ഉത്ര കൊലക്കേസില്‍ വനംവകുപ്പിന്റെ കസ്റ്റഡിയില്‍ കഴിയുന്ന പാമ്പുപിടിത്തക്കാരന് ചാവര്‍ക്കോട് സുരേഷിനു പാമ്പിന്‍വിഷം കടത്തുന്ന സംഘങ്ങളുമായി ബന്ധമുണ്ടെന്നു വനം വകുപ്പിന്റെ കണ്ടെത്തല്‍. ലഹരി മരുന്നുകള്‍ ഉണ്ടാക്കാനാണ് ഇത്തരക്കാര്‍ ഇത് ഉപയോഗിക്കുന്നത്.
ഈ സംഘങ്ങളെ കണ്ടെത്താന്‍ അന്വേഷണം നടത്തുമെന്നാണ് വനപാലകര്‍ വ്യക്തമാക്കുന്നത്. പിടികൂടുന്ന പാമ്പുകളെ ജനവാസ കേന്ദ്രങ്ങളില്‍ ഇറക്കി വിടുന്നത് സുരേഷിന്റെ പതിവാണെന്നു കണ്ടെത്തിയിരുന്നു.
സൂരജിനെയും സുരേഷിനെയും ഇന്നു രാവിലെ ഉത്രയുടെ വീട്ടില്‍ എത്തിച്ചു തെളിവെടുപ്പ് നടത്തും. ഉത്രയെ ആദ്യം കടിച്ച അണലിയെ വീടിന്റെ മുകളില്‍നിന്നു വലിച്ചെറിഞ്ഞെന്നാണു പ്രതിയായ ഭര്‍ത്താവ് സൂരജ് മൊഴി നല്‍കിയത്.
4.5 മീറ്റര്‍ ഉയരമുള്ള സ്ഥലത്തുനിന്നു വീണ പാമ്പിനു ജീവഹാനി ഉണ്ടാകില്ലെന്നും ഇഴഞ്ഞു പോകാനാണു സാധ്യതയെന്നും ജന്തുശാസ്ത്ര വിദഗ്ധര്‍ അഭിപ്രായപ്പെടുന്നുണ്ടെങ്കിലും ഇക്കാര്യത്തില്‍ വാവാ സുരേഷിന്റെ സഹായം തേടുമെന്ന് റേഞ്ച് ഓഫിസര്‍ ബി.ആര്.ജയന് അറിയിച്ചു.
തന്റെ വീട്ടില്‍ വിരിഞ്ഞ രണ്ട് മൂര്‍ഖന്‍ കുഞ്ഞുങ്ങള്‍ ചത്തുപോയെന്ന് ഇയാള്‍ മൊഴി നല്‍കിയിരുന്നു. ഇവയുടെ ജഡങ്ങള്‍ ഇന്നു പുറത്തെടുത്ത് തിരുവനന്തപുരം മൃഗശാലയിലെ ഡോ.ജേക്കബിന്റെ നേതൃത്വത്തില്‍ പോസ്റ്റ്മോര്‍ട്ടം നടത്തും.