അഞ്ചല്‍ : ഉത്ര കൊലക്കേസില്‍ പ്രധാന പ്രതി സൂരജ് ഉത്രയെ കൊലപ്പെടുത്താൻ സുരേഷിൽനിന്ന് വാങ്ങിയ പാന്പ് ആറ്റിങ്ങൽ ആലംകോടിന് സമീപമുള്ള ഒരു വീട്ടിലെ പുരയിടത്തിൽനിന്ന് പിടിച്ചതാണെന്ന് വ്യക്തമായസാഹചര്യത്തിൽ പാന്പ് പിടുത്തക്കാരൻ സുരേഷിനെ ഇന്ന് അവിടെയെത്തിച്ച് തെളിവെടുപ്പ് നടത്തും.
ഇന്നലെയാണ് സൂരജിനെയും സുരേഷിനെയും ഒരാഴ്ചത്തേക്ക് വനം വകുപ്പിന്റെ കസ്റ്റഡിയില്‍ വിട്ട് പുനലൂര്‍ ഒന്നാം ക്ലാസ് മജിസ്ട്രേറ്റ് കോടതി ഉത്തരവായത്.
പ്രതികളെ ചോദ്യം ചെയ്യുന്നതിനായി ഏഴ് ദിവസത്തെ കസ്റ്റഡിയില്‍ വിട്ട് കിട്ടണം എന്ന വനം വകുപ്പിന്റെ ആവശ്യം അതേപടി അംഗീകരിച്ചാണ് കോടതി പ്രതികളെ കാസ്റ്റഡിയില്‍ വിട്ടത്.
വനം വകുപ്പിന്റെ കസ്റ്റഡിയില്‍ നല്കിയ പ്രതികളെ അഞ്ചല്‍ റേഞ്ച് ഫോറസ്റ്റ് ഓഫീസില്‍ എത്തിച്ച് ചോദ്യം ചെയ്തതോടെയാണ് പാന്പിനെ പിടികൂടിയ സ്ഥലം വ്യക്തമാക്കിയത്.
ഇവിടെ ചോദ്യം ചെയ്യലിന് ശേഷം അഞ്ചല്‍ ഏറത്തെ ഉത്രയുടെ വീട്, അടൂര്‍ പറക്കോടുള്ള സൂരജിന്റെ വീട്, സൂരജിന് സുരേഷ് രണ്ട് തവണ പാമ്പുകളെ കൈമാറിയ സ്ഥലനങ്ങൾ, സുരേഷിന്റെ കൊല്ലത്തെ വീട് എന്നിവിടങ്ങളില്‍ എത്തിച്ച് തെളിവെടുപ്പ് നടത്തി.
പാമ്പിനെ കൈവശം വയ്ക്കുക, വില്‍പ്പന നടത്തുക, പാമ്പിനെ ഉപയോഗിച്ച് കൊലപാതകം നടത്തുക, പാമ്പിനെ കൊല്ലുക എന്നിങ്ങനെയുള്ള കുറ്റങ്ങളാണ് പ്രതികള്‍ക്ക് എതിരെ വനം വകുപ്പ് ചുമത്തിയിരിക്കുന്നത്.
അഞ്ചല്‍ റേഞ്ച് ഫോറസ്റ്റ് ഓഫീസര്‍ ബി ആര് ജയന്റെ നേതൃത്വത്തിലാണ് അന്വേഷണം നടക്കുന്നത്. കേസില്‍ ക്രൈംബ്രാഞ്ച് അന്വേഷണത്തിന് പുറമേ പ്രത്യേക കേസ് വനം വകുപ്പ് രജിസ്റ്റര്‍ ചെയ്യുകയായിരുന്നു.