കൊല്ലം : അഞ്ചലിൽ ഉത്ര എന്ന യുവതിയെ പാന്പിനെ കൊണ്ടു കടിപ്പിച്ചു കൊന്ന കേസിൽ അറസ്റ്റിലായ ഭർത്താവ് സൂരജിനെയും പാന്പിനെ നൽകിയ സുരേഷിനെയും ഇന്ന് കോടതിയിൽ ഹാജരാക്കും. ഇവരെ കസ്റ്റഡിയിൽ വാങ്ങുന്നതിനായി വനംവകുപ്പ് അപേക്ഷ നൽകിയിട്ടുണ്ട്.
ഉത്രയുടെ സ്വർണത്തിൽ 56 പവൻ മാത്രമാണ് കണ്ടെത്തിയത്. ബാക്കി സ്വർണം കണ്ടെത്തേണ്ടതുണ്ട്. കുഴിച്ചിട്ടിരുന്ന 38പവൻ സ്വർണത്തിനുപുറമേ പത്ത് പവൻ ലോക്കറിൽനിന്ന് കണ്ടെടുത്തിരുന്നു. ആറ് പവനാണ് ഇയാൾ പണയം വച്ചതായി കണ്ടെത്തിയത്.
ഇത് സംബന്ധിച്ച് കൂടുതൽ വിവരങ്ങൾക്ക് വേണ്ടിവന്നാൽ ഇനിയും സൂരജിനെ കസ്റ്റഡിയിൽ വാങ്ങുമെന്നും അന്വേഷണസംഘം വ്യക്തമാക്കി.
സൂരജിന്റെ സാന്പത്തിക ഇടപാടുകളെക്കുറിച്ച് ക്രൈംബ്രാഞ്ച് സംഘത്തിന് വ്യക്തമായ വിവരം ലഭിച്ചിട്ടുണ്ട്. നിലവിൽ ഒന്നാംപ്രതി സൂരജൂം രണ്ടാംപ്രതി പാന്പ് നൽകിയ സുരേഷുമാണ്. സൂരജിന്റെ പിതാവിനെ മൂന്നാംപ്രതിയാക്കാനാണ് അന്വേഷണസംഘം തീരുമാനിച്ചിട്ടുള്ളത്.
സൂരജിന്റെ മാതാവ് രേണുക, സഹോദരി സൂര്യ എന്നിവർ നാളെ ക്രൈംബ്രാഞ്ച് ആസ്ഥാനത്ത് എത്താൻ ആവശ്യപ്പെട്ടിട്ടുണ്ട്. സുരേന്ദ്രന്റെ സാന്നിധ്യത്തിൽ ഇവരെ വിശദമായി ചോദ്യം ചെയ്യുമെന്നാണ് സൂചന.
സൂരജിന്റെ സുഹൃത്തുക്കളെ മുഴുവനും ചോദ്യം ചെയ്തുകഴിഞ്ഞു. ഇവരിൽനിന്ന് ലഭിച്ച വിവരങ്ങളാണ് കേസിന് കൂടുതൽ ബലം നൽകിയിട്ടുള്ളത്.