അഞ്ചല്‍: അഞ്ചലില്‍ യുവതി പാമ്പ് കടിയേറ്റ് മരിച്ച സംഭവത്തില്‍ ദുരൂഹതയുണ്ടെന്നും അന്വേഷണം വേണമെന്നും ആവശ്യപ്പെട്ടു രക്ഷിതാക്കള്‍ അടക്കമുള്ള ബന്ധുക്കള്‍ രംഗത്ത്. ഏറം വെള്ളിശേരില്‍ വീട്ടില്‍ ഉത്രാ (25) യുടെ മരണം അന്വേഷിക്കണം എന്നാണ് ബന്ധുക്കളുടെ ആവശ്യം.
മകളുടെ മരണത്തില്‍ ഉന്നതതല അന്വേഷണം ആവശ്യപ്പെട്ട് ഉത്രായുടെ പിതാവ് വിജയസേനന്‍, മാതാവ് മണിമേഖല എന്നിവര്‍ കൊല്ലം റൂറല്‍ പോലീസ് മേധാവി, അഞ്ചല്‍ സര്‍ക്കിള്‍ ഇന്‍സ്പെക്ടര്‍ എന്നിവര്‍ക്ക് പരാതി നല്കി.
കഴിഞ്ഞ ഏഴിനാണ് ഉത്രയെ ഏറത്തുള്ള വീട്ടിലെ കിടപ്പുമുറിയില്‍ പാമ്പ് കടിയേറ്റ് മരിച്ച നിലയില്‍ കണ്ടെത്തിയത്. മുറിക്കുള്ളില്‍ നിന്നും പാമ്പിനെ കണ്ടെത്തുകയും തല്ലിക്കൊല്ലുകയും ചെയ്തിരുന്നു.
എന്നാല്‍ മാര്‍ച്ചിലും അടൂരിലെ ഭര്‍തൃഗൃഹത്തില്‍ വച്ച് ഉത്രക്ക് പാമ്പ് കടിയേല്‍ക്കുകയും തിരുവല്ലയിലെ സ്വകാര്യാശുപത്രിയില്‍ ചികിത്സ തേടുകയും ചെയ്തിരുന്നു. ഇവിടെ നിന്നും സ്വന്തം വീട്ടില്‍ മടങ്ങിയെത്തി ചികിത്സ തുടരുന്നതിനിടെയാണ് വീണ്ടും പാമ്പ് കടിക്കുകയും മരണം സംഭവിക്കുകയും ചെയ്യുന്നത്.
എന്നാല്‍ പാമ്പ് കടിച്ചതോ ഉത്രയുടെ ഞെരക്കമോ മൂളലോ ഒപ്പം കിടന്നിരുന്ന ഭര്‍ത്താവ് അറിഞ്ഞിരുന്നില്ല എന്നാണ് പോലീസിന് ഭര്‍ത്താവ് നല്കിയ മൊഴി. ശീതികരിച്ച മുറിയുടെ ജനല്‍ തുറന്നിട്ടിരുന്നുവെന്നും അതിലൂടെയാകാം പാമ്പ് അകത്ത് കടന്നതെന്നും ഇയാളുടെ മൊഴിയില്‍ പറയുന്നു.
ഇക്കാര്യങ്ങളാണ് മാതാപിതാക്കളുടെയും ബന്ധുക്കളുടെയും സംശയത്തിനു കാരണമായിരിക്കുന്നത്. വിഷ പാമ്പ് കടിച്ചാല്‍ വേദനയോ വെപ്രാളമോ ഉണ്ടാകും. ഇതൊന്നും ഒപ്പം കിടന്നയാള്‍ അറിഞ്ഞില്ല എന്നത് വിശ്വാസ യോഗ്യമല്ല.
മകള്‍ക്ക് നല്കിയ സ്വര്‍ണാഭരണങ്ങളില്‍ പലതും കാണാനില്ല. ഇതിനാല്‍ തന്നെ ഭര്‍ത്താവിനെയും ബന്ധുക്കളെയും വിശദമായി ചോദ്യം ചെയ്യണം എന്നും ഉന്നതതല അന്വേഷണം വേണമെന്നും ഇവര്‍ ആവശ്യപ്പെട്ടു.
അതേസമയം ഉത്രയുടെ മരണത്തില്‍ അന്വേഷണം തുടരുകയാണ് എന്നും മുമ്പ് ചികിത്സ തേടിയ തിരുവല്ലയിലെ സ്വകാര്യാശുപത്രിയില്‍ അടക്കം എത്തി വിവരങ്ങള്‍ ശേഖരിച്ചുവരികയാണെന്നും അഞ്ചല്‍ പോലീസ് പറഞ്ഞു.