കൊട്ടാരക്കര: റൂറല്‍ എസ്പി ഹരിശങ്കര്‍ രണ്ട് ദിവസത്തിനകം വയനാട് എസ്പി ഇളങ്കോക്ക് ചാര്‍ജ് കൈമാറും.
തന്റെ പോലീസ് ജീവിതത്തിലെ തന്നെ ഏറ്റവും വലിയവെല്ലുവിളിയായിരുന്നു അഞ്ചലില്‍ ഉത്രയെ പാമ്പിനെകൊണ്ട് കടുപ്പിച്ച് കൊന്ന കേസെന്ന് ഹരിശങ്കര്‍ കൊട്ടാരക്കര പ്രസ് ക്ലബില്‍ നടത്തിയ പത്രസമ്മേളനത്തില്‍ പറഞ്ഞു.
അത് തെളിയിക്കാനായതും, പിന്നിലെ പോലീസിന്റെ പരിശ്രമവും ദേശീയ അന്തര്‍ദേശീയ തലത്തില്‍ തന്നെ പഠനത്തിന് വിധേയമാക്കേണ്ടതാണ്.
കേസിന്റെ വിധി വന്ന് കഴിഞ്ഞാല്‍ അതിനായി ശ്രമിക്കും. യാതൊരു തെളിവുമില്ലാത്ത കേസ് കൊലപാതകമാണന്ന് കണ്ടെത്താന്‍ തന്റെ ടീമിന് ഏറെ വിയര്‍ക്കേണ്ടിവന്നു.
അപകടമരണം അന്‍പത് ശതമാനം കുറക്കണമെന്ന് നിര്‍ദേശം നടപ്പാക്കിയ ഏക പോലീസ് ജില്ലയാണ് റൂറല്‍ ജില്ല. അടിപിടികേസുകള്‍, പീഢനങ്ങള്‍, പട്ടികജാതി അതിക്രമങ്ങള്‍ തുടങ്ങി കേസുകളുടെ എണ്ണം വന്‍തോതില്‍ കുറക്കാന്‍ സാധിച്ചു.
റോഡ് സുരക്ഷ കര്‍ശനമായി നടപ്പാക്കിയതോടെ ഇരുചക്രവാഹനയാത്രികരുടെ മരണവും, കാല്‍നടക്കാരുടെ മരണവും അന്‍പത് ശതമാനം കുറക്കാന്‍ സാധിച്ചു.
റൂറല്‍ ജില്ലയിലെ പ്രധാന പട്ടണങ്ങളിലെല്ലാം ട്രാഫിക് അച്ചടക്കം കൊണ്ട് വരാന്‍ ആയി എന്നും അദ്ദേഹം പറഞ്ഞു. ജനപ്രതിനിധികളും നാട്ടുകാരും, പോലീസും മാധ്യമപ്രവര്‍ത്തകരും മികച്ച പിന്തുണയാണ് നല്‍കിയത്. പ്രസ് ക്ലബിന്റെ ഉപഹാരവും റുറല്‍ എസ്പിക്ക് കൈമാറി.