കോട്ടയം: നാളെ തിരുവോണത്തെ വരവേല്ക്കാന് നാട്ടിലും നഗരത്തിലും ഇന്ന് ഉത്രാടപ്പാച്ചില്.എന്തൊക്കെ വാങ്ങിയാലും എത്രത്തോളം വാങ്ങിയാലും വേണ്ടുവോളം ആയോ എന്ന വെപ്രാളപ്പാച്ചിലിലാണ് മലയാളികള്. സദ്യവട്ടങ്ങള്ക്കുള്ള വക മാത്രം പോരാ പൊന്നും പൂവും ഉടയാടയുമാക്കെ വാങ്ങണം.
കടകമ്പോളങ്ങളില് ആണ്ടുവട്ടത്തെ ഏറ്റവും പകല്ത്തിരക്ക് ഇന്നാണ്. വാഹനത്തിരക്കില് നഗരങ്ങള് മൈലുകളോളം വീര്പ്പുമുട്ടും. വീട്ടുകാരെയെല്ലാം ഒന്നിച്ചുകാണാനും പറയാനും കേള്ക്കാനും പറ്റുന്നത് ഓണത്തിനു മാത്രമാണല്ലോ.
ഇന്നലത്തെ വിലയൊന്നുമല്ല, പഴം, പച്ചക്കറി എല്ലാറ്റിനും ഇന്നു തോന്നുംപടിയാണ് വില. വില നോക്കാതെ വാങ്ങാന് രണ്ടു കൈയും നീട്ടിയാലേ തിരുവോണം കേമമാകൂ. ഏത്തക്കായ്ക്കും വാഴപ്പഴത്തിനും ചേമ്പിനും ഇഞ്ചിക്കും ചേനയ്ക്കും മാങ്ങയ്ക്കും ഇക്കൊല്ലം തീവിലയാണ്. അച്ചാറും തോരനും സാമ്പാറും അവിയലും പച്ചടി കിച്ചയും പപ്പടകവും ഉപ്പേരിയും പായസുമില്ലാതെ എന്ത് ഓണസദ്യ.
പാല് മാത്രമല്ല പുളിശേരിക്കുള്ള മോരും ഇന്നേ കരുതിവയ്ക്കണം. ഉടയാടകൾക്കൊപ്പം ഓഫറുകളുടെ മായാപ്രപഞ്ചത്തില് ഇലക്ട്രോണിക് സാമഗ്രികളും പാത്രങ്ങളും മറ്റും വാങ്ങാനും ഇന്നു തിരക്കോടു തിരക്കായിരിക്കും.
സാധനങ്ങളൊക്കെ അടുക്കളയിലെത്തിച്ചാലും തൃപ്തി പോരാ. തിരുവോണത്തിനു വേണ്ടതൊക്കെ അരിഞ്ഞും കഴുകിയും പെറുക്കിയുമൊക്കെ ഒരുക്കിവയ്ക്കണം. നാളെ പുലര്ച്ചെ ഉണര്ന്നാലേ ഉച്ചയ്ക്കു മുന്പ് എല്ലാം പാകമാകൂ.
കാറ്ററിംഗ് സംഘങ്ങൾക്കുംഹോട്ടലുകാര്ക്കും തിരക്കോടു തിരക്കാണ്
കോട്ടയം: സദ്യ വീട്ടിലൊരുക്കി കഷ്ടപ്പെടാതിരിക്കാനായി ഇത്തവണ സദ്യ ഓര്ഡറുകള് കൂടിയിരിക്കുകയാണ്. കാറ്ററിംഗ് സംഘങ്ങൾക്കും ഹോട്ടലുകാര്ക്കും തിരക്കോടു തിരക്കാണ്. തിരുവോണദിവസം പുലര്ച്ചെ മുതല് ഓര്ഡറുകളനുസരിച്ചുള്ള സദ്യകള് നല്കുന്നതിനുള്ള തയാറെടുപ്പിലാണ്.
മുന് വര്ഷത്തെ അപേക്ഷിച്ച് സദ്യക്ക് 100-150 രൂപയുടെ വര്ധനവാണ്. അരിക്കും പലവ്യഞ്ജനങ്ങള്ക്കും പച്ചക്കറികള്ക്കുമെല്ലാം വില വര്ധിച്ചതോടെ കുറഞ്ഞ ഓണസദ്യയ്ക്ക് 250 രൂപ നല്കണം. ഇലയും ചോറും കറികളും പായസവും ഉള്പ്പെട കുറഞ്ഞത് 25 കൂട്ടം വിഭവങ്ങളാണ് സദ്യക്കുള്ളത്.
ഓഫീസുകളും കോളജുകളിലും സ്കൂളുകളിലും കഴിഞ്ഞ ദിവസങ്ങളിലായിരുന്നു ഓണസദ്യ. ഇന്നും നാളെയും വലിയ തോതിലാണ് സദ്യ ഓര്ഡറുകല് എത്തിയിരിക്കുന്നത്.
