കൊല്ലം: അഞ്ചലിൽ ഉത്ര എന്ന യുവതിയെ പാന്പിനെകൊണ്ട് കടിപ്പിച്ചു കൊന്ന കേസുമായി ബന്ധപ്പെട്ട് കൂടുതൽ വെളിപ്പെടുത്തലുകൾ.
ഉത്രയെ കൊലപ്പെടുത്താൻ ദിവസങ്ങളോളം പാന്പിനെ അടൂരിലെ വീട്ടിൽ സൂക്ഷിച്ചിരുന്നതായാണ് അന്വേഷണസംഘത്തിന് ലഭിച്ചവിവരം. പാന്പിനെ പലതവണ കണ്ടുവെന്ന സുരേന്ദ്രന്റെ മൊഴി ഇക്കാര്യം ശരിവയ്ക്കുന്നതാണ്.
മാർച്ച് രണ്ടിനാണ് ഉത്രയ്ക്ക് ആദ്യമായി പാന്പുകടിയേറ്റത്. ഇതിന് ദിവസങ്ങൾക്ക് മുന്പുതന്നെ വീട്ടിൽ അണലിയെ എത്തിച്ചിരുന്നു. പലതവണ ഉത്രയെ പാന്പിനെ ഉപയോഗിച്ച് കൊലപ്പെടുത്താൻ ശ്രമിച്ചെങ്കിലും വിജയിച്ചില്ല.
ഉത്ര പാന്പിനെ കണ്ട് നിലവിളിച്ചപ്പോൾ യാതൊരു ഭാവവ്യത്യാസവുമില്ലാതെ ഭർ്തതാവ് സൂരജ് പാന്പിനെയെടുത്ത് ചാക്കിലാക്കി സൂക്ഷിക്കുകയായിരുന്നു.
മൂർഖൻ പാന്പിനെ ദിവസങ്ങളോളം പട്ടിണിക്കിട്ടശേഷം കടിപ്പിക്കുകയായിരുന്നുവെന്നാണ് അന്വേഷണസംഘത്തിന് ലഭിച്ചവിവരം. തുറന്നവിട്ടപാടെതന്നെ ഉത്രയെ കടിച്ചതായും തനിക്കുനേരെ ചീറിയടുത്തതായുമുള്ള വിവരവും വിശദമായ ചോദ്യം ചെയ്യലിൽ സൂരജ് വെളിപ്പെടുത്തിയിട്ടുണ്ട്.
അതേസമയം ഭർത്താവ് സൂരജിന്റെ പിതാവ് സുരേന്ദ്രനെ ഇന്ന് അടൂരിലെ വീട്ടിൽ എത്തിച്ച് തെളിവെടുപ്പ് നടത്തിയേക്കും.നൂറ് പവനോളം സ്വർണത്തിന്റെ കണക്ക് ലഭിക്കാനുണ്ട്. 38 പവൻ മാത്രമാണ് കുഴിച്ചിട്ടനിലയിൽ കണ്ടെത്തിയത്.
ബാക്കി സ്വർണത്തിന്റെ വിവരങ്ങൾ ശേഖരിക്കുന്നതോടൊപ്പം അടൂരിലുള്ള ബാങ്കിലെ ലോക്കർ പരിശോധിക്കും. സ്വർണം പണയം വച്ചതായുള്ള രേഖകളും കണ്ടെത്തേണ്ടതുണ്ട്.
കുഴിച്ചിട്ടിരുന്ന സ്വർണങ്ങൾ കണ്ടെടുത്തത് ഉത്രയുടെ മാതാവ് ഇന്നലെ ക്രൈംബ്രാഞ്ച് ഓഫീസിലെത്തി തിരിച്ചറിഞ്ഞു. ഉത്രയുടെ താലിമാല ഉൾപ്പടെയുള്ള സ്വർണാഭരണങ്ങളാണ് ഉണ്ടായിരുന്നത്.
സൂരജിന്റെ അമ്മ രേണുകയേയും സഹോദരി സൂര്യയേയും ഇന്നലെ ഏറെ നേരം ക്രൈംബ്രാഞ്ച് ആസ്ഥാനത്ത് ചോദ്യം ചെയ്തിരുന്നു. ഉത്രയുടെ സ്വർണം കുഴിച്ചിട്ടതായ വിവരം സുരേന്ദ്രൻ പറഞ്ഞതും സംഭവസ്ഥലം കാണിച്ചുകൊടുത്തതും രേണുക സമ്മതിച്ചിരുന്നു.
ഉത്രയെ ആദ്യം കടിപ്പിക്കാനായി കൊണ്ടുവന്ന അണലിയെ സൂരജ് ഒളിപ്പിച്ചുവച്ച വിവരവും അറിയാമായിരുന്നുവെന്ന് ചോദ്യം ചെയ്യലിൽ രേണുക പറഞ്ഞിരുന്നു.
അതേസമയം ഗാർഹിക പീഡനം, ഗൂഢആലോചന, തെളിവ് നശിപ്പിക്കൽ തുടങ്ങിയ വകുപ്പുകളാണ് സുരേന്ദ്രനെതിരെ ചുമത്തിയിട്ടുള്ളത്. ഇയാളെ കേസിലെ രണ്ടാം പ്രതിയാക്കാനാണ് സാധ്യത.