അഞ്ചല്‍ : ഏറെ പ്രമാദമായ അഞ്ചല്‍ ഏറം സ്വദേശിനി ഉത്രയുടെ കൊലപാതകത്തില്‍ പ്രതിയും ഭര്‍ത്താവുമായ സൂരജിന് പരമാവധി ശിക്ഷ ലഭിക്കുമെന്നാണ് പ്രതീക്ഷയെന്ന് ഉത്രയുടെ കുടുംബം പ്രതികരിച്ചു.
ക്രൈംബ്രാഞ്ച് അന്വേഷണത്തില്‍ തൃപ്തിയുണ്ട്. കോടതിയില്‍ പ്രോസിക്യൂഷന് സ്വീകരിച്ച ശക്തമായ നിലപാട് പ്രതിക്ക് വലിയ ശിക്ഷ തന്നെ ലഭിക്കുമെന്ന ഉറപ്പാണ് നല്‍കുന്നതെന്നും ഉത്രയുടെ പിതാവ് വിജയസേനന്‍ പറഞ്ഞു.
കേസില്‍ സൂരജിനോപ്പം തന്നെ മാതാപിതാക്കള്‍ക്കും സഹോദരിക്കും പങ്കുണ്ട്. സഹോദരിക്ക് പ്രധാന പങ്കാണ് കേസിലുള്ളത്. ഇവരെയും ശിക്ഷിക്കുമെന്നാണ് പ്രതീക്ഷ.
ആദ്യം അന്വേഷിച്ച ലോക്കല്‍ പോലീസില്‍ വിശ്വാസം നഷ്ടമായതോടെയാണ് റൂറല്‍ പോലീസ് മേധാവിയെ നേരില്‍ കണ്ടു പരാതി നല്‍കിയത്.
ലോക്കല്‍ പോലീസില്‍ അഞ്ചല്‍ എസ്ഐ അടക്കമുള്ളവര്‍ അനുകൂല നിലപാട് സ്വീകരിച്ചുവെങ്കിലും അന്നത്തെ സിഐ കേസ് അന്വേഷിക്കുന്നതില്‍ കാര്യമായ ഊര്‍ജിതം കാണിച്ചിരുന്നില്ല.
ഇതിനാലാണ് ഉന്നതങ്ങളില്‍ പരാതി നല്‍കിയത്. തങ്ങളുടെ കുടുംബത്തിനുണ്ടായ നഷ്ടം ഇനിയൊരു കുടുംബത്തിനും ഉണ്ടാകരുത്.
അതിനാല്‍ തന്നെ മാതൃകാപരമായ ശിക്ഷ തന്നെ പ്രതിക്ക് നല്‍കണം എന്നും വിജയസേനന്‍ പറയുന്നു.
ഉത്ര കൊലക്കേസില്‍ ഈ മാസം 11 നാണ് കോടതി വിധി പ്രസ്ഥാവിക്കുന്നത്. 2020 മേയ് ഏഴിനാണ് ഉത്രയെ സൂരജ് മൂര്‍ഖന്‍ പാമ്പിനെ ഉപയോഗിച്ച് കൊലപ്പെടുത്തിയത്.
തുടര്‍ന്ന് മരണം പാമ്പ് കടിയേറ്റു എന്ന് വരുത്തി തീര്‍ക്കാനുള്ള ശ്രമം ബന്ധുക്കളുടെ പരാതിയില്‍ പൊളിയുകയായിരുന്നു.
അന്നത്തെ കൊല്ലം റൂറല്‍ പോലീസ് മേധാവി ഹരിശങ്കറിന്റെ നേതൃത്വത്തില്‍ റൂറല്‍ ക്രൈംബ്രാഞ്ച് ഡിവൈഎസ്പി ഉള്‍പ്പെടുന്ന സംഘമാണ് കേസന്വേഷിച്ചത്.