വിളമ്പാനുള്ള തൂശനില മുതല് ഉപ്പേരി, പഴം, പപ്പടം, അച്ചാര്, രണ്ടുതരം പായസം, ചോറ്, ഓലന്,രസം, ഇഞ്ചിക്കറി, പച്ചടി, സാമ്പാര്, അവിയല്, പരിപ്പുകറി, എരിശേരി, കാളന്, കിച്ചടി, തോരന് ഉള്പ്പെടെയാണ് സദ്യയ്ക്കുള്ളത്. വിഭവങ്ങളുടെ എണ്ണവും പായസത്തിന്റെ എണ്ണവും കൂടുന്നതനുസരിച്ച് 1,000 രൂപയ്ക്കടുത്തു വരെയുള്ള ഓണസദ്യ വന്കിട ഹോട്ടലുകള് ഒരുക്കിയിട്ടുണ്ട്.
ജില്ലയിലെ പ്രധാന നഗരങ്ങളിലെ ഹോട്ടലുകളില് തിരുവോണ ദിവസം വരെ ഓണസദ്യ ക്രമീരിച്ചിട്ടുണ്ട്. ഹോട്ടലുകളുടെയും കേറ്ററിംഗ് യൂണിറ്റുകളുടെയും നേതൃത്വത്തില് പായസമേളയുമുമുണ്ട്. പാലട, അടപ്രഥമന്, പരിപ്പ്, പഴം, കടല, ഗോതമ്പ് പായസങ്ങള്ക്ക് ലിറ്ററിന് 250-350 രൂപ വരെയാണ് വില.
സിനിമയ്ക്കും തിരക്കേറി
ഹേമ കമ്മിറ്റി റിപ്പോർട്ടിനെത്തുടർന്നുള്ള പ്രതിസന്ധി ഉണ്ടെങ്കിലും ഓണം റിലീസ് സിനിമകൾ എത്തിയതിനാൽ തിയറ്ററുകളിലേക്ക് പ്രേക്ഷകരുടെ ഒഴുക്കും വർധിച്ചു. എന്നാൽ മുൻനിര നടൻമാരുടെ ചിത്രങ്ങളുടെ റിലീസ് ഈ ഓണക്കാലത്ത് ഇല്ലാത്തതിൽ സിനിമാ പ്രേമികൾ നിരാശയിലാണ്.ഓണാവധിക്കാലമായതോടെ ജില്ലയിലെ വിനോദസഞ്ചാര മേഖലയും ഏറെ പ്രതീക്ഷയിലാണ്.
നിർദേശവുമായി ട്രാഫിക് പോലീസും
ഓണത്തോടനുബന്ധിച്ച് തിരക്ക് വർധിക്കാനുള്ള സാധ്യത കണക്കിലെടുത്ത് റോഡ് നിയമങ്ങൾ പാലിക്കണമെന്ന് ട്രാഫിക് പോലീസ്. കഴിയുന്നതും പാർക്കിംഗ് ഏരിയകളിൽ തന്നെ വാഹനം പാർക്ക് ചെയ്യാൻ ശ്രമിക്കുക. റോഡിന്റെ വശങ്ങളിൽ അലക്ഷ്യമായി വാഹനം പാർക്ക് ചെയ്തു പോകരുത്.
ഗതാഗതക്കുരുക്കിൽപ്പെട്ടു കിടക്കുന്ന വാഹനങ്ങളെ മറികടക്കാൻ ശ്രമിക്കരുത്. മുന്നിലുള്ള വാഹനം നീങ്ങുന്നതുവരെ ക്ഷമയോടെ കാത്തിരിക്കുക.ട്രാഫിക് ബ്ലോക്കിലും മറ്റും അനാവശ്യമായി ഹോണ് മുഴക്കി മറ്റു യാത്രക്കാർക്ക് ബുദ്ധിമുട്ട് സൃഷ്ടിക്കരുത്. ട്രാഫിക് പോലീസ് ഉദ്യോഗസ്ഥർ നൽകുന്ന നിർദേശങ്ങൾ പാലിക്കുക. ഇടതുവശത്തു കൂടിയുള്ള ഓവർടേക്കിംഗ് ഒഴിവാക്കുക.
ട്രാഫിക് ബ്ലോക്കിൽ മുന്നിലുള്ള വാഹനവുമായി ഒരു സുരക്ഷിത അകലം പാലിക്കാൻ ശ്രദ്ധിക്കുക. വ്യാപാര സ്ഥാപനങ്ങളുടെ പാർക്കിംഗ് ഏരിയയിൽനിന്നു വാഹനവുമായി റോഡിലേക്കു പ്രവേശിക്കുന്പോൾ ഏറെ ശ്രദ്ധിക്കുക. മത്സരബുദ്ധിയോടെ വാഹനമോടിക്കരുത്. വേഗം കുറച്ചു ഓടിക്കുക.
വാഹനം നിർത്തുന്നതിനും തിരിക്കുന്നതിനും മുന്പ് കൃത്യമായ സിഗ്നൽ നൽകുക. സീബ്രാലൈനുകൾ ഇല്ലാത്ത ഭാഗങ്ങളിലും കാൽനടക്കാർ റോഡ് കുറുകേ കടക്കാൻ സാധ്യതയുള്ളതിനാൽ ശ്രദ്ധ ചെലുത്തണമെന്നും പോലീസ് പറയുന്നു.