
അഞ്ചൽ: കൊല്ലം അഞ്ചലിൽ യുവതി രണ്ടു തവണ പാമ്പ് കടിയേറ്റു മരിച്ച സംഭവത്തിൽ ഭർത്താവിനെ ജില്ലാ ക്രൈംബ്രാഞ്ച് സംഘം ചോദ്യം ചെയ്യും.
ഉത്രയുടെ ഭർത്താവ് സൂരജിനെ ഡിവൈഎസ്പി അശോക് കുമാറിന്റെ നേതൃത്വത്തിലുള്ള സംഘമാണ് ചോദ്യം ചെയ്യുക. ഡിവൈഎസ്പിയുടെ നേതൃത്വത്തിലുള്ള സംഘം മരിച്ച ഉത്രയുടെ വീട്ടില്‍ നിന്നു ശനിയാഴ്ച തെളിവുകള്‍ ശേഖരിച്ചിരുന്നു.
അഞ്ചല്‍ ഏറം സ്വദേശിയായ ഉത്രയെ മേയ് ഏഴിനാണ് കിടപ്പു മുറിയിൽ പാമ്പു കടിയേറ്റു മരിച്ച നിലയിൽ കണ്ടെത്തിയത്. ശീതീകരിച്ച മുറിയുടെ ജനാലയും കതകും അടച്ചിരുന്നിട്ടും പാമ്പ് എങ്ങനെ അകത്തു കയറി എന്നാണ് വീട്ടുകാരുടെ സംശയം. മാത്രമല്ല മാര്‍ച്ച് മാസത്തില്‍ ഉത്രയക്ക് ഭര്‍ത്താവ് സൂരജിന്റെ അടൂര്‍ പറക്കോട്ടെ വീട്ടില്‍വെച്ചും പാമ്പ് കടിയേറ്റിരുന്നു.
യുവതിക്ക് തുടര്‍ച്ചയായി രണ്ടു തവണ പാമ്പ് കടിയേറ്റതിന് പിന്നില്‍ ഭര്‍ത്താവാണെന്ന് ആരോപിച്ച് രക്ഷിതാക്കള്‍ കൊല്ലം റൂറല്‍ എസ്പിക്ക് പരാതി നൽകുകയായിരുന്നു. ഇതേത്തുടർന്നു റൂറല്‍ എസ്പി അന്വേഷിച്ച് വിശദമായ റിപ്പോര്‍ട്ട് നല്കാന് എസ്പി ജില്ലാ ക്രൈംബ്രാഞ്ചിനെ ചുമതലപ്പെടുത്തിയിരുന്നു.
അതേസമയം, മരണത്തില്‍ വീട്ടുകാരുടെ പങ്കിനെക്കുറിച്ച് അന്വേഷിക്കണമെന്ന് ആവശ്യപ്പെട്ട് സൂരജും പരാതി നല്‍കിയിട്ടുണ്ട്.