അടൂര്: ഉത്രയുടെ മരണത്തിനു കാരണമായ വിഷം മൂര്ഖന് പാമ്പിന്റേതു തന്നെയെന്നു വ്യക്തമായി. ഉത്രയുടെ ശരീരത്തില് മൂര്ഖന്റെ വിഷാംശവും ഉറക്കഗുളികയുടെ അമിത സാന്നിധ്യവും കണ്ടെത്തുകയും ചെയ്തു. ആന്തരിക അവയവങ്ങളുടെ രാസപരിശോധനാഫലം അന്വേഷണ സംഘത്തിനു ലഭിച്ചു.
ഉത്രയെ മൂര്ഖനെകൊണ്ട് കടിപ്പിക്കുന്നതിനു മുമ്പ് പാരസെറ്റമോള് ഗുളികകളും അലര്ജിക്ക് ഉപയോഗിക്കുന്ന ഗുളികകളും അമിത അളവില് പഴച്ചാറില് കലര്ത്തി നല്കിയിരുന്നതായി സൂരജ് നേരത്തെ മൊഴി നല്കിയിരുന്നു.
ക്രൈംബ്രാഞ്ച് അന്വേഷണസംഘത്തിനു പുറമേ വനംവകുപ്പ് കൂടി നടത്തിയ അന്വേഷണത്തിലും ഉത്രയെ കടിച്ചത് മൂര്ഖന് തന്നെയെന്നു വ്യക്തമാകുന്നുണ്ട്. ഉത്രയുടെ ഭര്ത്താവ് സൂരജ് ഏനാത്ത് സ്വദേശി സുരേഷില് നിന്നു രണ്ടാമത് വാങ്ങിയത് മൂര്ഖനെയായിരുന്നു.
ആദ്യം അണലിയെ വാങ്ങി ഇതിനെ ഉപയോഗിച്ച് കടിപ്പിച്ചെങ്കിലും ഉത്ര വിദഗ്ധ ചികിത്സയിലൂടെ ജീവിതത്തിലേക്ക് തിരികെ വന്നിരുന്നു. ഇതിനിടെയാണ് രണ്ടാമതും കിടപ്പുമുറിയില് പാമ്പിനെ എത്തിക്കുന്നത്.
ഉത്രയെ പാമ്പു കടിച്ച ദിവസം ഇവരുടെ വീടിന്റെ കിടപ്പുമുറിയില് നിന്ന് മൂര്ഖന് പാമ്പിനെ കണ്ടെത്തുകയും സൂരജ് തന്നെ ഇതിനെ കൊന്ന് കുഴിച്ചു മൂടുകയുമുണ്ടായി. പാമ്പിനെ കുഴിച്ചിട്ട സ്ഥലം പരിശോധിച്ചും ഇത് മൂര്ഖനെന്ന് ഉറപ്പാക്കിയിരുന്നു.
സൂരജുമായി ഉത്രയുടെ അഞ്ചലിലെ വീട്ടിലും അടൂര് പറക്കോട്ടെ സൂരജിന്റെ വീട്ടിലുമെത്തി വനംവകുപ്പ് തെളിവെടുപ്പ് നടത്തിയിരുന്നു. പറക്കോട്ടെ വീട്ടിലെത്തിച്ചപ്പോള് ഉത്രയെ കൊലപ്പെടുത്തുകയെന്ന ലക്ഷ്യത്തോടെയാണ് താന് ഇതു ചെയ്തതെന്ന് സൂരജ് മാധ്യമങ്ങള്ക്കു മുമ്പില് വെളിപ്പെടുത്തുകയും ചെയ്തു.
വനംവകുപ്പിന്റെ ചോദ്യം ചെയ്യലില് ഉത്രയെ കൊല്ലുകയെന്ന ലക്ഷ്യത്തോടെയാണ് ഫെബ്രുവരിയിൽ അണലിയെയും മേയില് മൂര്ഖനെയും വാങ്ങിയതെന്ന് സൂരജ് സമ്മതിച്ചിരുന്നു. പാമ്പിനെ കൈകാര്യം ചെയ്യുന്നതിന് പറക്കോട്ടെ വീട്ടിലുള്ളവര്ക്കും പരിശീലനം നല്കിയിരുന്നതായി സൂരജ് പറഞ്ഞു.
അഞ്ചലിലെ വീട്ടില് മേയ് ഏഴിനു രാത്രിയാണ് ഉത്രയുടെ മരണകാരണമായ മൂര്ഖന് പാമ്പിന്റെ കടിയേല്ക്കുന്നത്. ഇതിനു മുമ്പ് അടൂര് പറക്കോട്ടെ വീട്ടില്വച്ച് മാര്ച്ച് രണ്ടിന് ഉത്രയ്ക്കു പാമ്പു കടിയേറ്റിരുന്നു. ഇതിന്റെ ചികിത്സയ്ക്കുശേഷം ഏപ്രില് 22നാണ് അഞ്ചലിലെ വീട്ടിലെത്തിയത്.
മേയ് ഏഴിന് രാത്രിയില് കിടന്നുറങ്ങുമ്പോഴാണ് വീണ്ടും പാമ്പു കടിയേറ്റത്. ഉത്രയെ കൊലപ്പെടുത്തുകയെന്ന ലക്ഷ്യത്തോടെ സൂരജ് വാങ്ങി വീട്ടിലെത്തിച്ച മൂര്ഖന് പാമ്പാണ് കടിച്ചതെന്ന് പോലീസ് അന്വേഷണത്തിലും വ്യക്തമായിട്ടുണ്ട്.
രാവിലെ കിടപ്പുമുറിയിലെത്തിയ ഉത്രയുടെ അമ്മയാണ് മകളെ ചലനമറ്റ നിലയില് കണ്ടെത്തുന്നത്. അപ്പോള് സൂരജ് വീട്ടിലുണ്ടായിരുന്നില്ല.
നേരത്തെ അടൂരില് സൂരജിന്റെ വീട്ടില് രണ്ടുതവണ പരാജയപ്പെട്ട ഉദ്യമമാണ് അഞ്ചലിലെ വീട്ടില് സൂരജ് പൂര്ത്തീകരിച്ചത്. ഫെബ്രുവരി 29നാണ് ആദ്യശ്രമം നടത്തിയത്.
അന്ന് സൂരജിന്റെ വീട്ടില് സ്റ്റെയര്കെയ്സില് പാമ്പിനെ കണ്ട് ഉത്ര ബഹളംവച്ചതോടെ ശ്രമം പരാജയപ്പെട്ടു. സൂരജ് എത്തി പാമ്പിനെ പ്ലാസ്റ്റിക് കവറിലാക്കി കൊണ്ടുപോയി. മാര്ച്ച് രണ്ടിനു രാത്രി ഉത്രയെ പാമ്പ് കടിച്ചു.
അണലിയാണ് അന്ന് കടിച്ചത്. ഇതിനെയും സൂരജ് വില കൊടുത്തു വാങ്ങി വീട്ടില്ക്കൊണ്ടുവന്നതായിരുന്നെന്ന് പോലീസും വനംവകുപ്പും നടത്തിയ അന്വേഷണത്തില് വ്യക്തമായി. അന്വേഷണസംഘത്തിന്റെ നിഗമനങ്ങള്ക്ക് കരുത്തു പകരുന്ന തെളിവാണ് രാസപരിശോധനാഫലങ്ങള്.