കൊല്ലം: ഉത്രവധക്കേസിലെ പ്രതികളായ സൂരജിനെയും പാന്പ് പിടുത്തക്കാരൻ സുരേഷിനെയും ഇന്ന് വനംവകുപ്പ് ഉദ്യോഗസ്ഥർ കസ്റ്റഡിയിൽ വാങ്ങി അഞ്ചൽ റേഞ്ച് ഓഫീസിൽവച്ച് വിശദമായി ചോദ്യം ചെയ്യും.
ഉത്രയെ കൊലപ്പെടുത്തുന്നതിനായി വാങ്ങിയ അണലിയേയും മൂർഖനേയും എവിടെനിന്ന് പിടിച്ചുവെന്നുള്ളതിന് തെളിവുകൾ ശേഖരിക്കേണ്ടിയിരിക്കുന്നു.
പാന്പുകളുടെ വിഷം കടത്തുന്ന സംഘങ്ങളുമായി പ്രതികൾക്ക് ബന്ധമുണ്ടോയെന്നും അന്വേഷിക്കും. ചോദ്യം ചെയ്യുന്നതിനുള്ള വിപുലമായ ക്രമീകരണങ്ങളാണ് വനംവകുപ്പ് ഏർപ്പെടുത്തിയിട്ടുള്ളത്.
പാന്പുകളുടെ ഡിഎൻഎ ഉൾപ്പടെ വിവിധ പരിശോധനാഫലം ഉടൻ എത്തും. ഉത്രയുടെ രാസപരിശോധനാഫലവും വൈകാതെ എത്തും. സൂരജിന്റെ മാതാവിനെയും സഹോദരിയേയും വീണ്ടും ചോദ്യം ചെയ്യാനാണ് അന്വേഷസംഘത്തിന്റെ തീരുമാനം.
ശാസ്ത്രീയ പരിശോധനയ്ക്കായി വിദഗ്ധസംഘത്തെ നിയമിക്കാനും തീരുമാനമായിട്ടുണ്ട്. പാന്പിനെ കൊണ്ട് ഉത്രയെ കടിപ്പിച്ചുവെന്നുള്ളതിന് വ്യക്തമായ തെളിവുകൾ കണ്ടെത്തേണ്ടതും വിദഗ്ധസംഘത്തിന്റെ ചുമതലയായിരിക്കും.
ഉത്രവധക്കേസ് സംബന്ധിച്ച് കഴിഞ്ഞദിവസം അവലോകനയോഗം ചേർന്നിരുന്നു. ഇത് സംബന്ധിച്ച് വ്യക്തമായ വിവരം അന്വേഷണസംഘം ഡിജിപിക്ക് കൈമാറിയതായിട്ടാണ് വിവരം.