കൊല്ലം: അഞ്ചല്‍ ഏറം സ്വദേശിനി ഉത്ര മൂർഖൻ പാമ്പിന്റെ കടിയേറ്റു മരിച്ച കേസില്‍ ഭർത്താവ് സൂരജിന്റെ പിതാവ് സുരേന്ദ്രൻ അറസ്റ്റിൽ. മണിക്കൂറുകൾ നീണ്ട ചോദ്യം ചെയ്യലിനൊടുവിലാണ് സുരേന്ദ്രനെ അന്വേഷണ സംഘം അറസ്റ്റു ചെയ്തത്. അച്ഛന് എല്ലാം അറിയാമെന്ന് സൂരജ് മൊഴി നൽകിയിരുന്നു.
മരിച്ച ഉത്രയുടെ സ്വർണാഭരണങ്ങള്‍ സൂരജിന്റെ വീട്ടിൽ കുഴിച്ചിട്ട നിലയിൽ ഇന്ന് കണ്ടെത്തിയിരുന്നു. സൂരജിന്റെ അച്ഛന് സുരേന്ദ്രനാണ് സ്വർണം കുഴിച്ചിട്ട സ്ഥലം ക്രൈംബ്രാഞ്ച് പരിശോധനാ സംഘത്തിന് കാണിച്ചുകൊടുത്തത്. ഇതേത്തുടർന്നു ക്രൈംബ്രാഞ്ച് സംഘം സുരേന്ദ്രനെ ചോദ്യം ചെയ്യുകയായിരുന്നു.
മുപ്പത്തി ഏഴര പവൻ സൂരജിന്റെ വീട്ടിൽ നിന്ന് കണ്ടെത്തിയത്. വീടിന്റെ സമീപത്തെ രണ്ട് സ്ഥലങ്ങളിലായാണ് സ്വർണം കുഴിച്ചിട്ടിരുന്നത്. കൊലപാതകത്തിന് മുൻപ് ലോക്കറിൽ നിന്നെടുത്ത സ്വർണമാണ് ഇന്ന് കണ്ടെടുത്തതെന്നാണ് സൂചന.