സ്വന്തം ലേഖകൻ
തൃശൂർ: നാടും നഗരവും ഉത്രാടപ്പാച്ചിലിലേക്ക് നീങ്ങുന്നു. ഈ പകൽ ഇരുട്ടി വെളുത്താൽ പിന്നെ ഉത്രാടമാണ്. തിരുവോണത്തലേന്ന് !!ഓണ ഒരുക്കങ്ങൾ ചിങ്ങം പിറക്കുന്പോഴേ തുടങ്ങുമെങ്കിലും അതിന്റെ ക്ലൈമാക്സ് അല്ലെങ്കിൽ തൃശൂർ ഭാഷയിൽ പറഞ്ഞാൽ കൂട്ടപ്പൊരിച്ചിൽ ഉത്രാടത്തിന്റന്നാണ്. അത്തം മുതൽ കനത്തുതിമർത്തു പെയ്ത മഴ വിട്ടൊഴിഞ്ഞു നിൽക്കുന്നതിനാൽ ആളുകളെല്ലാം ഉത്രാടപ്പാച്ചിലിന് മുന്പേ ഇന്ന് പുറത്തിറങ്ങിക്കഴിഞ്ഞു.
ഉത്രാടനാളായ നാളെ മഴയാണെങ്കിൽ ഒരുക്കുകൂട്ടങ്ങൾക്ക് പൊലിമ കുറയുമെന്ന ആശങ്കയാൽ ഇന്ന് ഉത്രാടപ്പാച്ചിലിന്റെ സാന്പിളാണ് നഗരത്തിലും നാട്ടിൻപുറങ്ങളിലും കാണുന്നത്.വൻതിരക്കാണ് കടകളിലും വഴിയോര വാണിഭകേന്ദ്രങ്ങളിലുമെല്ലാം അനുഭവപ്പെടുന്നത്.തുണിക്കടകളിലെല്ലാം ഓണക്കോടിയെടുക്കാനുള്ള വൻതിരക്കുണ്ട്.ഓണസദ്യയൊരുക്കാനുളള പച്ചക്കറികൾ വാങ്ങാൻ ശക്തൻ മാർക്കറ്റിലടക്കം രാവിലെ മുതൽ ആളുകളെത്തുന്നുണ്ട്.
സൂപ്പർമാർക്കറ്റുകളിലും ഷോപ്പിംഗ് മാളുകളിലും ഓണത്തിരക്കേറെയാണ്.പായസമേളകളും റെഡിമെയ്ഡ് സദ്യകളും എല്ലായിടത്തും തുടങ്ങിക്കഴിഞ്ഞു.തൂശനിലയ്ക്കാണ് ഡിമാന്റ് കൂടുതൽ. പച്ചക്കറിയുടേയും പഴം കായ എന്നിവയുടെയും വില കൂടിയിടിട്ടുണ്ടെങ്കിലും ആവശ്യക്കാരേറെയാണ്.
കായവറുത്തതും ശർക്കരഉപ്പേരിയും വൻതോതിലാണ് വിറ്റുപോകുന്നത്.മണ്ണുകൊണ്ടും മരം കൊണ്ടും തീർത്ത തൃക്കാരപ്പന്റെ രൂപങ്ങളും കടലാസ് പൂക്കളും വിപണിയിലുണ്ട്. വഴിയോരവിപണിയിലും ഓണക്കച്ചോടം പൊടിപൊടിക്കുന്ന കാഴ്ചയാണുള്ളത്.ഓണം റിലീസ് സിനിമകൾ കാണാൻ തീയറ്ററുകൾക്ക് മുന്നിലും തിരക്കേറെ.ഉത്രാടത്തിന് ഇനി മണിക്കൂറുകൾ മാത്രം ബാക്കിനിൽക്കേ നാടാകെ ഉത്രാടപ്പാച്ചിലിലേക്കുള്ള ഉത്സാഹക്കുതിപ്പിലാണ്.
കീശ കീറാതെ പച്ചക്കറി ഓണം
ഓണമെത്തിയതോടെ പച്ചക്കറികൾക്ക് സാധാരണ വൻ വിലയുണ്ടാകാറുണ്ടെങ്കിലും ഇന്നും കാര്യമായ വിലക്കയറ്റം ഉണ്ടായിട്ടില്ല. സർക്കാരിന്റെ ഇടപെടലും തമിഴ്നാട്ടിൽ നിന്ന് ആവശ്യത്തിന് പച്ചക്കറികൾ എത്തുന്നതുമാണ് വിലക്കയറ്റം രൂക്ഷണാകാതിരിക്കാൻ കാരണം.
എന്നാൽ ഉത്രാട ദിനമായ നാളെ കുറച്ചുകൂടി വില കൂടിയേക്കാമെന്ന് കച്ചവടക്കാർ പറയുന്നുണ്ടെങ്കിലും ഇത്തവണത്തെ ഓണത്തിന് കീശ മുഴുവൻ കീറില്ലെന്നു തന്നെയാണ് വിശ്വാസം. പയർ കിലോ-50, വെണ്ടയ്ക്ക-50, ബീൻസ്-80, അമര-40, തക്കാളി-25, കൈയ്പ്പക്ക-40, ചേന-30, ഉള്ളി-50, സബോള-35, ഉരുളക്കിഴങ്ങ്-25 എന്നിങ്ങനെയാണ് ഇന്നത്തെ വില.
സർക്കാരിന്റെ ഹോർട്ടികോർപ് വിപണിയിൽ ഇതിലും വിലക്കുറവിലാണ് സാധനങ്ങൾ വിൽപന നടത്തുന്നത്. ഇവിടെയും പച്ചക്കറികൾ നേരത്തെ തന്നെ ശേഖരിച്ചു വച്ചിരുന്നു.