അടൂര്‍: അഞ്ചലില്‍ പാമ്പുകടിയേറ്റ് ഉത്ര മരിക്കാനിടയായ സംഭവത്തില്‍ അറസ്റ്റിലായ ഭര്‍ത്താവ് സൂരജിന്റെ പറക്കോട്ടെ വീട്ടിൽ തെളിവെടുപ്പ് ആരംഭിച്ചു. രാവിലെ 11.30ഓടെ സൂരജിനെ വീട്ടിലെത്തിച്ചു. സൂരജിന്റെ മാതാപിതാക്കളായ സുരേന്ദ്രനും രേണുകയും സഹോദരിയുമാണ് പറക്കോട്ടെ വീട്ടിലുള്ളത്.
ഉത്രയുടെ മരണത്തേത്തുടര്ന്ന് സൂരജിന്റെ കുടുംബാംഗങ്ങള്‍ക്കെതിരെ ഗാര്‍ഹിക പീഡനത്തിന് പോലീസ് കേസെടുത്തിരുന്നു. ഇതു സംബന്ധിച്ച് വനിതാ കമ്മീഷനും നിര്‍ദേശം നല്‍കിയിരുന്നു. സൂരജിന്റെ അടൂര്‍ പറക്കോട്ടെ ശ്രീശരണ്യയില് താമസിച്ചുവരവേ മാര്‍ച്ച് രണ്ടിനു രാത്രിയിലാണ് ഉത്രയ്ക്ക് ആദ്യം പാമ്പുകടിയേറ്റത്.
ഒന്നരമാസത്തിലേറെ നീണ്ടുനിന്ന ചികിത്സയ്ക്കൊടുവില്‍ ഏപ്രില്‍ 22നാണ് ആശുപത്രി വിട്ടത്. പിന്നീട് അഞ്ചലിലെ വീട്ടിലായിരുന്നു താമസം. ആശുപത്രിയില്‍ നിന്നു വരുന്നവഴി പറക്കോട്ടെ വീട്ടില്‍ ഉത്ര എത്തിയിരുന്നു. അവിടെയായിരുന്ന കുഞ്ഞിനെ കണ്ടശേഷം അഞ്ചലിലേക്ക് പോയി. പിന്നീട് ആശുപത്രിയില്‍ മുറിവ് ഡ്രസ് ചെയ്യാന്‍ പോയപ്പോഴും വീട്ടില്‍ എത്തിയിരുന്നു.
പറക്കോട്ടെ വീട്ടിലായിരുന്ന ഉത്രയുടെ ഒന്നര വയസുള്ള കുഞ്ഞിനെ ഇന്നലെ അഞ്ചലിലെ വീട്ടിലെത്തിച്ചിരുന്നു. കൊല്ലംജില്ലാ ചെല്‍ഡ് വെല്‍ഫെയര്‍ കമ്മിറ്റിയുടെ നിര്‍ദേശ പ്രകാരം കുഞ്ഞിനെ ഉത്രയുടെ വീട്ടുകാര്‍ക്ക് കൈമാറി.
ഉത്രയുടെ മരണവുമായി ബന്ധപ്പെട്ട് സൂരജിനെ ഞായറാഴ്ചയാണ് ക്രൈംബ്രാഞ്ച് പോലീസ് അറസ്റ്റു ചെയ്തത്. കഴിഞ്ഞ മേയ് ഏഴിനാണ് ഉത്ര മരിച്ചത്.
ഇതിനുശേഷം ഉത്രയുടെ അഞ്ചലിലെ വീട്ടിലായിരുന്ന കുഞ്ഞിനെ ഒരാഴ്ച മുമ്പ് കൊല്ലം സിഡബ്ല്യുസിയുടെ ഉത്തരവുണ്ടെന്നു പറഞ്ഞാണ് സൂരജ് ഏറ്റെടുത്ത് സ്വന്തം വീട്ടിലേക്കു കൊണ്ടുപോയത്. സൂരജിന്റെ അറസ്റ്റോടെ കുഞ്ഞിനെ വിട്ടുകിട്ടണമെന്നാവശ്യം ഉത്രയുടെ ബന്ധുക്കള്‍ ആവശ്യപ്പെട്ട് രംഗത്തെത്തുകയായിരുന്നു.