കൊല്ലം: ഉത്രയെ പാന്പ് കടിപ്പിച്ച് കൊലപ്പെടുത്തിയ കേസിൽ ശാസ്ത്രീയമായ തെളിവുകളെയാണ് പോലീസ് കൂടുതൽ ആശ്രയിക്കുന്നത്.
കേസിൽ സാക്ഷികളില്ലാത്തതിനാൽ പ്രതി സൂരജിനെ കുടുക്കാൻ തെളിവുകൾക്ക് കൂടുതൽ വ്യക്തത വരുത്തേണ്ടതുണ്ട്. സാഹചര്യതെളിവുകളുടെ അടിസ്ഥാനത്തിൽ അന്വേഷണം നടത്തേണ്ട വെല്ലുവിളിയാണ് പോലീസിന് മുന്നിലുള്ളത്.
രണ്ടുതവണ പാന്പ് കടിയേറ്റിട്ടും ഉത്രയുടെ ഭാഗത്തുനിന്ന് പ്രതികരണമില്ലാതിരുന്നത് എന്തായിരിക്കും കാരണമെന്നുള്ള അന്വേഷണമാണ് പോലീസ് നടത്തുന്നത്. ഇവർക്ക് മയക്കുമരുന്നുകളോ മറ്റോ നൽകിയിരുന്നോ എന്നും അറിയിണ്ടേതുണ്ട്.
ഉത്രയുടെ ആന്തരികാവയവങ്ങളുടെ രാസപരിശോധനഫലം കാത്തിരിക്കുകയാണ് അന്വേഷണസംഘം. പോസ്റ്റ് മോർട്ടം റിപ്പോർട്ടിൽ പാന്പ് കടിയേറ്റാണ് മരിച്ചതെന്ന് വ്യക്തമായിട്ടുണ്ട്.
രണ്ട് തവണ കൈകളിൽ കടിച്ചതായും കണ്ടെത്തിയിരുന്നു. വിഷം നാഡിവ്യൂഹത്തിനെ ബാധിച്ച് മരിച്ചതിനാല് കടിച്ചത് മൂർഖൻ തന്നെയാണെന്നാണ് വിലയിരുത്തൽ. പരമാവധി ശാസ്ത്രീയ തെളിവുകളാണ് അന്വേഷണസംഘത്തിനുവേണ്ടത്.
ഉത്രയെ കടിച്ചെന്നുപറയുന്ന പാന്പിനെ പുറത്തെടുത്ത് ഇന്നലെ പോസ്റ്റുമോർട്ടം നടത്തി.പാന്പിന്റെ വിഷപ്പല്ലും, മാംസഭാഗങ്ങളും പരിശോധനയ്ക്കയച്ചു. ഡിഎൻഎ പരിശോധനയുമുണ്ടാകും. ഒരു വർഷമായി സൂരജ് ഉപയോഗിച്ചുവരുന്ന ഫോൺ നന്പറുകൾ പരിശോധിക്കാനും അന്വേഷണസംഘം തീരുമാനിച്ചിട്ടുണ്ട്.
കുറ്റകൃത്യത്തിന് പിന്നിൽ സൂരജിന്റെ സുഹൃത്തുക്കൾക്കും കുടുംബാംഗങ്ങൾക്കും പങ്കുണ്ടോയെന്നും അന്വേഷിച്ചുവരികയാണ്.
ഉത്രയെ ആദ്യതവണ അണലി കടിച്ചത് സൂരജിന്റെ വീട്ടിൽവച്ചായിരുന്നു.
ഇന്ന് ക്രൈംബ്രാഞ്ച് സംഘം പ്രതികളെ അടൂരിലുള്ള വീട്ടിലെത്തിച്ച് തെളിവെടുപ്പ് നടത്തുമെന്ന് ക്രൈംബ്രാഞ്ച് ഡിവൈഎസ്പി പറഞ്ഞു. സൂരജിന്റെ സഹോദരി ഉൾപ്പടെയുള്ളവരെ ചോദ്യം ചെയ്യും. 80 ദിവസത്തിനുള്ളിൽ കോടതിയിൽ കുറ്റം പത്രം സമർപ്പിക്കാനാണ് അന്വേഷണസംഘത്തിന്റെ തീരുമാനം.