉറക്കഗുളിക കലർത്തി കൊടുത്തതായി സൂരജ് മൊഴി നൽകി.
മാർച്ച് രണ്ടിനാണ് ഉത്രയ്ക്ക് ആദ്യം പാന്പു കടിയേറ്റത്. പാന്പിനെ മുറിക്കുള്ളിൽ വിടുന്നതിന് മുന്‍പ് ഉത്രയ്ക്ക് പായസത്തിൽ ഉറക്കഗുളിക പൊടിച്ച് നൽകി. അന്ന് അണലിയെക്കൊണ്ടാണ് കടിപ്പിച്ചത്. പക്ഷെ കടിയേറ്റ ഉടനെ ഉത്ര നിലവിളിച്ചതിനാൽ പദ്ധതി പാളുകയായിരുന്നു.
പിന്നീട് മേയ് ആറിന് രാത്രിയിൽ ജ്യൂസിൽ കൂടുതൽ ഉറക്കഗുളിക പൊടിച്ചു കലർത്തിയാണ് നൽകിയത്. അത് കഴിച്ചതോടെ ഉത്ര മയങ്ങിപോകുകയായിരുന്നു. പിന്നീട് അഞ്ചു വയസുള്ള മൂർഖനെ കൊണ്ട് കടിപ്പിക്കുകയായിരുന്നു. . ഉത്രയുടെ മരണം ഉറപ്പാകുന്നതുവരെ കാത്തിരുന്നതായാണ് വിവരം.
സൂരജ് ജോലിചെയ്യുന്ന സ്ഥലത്തിന് സമീപമുള്ള മെഡിക്കൽസ്റ്റോറിൽനിന്നാണ് ഉറക്കഗുളിക വാങ്ങിയത്. ഇന്നലെ അന്വേഷണസംഘം മെഡിക്കൽസ്റ്റോറിൽ പോയിരുന്നെങ്കിലും കടഅടഞ്ഞുകിടന്നിരുന്നു. പിന്നീട് കടയുടമയുടെ മൊഴിരേഖപ്പെടുത്തിയതായാണ് വിവരം.
വിവാഹമോചനത്തിന് ഉത്രയുടെ വീട്ടുകാർ തയാറെടുപ്പ് നടത്തുന്നതായുള്ള വിവരം ലഭിച്ചതിനെതുടർന്നാണ് സൂരജ് ഉത്രയെ കൊലപ്പെടുത്താൻ തീരുമാനിച്ചത്. ഏതാണ്ട് അരക്കോടിയോളം രൂപ നൽകേണ്ടിവരുമെന്ന സാഹചര്യം ഇയാളെ തളർത്തി. ജനുവരിമുതൽ ഇയാൾ ഉത്രയെ കൊലപ്പെടുത്താനുള്ള ശ്രമം തുടങ്ങിയതായാണ് വിവരം.
ഉത്രയെ ഒഴിവാക്കിയാൽ സ്വത്തെല്ലാം മകൻ ധ്രുവിന് ലഭിക്കുമെന്ന കണക്കുകൂട്ടലിലായിരുന്നു സൂരജ്. കുടുംബത്തിൽവച്ചു ഉത്രയെ വീട്ടുകാർ പീഡിപ്പിച്ചുവന്നിരുന്ന വിവരം മുഴുവനും മാതാപിതാക്കളെ അറിയിച്ചിരുന്നു.
ഈ സാഹചര്യത്തിൽ ചില അസ്വാരസ്യങ്ങൾ ഉണ്ടായെങ്കിലും വീട്ടുകാർ വിവാഹമോചനത്തെപ്പറ്റി ആലോചിച്ചിരുന്നില്ലെന്നാണ് ഉത്രയുടെ പിതാവ് പറയുന്നത്. പാന്പിനെ സൂരജിന് കൈമാറിയ എഴുകോണിലെത്തിച്ചും ഇന്നലെ തെളിവെടുപ്പ് നടത്തി.
മാത്രമല്ല സൂരജിന് നൽകിയ പാന്പുകളെ സുരേഷ് പിടിച്ച സ്ഥലത്തും തെളിവെടുപ്പ് നടത്തി. ഇന്ന് സൂരജിന്റെ സുഹൃത്തുക്കളെയും സഹപ്രവർത്തകരെയും ചോദ്യം ചെയ്യാനാണ് അന്വേഷണസംഘത്തിന്റെ തീരുമാനം.
ഇന്ന് ഉച്ചയോടെ സൂരജിന്റെ സഹോദരിയെ ചോദ്യം ചെയ്യാൻ തീരുമാനിച്ചെങ്കിലും നാളത്തേക്ക് മാറ്റാനാണ് സാധ്യതയെന്നും സൂചനയുണ്ട്. 30ന് പ്രതികളെ കോടതിയിൽ ഹാജരാക്കും.