കൊല്ലം: ഉത്ര വധക്കേസിൽ നീതി കിട്ടിയിലെന്ന് ഉത്രയുടെ അമ്മ മണിമേഖല. കേസിലെ പ്രതിയായ സൂരജിന് വധശിക്ഷ ലഭിക്കുമെന്ന് പ്രതീക്ഷിച്ചിരുന്നുവെന്നും അവർ പറഞ്ഞു.
ഇന്ത്യൻ ശിക്ഷാനിയമത്തിലെ പിഴവുകൾ കുറ്റവാളികളെ സൃഷ്ടിക്കുന്നുവെന്നും അവർ ആരോപിച്ചു. ഉത്രയ്ക്ക് നീതി തേടി ഹൈക്കോടതിയെ സമീപിക്കുമെന്നും മണിമേഖല പറഞ്ഞു.
അതേസമയം ഉത്ര വധക്കേസിൽ പ്രതി സൂരജിന് ഇരട്ട ജീവപര്യന്തം തടവും അഞ്ച് ലക്ഷം രൂപ പിഴയും വിധിച്ചു.
അപൂർവങ്ങളിൽ അപൂർവമായ കേസാണെന്ന പ്രോസിക്യൂഷന്റെ വാദം അംഗീകരിച്ചാണ് കോടതി ശിക്ഷ വിധിച്ചത്. കൊല്ലം അഡീഷണൽ സെഷൻസ് കോടതി ജഡ്ജി എം. മനോജാണ് ശിക്ഷ വിധിച്ചത്.
കൊലക്കുറ്റത്തിനും വധശ്രമത്തിനുമാണ് ജീവപര്യന്തം വിധിച്ചത്. ഇരട്ട ജീവപര്യന്തത്തിനു പുറമേ 17 വർഷത്തെ തടവുശിക്ഷയും കോടതി വിധിച്ചു.
മറ്റു കേസുകളിലാണ് 17 വർഷത്തെ തടവ്. ഇതിനുശേഷമാണ് ജീവപര്യന്തം ആരംഭിക്കുക.
കൊലപാതകം, കൊലപാതകശ്രമം, തെളിവു നശിപ്പിക്കൽ തുടങ്ങി പ്രോസിക്യൂഷൻ ചുമത്തിയ അഞ്ചിൽ നാല് കുറ്റങ്ങളും തെളിയിക്കപ്പെട്ടിരുന്നു.
ഗൂഢാലോചനയോടെയുള്ള കൊലപാതകം (302), നരഹത്യാശ്രമം (307), കഠിനമായ ദേഹോപദ്രവം (326), വനം-വന്യജീവി ആക്ട് (115) എന്നിവ പ്രകാരമാണ് കേസെടുത്തിരുന്നത്.